റേഷൻ വിതരണത്തിലെ ക്രമക്കേട്; റേഷന്‍ കടകളിലും സപ്ലൈകോ ഗോഡൗണുകളിലും വിജിലന്‍സിന്റെ മിന്നല്‍പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണ സംവിധാനത്തിലെ വ്യാപകമായ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനായി 'ഓപറേഷന്‍ ഭക്ഷ്യ സുരക്ഷ'എന്ന പേരില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന. അഴിമതി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായാണ് അടിയന്തര നടപടി.
ഇന്നലെ രാവിലെ 10.30 മുതല്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 14 എന്‍.എഫ്.എസ്.എ ഗോഡൗണുകളിലും 54 റേഷന്‍ കടകളിലും ഒരേസമയമാണ് റെയ്ഡ് ആരംഭിച്ചത്. പൊതുവിതരണ സംവിധാനത്തിലൂടെ സാധാരണക്കാര്‍ക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളുടെ സ്‌റ്റോക്കില്‍ കൃത്രിമം വരുത്തി കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍, ഗോഡൗണ്‍ ജീവനക്കാര്‍, കരാറുകാര്‍ എന്നിവരുടെ ഒത്താശയോടെയാണ് റേഷന്‍ കട ലൈസന്‍സികള്‍ ഭക്ഷ്യധാന്യങ്ങള്‍ അനധികൃതമായി കടത്തുന്നത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട റേഷന്‍ വിഹിതം വ്യാജ ബില്ലിങ് വഴിയും, ഒ.ടി.പി ദുരുപയോഗം ചെയ്തും തട്ടിയെടുക്കുന്നതായും വിജിലന്‍സിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
എന്‍.എഫ്.എസ്.എ ഗോഡൗണുകളിലെ ഔദ്യോഗിക രേഖകളില്‍ കാണിക്കുന്ന സ്റ്റോക്കും അവിടെയുള്ള യഥാര്‍ഥ സ്റ്റോക്കും തമ്മില്‍ വലിയ വ്യത്യാസമാണെന്ന് കണ്ടെത്തി. പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളില്‍ എത്തുന്നതിന് മുമ്പ് ഗോഡൗണുകളില്‍ നിന്ന് തന്നെ നേരിട്ട് കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായും വിജിലൻസിന് സൂചന ലഭിച്ചു.
റേഷന്‍ വിതരണത്തിലെ സുതാര്യത ഉറപ്പാക്കാനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനുമുള്ള തയാറെടുപ്പിലാണ് വിജിലന്‍സ്. സംസ്ഥാനവ്യാപകമായി തുടരുന്ന മിന്നല്‍ പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്ത് സമര്‍പ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സപ്ലൈകോ എന്‍.എഫ്.എസ്.എ ഗോഡൗണുകള്‍, സിവില്‍ സപ്ലൈസ് വകുപ്പിന് കീഴിലുള്ള റേഷന്‍ കടകള്‍ എന്നിവ കേന്ദ്രീകരിച്ച് ഗുരുതരമായ അഴിമതികള്‍ നടക്കുന്നതായി വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."