എംബാപ്പെക്ക് പിറകെ ഹാളണ്ടിനും ഡബിൾ: ഇറാഖിനെ തകർത്ത് നോർവെ തുടങ്ങി
ബോസ്റ്റണ്‍: ഫിഫ ലോകകപ്പില്‍ ഇറാഖിനെ വീഴ്ത്തി ജയത്തുടക്കമിട്ട് നോര്‍വെ. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍തന്നെ ഇരട്ടഗോളുമായി തിളങ്ങിയ എര്‍ലിങ് ഹാളണ്ടിന്റെ മികവില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു നോര്‍വെയുടെ ജയം. ഇന്നലെ ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍നേടിയതിന്റെ തൊട്ടുപിന്നാലെയാണ് നോര്‍വെക്കായി ഹാളണ്ടും ഡബിള്‍ നേടിയത്.
ഗൂപ്പ് ഐയില്‍ നടന്ന മത്സരത്തില്‍ 29ാം മിനുട്ടില്‍തന്നെ നോര്‍വെ മുന്നിലെത്തി. ഡേവിഡ് മൊല്ലെര്‍ വോള്‍ഫെയുടെ അസിസ്റ്റില്‍നിന്ന് എര്‍ലിങ് ഹാളണ്ടാണ് നോര്‍വെക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍ അധികം വൈകാതെ ഇറാഖ് സമനില പിടിച്ചു. 39ാം മിനുട്ടില്‍ അയ്മന്‍ ഹുസൈനാണ് ഇറാഖിനെ ഒപ്പമെത്തിച്ചത്.
പക്ഷെ, സമനിലക്ക് അധികം ആയുസുണ്ടായിരുന്നില്ല. 43ാം മിനുട്ടില്‍ ഹാളണ്ട് തന്റെ രണ്ടാം ഗോളും നേടി നോര്‍വെക്ക് വീണ്ടും ലീഡ് നേടിക്കൊടുത്തു.
ഇറാഖ് ഡിഫന്‍ഡറും ഗോള്‍കീപ്പര്‍ ജലാല്‍ ഹസ്സനും തമ്മിലുണ്ടായ ധാരണപ്പിശകില്‍ പന്ത് തട്ടിയെടുക്കാനുള്ള ഹാളണ്ടിന്റെ ശ്രമമാണ് ഗോളില്‍ കലാശിച്ചത്. പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഹസന്റെ ഷോട്ട് ഹാളണ്ടിന്റെ കാലിലിടിച്ച് വലയില്‍ കയറുകയായിരുന്നു.
76ാം മിനുട്ടില്‍ ഓസ്റ്റിഗാര്‍ഡിലൂടെ നോര്‍വെയുടെ മൂന്നാം ഗോളും പിറന്നു. മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് എടുത്ത കോര്‍ണര്‍ കിക്കിന് ഉയര്‍ന്നു ചാടി ഹെഡ്ഡ് ചെയ്്താണ് ഒസ്റ്റിഗാര്‍ഡ് നോര്‍വെയുടെ ലീഡുയര്‍ത്തിയത്. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ പിറന്ന ഒരു സെല്‍ഫ് ഗോളാണ് നോര്‍വേയുടെ ഗോള്‍പട്ടിക തികച്ചത്. ഇറാഖിനായി ഗോള്‍നേടിയ അയ്മന്‍ ഹുസൈന്‍ തന്നെയാണ് അവരുടെ സെല്‍ഫ് ഗോളും അടിച്ചത്.
ലോകകപ്പിലോ യൂറോ കപ്പിലോ നോര്‍വേ ഒരു മത്സരത്തില്‍ നാല് ഗോളുകള്‍ നേടുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."