200 കോടിയുടെ തട്ടിപ്പ്- രാമക്ഷേത്ര ട്രസ്റ്റിമാർക്കെതിരെ പരാതി നൽകി മുൻ കർസേവകൻ
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടിക്കൊണ്ട് 200 കോടി രൂപയുടെ ഫണ്ട് തട്ടിപ്പ് ആരോപണവുമായി മുൻ കർസേവകൻ രംഗത്ത്. ധർമ്മസേന ഭാരത് മേധാവി മുൻ കർസേവകനുമായ സന്തോഷ് ദുബെ ആണ് ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾക്കെതിരെ 200 കോടി രൂപയുടെ ഫണ്ട് തട്ടിപ്പ് ആരോപിച്ച് യു.പി പോലീസിൽ പരാതി നൽകിയതെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്യുന്നു.
ബാബറി മസ്ജിദ് തകർത്ത കേസിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിക്കൊപ്പം പ്രധാന പ്രതിയാക്കപ്പെട്ട ആളാണ് സന്തോഷ് ദുബെ. ഭക്തർ സ്വർണ്ണവും വെള്ളിയും അടക്കമുള്ള വഴിപാടുകളായി പ്രതിദിനം ഒരു കോടി രൂപ വരെ ക്ഷേത്രത്തിൽ നൽകുന്നുണ്ടെന്നാണ് ദുബെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. താൻ ദർശനത്തിനായി റാം ജന്മഭൂമി ക്ഷേത്രം സന്ദർശിക്കാറുണ്ടെന്നും ഭക്തർ സ്വർണ്ണ, വെള്ളി ആഭരണങ്ങളും നാണയങ്ങളും പണവും സംഭാവന പെട്ടികളിൽ നിക്ഷേപിക്കുന്നത് കാണാറുണ്ടെന്നും പരാതിയിൽ പറയുന്നു. ഭക്തർ പ്രതിദിനം സംഭാവനയായി നൽകുന്നവയുടെ മൂല്യം ഒരു കോടി രൂപയിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സംഭാവനകൾ സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം റാം ജന്മഭൂമി ട്രസ്റ്റിലെ ട്രസ്റ്റിമാർക്കാണെന്നും അവർ ഈ ഭീമമായ തുക വകമാറ്റി ചെലവഴിച്ചതായുമാണ് ദുബെയുടെ പരാതി. ജനറൽ സെക്രട്ടറി ചമ്പത് റായ് ബൻസാലിന്റെയും മറ്റ് ജീവനക്കാരുടെയും പേരുകൾ പരാതിയിൽ എടുത്തു പറയുന്നുണ്ട്.
"ട്രസ്റ്റ് ഭാരവാഹികളും ജീവനക്കാരും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് സംഭാവന പെട്ടികളിൽ നിന്ന് വൻതോതിൽ പണം, സ്വർണ്ണ- വെള്ളി ആഭരണങ്ങൾ, നാണയങ്ങൾ എന്നിവ വകമാറ്റി കടത്തുന്നത്. ജനറൽ സെക്രട്ടറി ചമ്പത് റായ് ബൻസാൽ, അനിൽ മിശ്ര, ഗോപാൽ റാവു, ചമ്പത് റായ് ബൻസാലിന്റെ ഡ്രൈവർ എന്ന് പറയപ്പെടുന്ന രാംശങ്കർ യാദവ് എന്ന ടിന്നു എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന തുക 200 കോടി രൂപയിലധികം വരും"- പരാതിയിൽ പറയുന്നു. ട്രസ്റ്റ് ഭാരവാഹികൾ അക്കൗണ്ട് പുസ്തകങ്ങളിൽ വ്യാജ രേഖകൾ ഉണ്ടാക്കിയതായും കണക്കുകൾ കെട്ടിച്ചമച്ചതായും ക്ഷേത്ര ഫണ്ട് തട്ടിപ്പ് നടത്തിയതായുമാണ് ദുബെയുടെ ആരോപണം.
ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച രത്നങ്ങൾ പതിച്ച ആഭരണങ്ങളും കോടിക്കണക്കിന് രൂപയും ദുരുപയോഗം ചെയ്യുകയും വിൽക്കുകയും ചെയ്തതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാധനങ്ങളിൽ ചിലത് ചെറുകിട കള്ളന്മാരിൽ നിന്ന് വീണ്ടെടുത്തിട്ടുണ്ടെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തർപ്രദേശ് പൊലീസ് തയ്യാറാകണമെന്നും ദുബെ ആവശ്യപ്പെടുന്നു.
"ഭക്തർ സംഭാവന ചെയ്ത കോടിക്കണക്കിന് രൂപ, സ്വർണ്ണ- വെള്ളി ആഭരണങ്ങൾ, നാണയങ്ങൾ, രത്നങ്ങൾ പതിച്ച വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വീണ്ടെടുക്കുന്നതിനും, കുറ്റാരോപിതരായ വ്യക്തികളുടെ അറസ്റ്റ് ഉറപ്പാക്കുന്നതിനും ഉചിതമായ നിയമ വ്യവസ്ഥകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതും അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കേണ്ടതും നീതിയുടെയും മതത്തിന്റെയും താൽപ്പര്യത്തിന് അനിവാര്യമാണ്"- ദുബെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."