പശ്ചിമേഷ്യയില്‍ സമാധാനത്തിന് പുതിയ പ്രതീക്ഷ; യു.എസ്-ഇറാന്‍ സമാധാന ധാരണയെ സ്വാഗതം ചെയ്ത് സുല്‍ത്താന്‍ ഹൈതം
മസ്‌കത്ത്: അമേരിക്കയും ഇറാനും തമ്മില്‍ അടുത്തിടെ രൂപം കൊണ്ട സമാധാന ധാരണയെ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈദം ബിന്‍ താരീഖ് സ്വാഗതം ചെയ്തു. മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കാനും പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനും ഈ ധാരണ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ചേര്‍ന്ന ഒമാന്‍ മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ടാണ് സുല്‍ത്താന്‍ ഹൈതം രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
സമീപ മാസങ്ങളായി പശ്ചിമേഷ്യയില്‍ നിലനിന്നിരുന്ന സുരക്ഷാ ആശങ്കകളും സൈനിക സംഘര്‍ഷ സാധ്യതകളും ലോക സമൂഹത്തെ ആശങ്കപ്പെടുത്തുന്നതിനിടെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണ രൂപം കൊണ്ടത്. മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് ഇത് പുതിയ പ്രതീക്ഷ നല്‍കുന്നതായി മന്ത്രിസഭ വിലയിരുത്തി. സംഘര്‍ഷം രൂക്ഷമാകുന്നത് തടയാന്‍ പ്രാദേശിക രാജ്യങ്ങളും അന്തര്‍ദേശീയ സമൂഹവും നടത്തിയ നയതന്ത്ര ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഹിച്ച പങ്കിനെയും മന്ത്രിസഭ പ്രത്യേകം പ്രശംസിച്ചു. പ്രത്യേകിച്ച് സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാകാതിരിക്കാന്‍ നടത്തിയ സംയുക്ത നീക്കങ്ങള്‍ ഫലപ്രദമായിരുന്നുവെന്നാണ് വിലയിരുത്തല്‍. സമാധാനപരമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ സംഭാഷണവും നയതന്ത്ര ചര്‍ച്ചകളും മാത്രമാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലപാടും യോഗം ആവര്‍ത്തിച്ചു.
ഒമാന്റെ വിദേശനയത്തിന്റെ അടിസ്ഥാന തത്വങ്ങളായ നിഷ്പക്ഷത, പരസ്പര ബഹുമാനം, സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവ സുല്‍ത്താന്‍ ഹൈതം വീണ്ടും ഊന്നിപ്പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സംഭാഷണത്തിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹരിക്കേണ്ടതാണെന്നും അതാണ് ദീര്‍ഘകാല സ്ഥിരതയ്ക്കുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തിന്റെ അതിര്‍ത്തികളും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതില്‍ ഒമാന്‍ സായുധസേനയും സുരക്ഷാ വിഭാഗങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങളെയും സുല്‍ത്താന്‍ അഭിനന്ദിച്ചു. ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാണെന്നും ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വ്യാപാരത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷയും യോഗത്തില്‍ ചര്‍ച്ചയായി. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം തടസപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നതിനാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സുല്‍ത്താന്‍ ചൂണ്ടിക്കാട്ടി.
പ്രാദേശിക പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യമായി ഒമാന്‍ ഏറെക്കാലമായി അന്തര്‍ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള വിവിധ ചര്‍ച്ചകള്‍ക്ക് മുമ്പും വേദിയായിട്ടുള്ള ഒമാന്‍, സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ വിശ്വസനീയമായ ഇടനിലക്കാരനെന്ന നിലയില്‍ തന്റെ പങ്ക് തുടരാന്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രിസഭ യോഗം വ്യക്തമാക്കി.
അമേരിക്ക-ഇറാന്‍ ധാരണയ്ക്ക് പിന്നാലെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. സമാധാനം, സംവാദം, സഹകരണം എന്നീ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമീപനം തുടര്‍ന്നും സ്വീകരിക്കുമെന്നും മേഖലയിലെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഒമാന്‍ പിന്തുണ നല്‍കുമെന്നും സുല്‍ത്താന്‍ ഹൈതം വ്യക്തമാക്കി.
Oman’s Sultan Haitham bin Tarik has welcomed the US-Iran peace deal, highlighting its importance for regional stability, security, and diplomatic dialogue across the Middle East.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."