ട്രംപാണ്, എന്തും സംഭവിക്കാം! ചർച്ചാസംഘത്തിന്റെ സന്ദേശങ്ങൾ രൂപപ്പെടുത്താൻ ഇറാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി
തെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പെരുമാറ്റവും സംസാരവുമൊന്നും ആർക്കും പ്രവചിക്കാൻ പറ്റില്ല. അതുകൊണ്ടുതന്നെ പശ്ചിമേഷ്യയിലെ സമാധാന കരാർ സംബന്ധിച്ച അവസാനഘട്ട ചർച്ചകളിൽ ട്രംപിന്റെ അപ്രവചനീയ പെരുമാറ്റങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇറാൻ ഒരു വഴി കണ്ടെത്തി. ട്രംപിന്റെ മാനസികാവസ്ഥ വിലയിരുത്തുന്നതിനും മധ്യസ്ഥർ വഴി അദ്ദേഹത്തിന് കൈമാറുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനും ഇറാൻ ചർച്ചാസംഘം മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി.
"പ്രസിഡന്റ് ട്രംപിനായുള്ള സന്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനായി ഞങ്ങൾ രണ്ട് മുതിർന്ന മനഃശാസ്ത്രജ്ഞരെ ചർച്ചകളുടെ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സൈക്കോപതിക് പെരുമാറ്റരീതിയെ കൈകാര്യം ചെയ്യുന്ന കോണിലൂടെയാണ് ഞങ്ങൾ അതിനെ കണ്ടത്"- മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് 'ഡ്രോപ്പ് സൈറ്റ്'റിപ്പോർട്ട് ചെയ്തു. ഇരുപക്ഷവും തമ്മിൽ സാധ്യമായ ഒരു ധാരണാപത്രത്തിനായുള്ള നിർദേശങ്ങൾ പരസ്പരം കൈമാറാൻ തുടങ്ങിയതോടെ, ഏപ്രിലിൽ ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ഈ മനഃശാസ്ത്രജ്ഞർ ഇറാനിയൻ ചർച്ചാസംഘത്തെ സഹായിക്കാൻ തുടങ്ങിയത്.
"ഈ ഉപദേശകരുടെ നിർദേശങ്ങൾ ഞങ്ങളുടെ സന്ദേശങ്ങളിലും എഴുതപ്പെട്ട ആശയവിനിമയങ്ങളിലും ഉൾപ്പെടുത്താൻ തുടങ്ങിയതു മുതൽ ട്രംപിന്റെ പ്രതികരണങ്ങളിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇങ്ങനെ കൈമാറുന്ന രേഖകൾ ഒടുവിൽ ചരിത്രത്തിന്റെ ഭാഗമാകുമെന്നതിനാൽ, വരും വർഷങ്ങളിൽ ഈ ആശയവിനിമയങ്ങൾ പരസ്യമാക്കപ്പെടുകയാണെങ്കിൽ ഓരോ കക്ഷിയുടെയും ചർച്ചാ തന്ത്രങ്ങളുടെ ആപേക്ഷികമായ പ്രാധാന്യവും സൂക്ഷ്മതയും വ്യക്തമാകുന്ന രീതിയിലാണ് ഞങ്ങൾ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നത്"- പരസ്യ പ്രതികരണത്തിന് അധികാരമില്ലാത്ത ഉദ്യോഗസ്ഥൻ 'ഡ്രോപ്പ് സൈ റ്റി'നോട് പറഞ്ഞു.
ട്രംപിന്റെ ഏറ്റവും പുതിയ ആരോഗ്യപരിശോധനയുടെ ഭാഗമായി 22 മെഡിക്കൽ വിദഗ്ദ്ധർ അദ്ദേഹത്തെ പരിശോധിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. "ട്രംപ് മുമ്പ് പ്രസിഡന്റായിരുന്ന കാലത്തെ ആരോഗ്യപരിശോധനകളിൽ പങ്കെടുത്ത വിദഗ്ധരുടെ എണ്ണത്തിന്റെ ഇരട്ടിയോളമാണിത്" എന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരൊറ്റ സന്ദർശനത്തിൽ ഒരു പ്രസിഡന്റിനെ പരിശോധിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഏറ്റവും കൂടിയ മെഡിക്കൽ വിദഗ്ദ്ധരുടെ എണ്ണമാണിത് എന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."