ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഷിഗെല്ല ബാധിച്ചത് എട്ടുപേര്‍ക്ക്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. നാലും ഒന്‍പതും വയസുള്ള കുട്ടികള്‍ക്കാണ് രോഗബാധ. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം രോഗം ബാധിച്ചവരുടെ എണ്ണം 155 ആയി.
ഇടുക്കിയിലും ഷിഗെല്ല ബാധിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. കുട്ടികളുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒരു കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലും, മറ്റൊരു കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
അതേസമയം സംസ്ഥാനത്ത് പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി ഹൈപവർ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഡോ. എസ്.എസ്. ലാൽ ചെയർമാനായും പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് കോർഡിനേറ്ററായും ഡോ. ശ്രീജിത്ത് എൻ. കുമാർ കൺവീനറായുമാണ് കമ്മിറ്റി പ്രവർത്തിക്കുക.
സർക്കാർസ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടർമാർ, ആയുഷ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയിലെ വിദഗ്ധർ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. ആരോഗ്യരംഗത്തെ വെല്ലുവിളികൾ നേരിടാൻ എല്ലാ മേഖലകളുടെയും സഹകരണം ആവശ്യമാണ്. ഇതിനെ സ്വകാര്യവത്കരണമായി കാണേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. പകർച്ചപ്പനികൾ നിയന്ത്രിക്കുന്നതിനായി പ്രത്യേക കലണ്ടർ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ സീസണിലും ഉണ്ടാകാനിടയുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ ആവിഷ്‌കരിക്കും. ഒരു പോസിറ്റീവ് കേസ് പോലും ഉണ്ടാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ജാഗ്രതാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യം, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. മരുന്നുകളുടെ ലഭ്യതയും സംഭരണവും നിരന്തരം നിരീക്ഷിക്കും. ജില്ലാതലത്തിൽ ഔട്ട്‌ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റുകളും ആക്ഷൻ കമ്മിറ്റികളും രൂപീകരിക്കും. റാപ്പിഡ് റെസ്‌പോൺസ് ടീമുകളുടെ സേവനവും ലഭ്യമാക്കും. പഞ്ചായത്ത് തലത്തിൽ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."