മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം
മാഡ്രിഡ്: മുൻ സ്പാനിഷ് പ്രധാനമന്ത്രി ഹൊസെ ലൂയിസ് റോഡ്രിഗസ് സാപറ്റേറോയ്‌ക്കെതിരെയുള്ള കോടികളുടെ അഴിമതിക്കേസിൽ മാഡ്രിഡിലെ പ്രത്യേക കോടതിയിൽ വിചാരണ ആരംഭിച്ചു. സാമ്പത്തിക ക്രമക്കേട്, വഴിവിട്ട സ്വാധീനം ചെലുത്തൽ എന്നീ കുറ്റങ്ങളിലാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വിചാരണ ആരംഭിച്ചിരിക്കുന്നത്. ഇതോടെ അഴിമതിക്കേസിൽ പ്രതിയായി കോടതിയിൽ ഹാജരാകേണ്ടി വരുന്ന രാജ്യത്തെ ആദ്യത്തെ മുൻ പ്രധാനമന്ത്രിയായി സാപറ്റേറോ മാറി.
2004 മുതൽ 2011 വരെ സ്പെയിൻ ഭരിച്ച സാപറ്റേറോ, കോവിഡ് പ്രതിസന്ധിക്കാലത്ത് 'പ്ലസ് അൾട്ര' എന്ന സ്വകാര്യ എയർലൈൻ കമ്പനിക്ക് വഴിവിട്ട രീതിയിൽ 53 മില്യൺ യൂറോയുടെ (ഏകദേശം 480 കോടിയിലധികം രൂപ) സർക്കാർ സഹായം ലഭ്യമാക്കാൻ ഇടപെട്ടു എന്നാണ് പ്രധാന ആരോപണം.
അന്വേഷണ ജഡ്ജിയായ ഹൊസെ ലൂയിസ് കലാമയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സാപറ്റേറോ കൈക്കൂലി വാങ്ങിയതായും രഹസ്യ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടത്തിയ റെയ്ഡിൽ 1.3 മില്യൺ യൂറോ വിലമതിക്കുന്ന ആഭരണങ്ങളും ആഡംബര വാച്ചുകളുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഇതേത്തുടർന്ന് നികുതി വെട്ടിപ്പ്, കള്ളക്കടത്ത് എന്നീ ഗുരുതര കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് സാപറ്റേറോ നിഷേധിച്ചു.
നിലവിലെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ മുഖ്യ രാഷ്ട്രീയ ഉപദേശകനാണ് സാപറ്റേറോ എന്നതുകൊണ്ടുതന്നെ ഈ കേസ് നിലവിലെ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസ്, സഹോദരൻ ഡേവിഡ് സാഞ്ചസ്, മുൻ മന്ത്രി ഹൊസെ ലൂയിസ് അബാലോസ് എന്നിവർക്കെതിരെയും നിലവിൽ സമാനമായ അഴിമതി അന്വേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്.
അന്താരാഷ്ട്രതലത്തിൽ മികച്ച പ്രതിച്ഛായയുണ്ടായിരുന്ന പ്രധാനമന്ത്രി സാഞ്ചസിന് സ്വന്തം കുടുംബാംഗങ്ങളും അടുത്ത രാഷ്ട്രീയ സുഹൃത്തുക്കളും അഴിമതി നിഴലിലായത് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
2018-ൽ അന്നത്തെ പ്രതിപക്ഷത്തിന്റെ അഴിമതികൾ ഉയർത്തിക്കാട്ടിയാണ് പെഡ്രോ സാഞ്ചസ് സ്പെയിനിൽ അധികാരത്തിലേറിയത്. എന്നാൽ ഇപ്പോൾ സ്വന്തം പാളയത്തിൽ നിന്ന് തന്നെ തുടർച്ചയായി ഉയരുന്ന അഴിമതി ആരോപണങ്ങൾ സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന രാഷ്ട്രീയ ആഘാതമായി മാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനം നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് നേരിട്ട കനത്ത പരാജയം ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അടിയന്തരമായി രാജിവെക്കണമെന്നും രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ പാർട്ടികൾ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും നിലവിലെ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന നിലപാടിലുമാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്.
Former Spanish Prime Minister José Luis Rodríguez Zapatero is facing an unprecedented corruption investigation over his alleged involvement in a €53 million ($61.5 million) government bailout of the airline Plus Ultra during the COVID-19 pandemic.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."