HOME
DETAILS

ബ്രഹ്മപുത്രയിൽ ചൈന ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കുന്നു; ഇന്ത്യക്ക് ജലബോംബാകുമോ? ┃in-depth

  
Web Desk
June 19, 2026 | 11:29 AM

china is building the worlds largest dam on brahmaputra

ടിബറ്റിൽ ചൈനയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത കേന്ദ്ര നിർമാണം അതിവേ​ഗം പുരോ​ഗമിക്കുകയാണ്. ഇന്ത്യയിൽ നിന്ന് വെറും അമ്പത് കിലോമീറ്റർ അകലെ ടിബറ്റിലെ യാർലുങ് സാങ്പോ നദിയുടെ താഴ്ന്ന ഭാ​ഗത്ത് സ്ഥിതിചെയ്യുന്ന ലിൻസി അഥവാ നൈങ്ട്രി പ്രിഫെക്ചറിനുള്ളിലെ മെഡോ​ഗ് കൗണ്ടിയിലാണ് ചൈന മെഡോ​ഗ് ജലവൈദ്യുത നിലയം അല്ലെങ്കിൽ മോട്ടുവോ ജലവൈദ്യുത നിലയം നിർമിക്കുന്നത്. ഇന്ത്യയുടെ അതിർത്തി സംസ്ഥാനമായ അരുണാചൽ പ്രദേശിന് തൊട്ടടുത്താണ് നൈങ്ട്രി പ്രിഫെക്ചർ. ചൈനയിലെ ടിബറ്റിൽ നിന്നുൽഭവിക്കുന്ന യാർലുങ് സാങ്പോ നദിയാണ് ഇന്ത്യയെയും ബം​ഗ്ലാദേശിനെയും സമ്പൽ സമൃദ്ധമാക്കി ഒഴുകി ബം​ഗാൾ ഉൾക്കടലിൽ ലയിക്കുന്ന ബ്രഹ്മപുത്ര. 
60000 മെ​ഗാവാട്ട് വൈദ്യുതി ഉൽപ്പാദനമാണ് ചൈന ഈ വൈദ്യുതി നിലയത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഇതൊരു റൺ-ഓഫ്-ദി-റിവർ പദ്ധതിയാകുമെന്നാണ് ചൈന പറയുന്നത്. വെള്ളം അമിതമായി കെട്ടിനിർത്താതെ പുഴയിലെ സ്വാഭാ​വിക ജലപ്രവാഹത്തെ നേരിട്ട് ഉപയോ​ഗപ്പെടുത്തി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പരിസ്ഥിതി സൗഹ‍ൃദ പദ്ധതിയാണ് റൺ-ഓഫ്-ദി-റിവർ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ബ്രഹ്മപുത്രയിലും അതിന്റെ പോഷക നദികളിലും ഇന്ത്യ ഇത്തരം നിരവധി പദ്ധതികൾ വിജയകരമായി നടപ്പാക്കിയിട്ടുമുണ്ട്. എന്നാൽ, നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത കേന്ദ്രമാവും ഇതെന്നാണ് ചൈന അവകാശപ്പെടുന്നത്. വൻ തോതിൽ ജലം സംഭരിക്കാനുള്ള ശേഷിയും ഇവിടെ ചൈന ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, പദ്ധതിയുടെ സമ​ഗ്രമായ പാരിസ്ഥിതിക ആഘാത വിലയിരുത്തലുകളോ വിശദമായ നടപ്പാക്കൽ പദ്ധതികളോ അവർ ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. ഇക്കാര്യങ്ങളാണ് അതിർത്തി പ്രദേശത്തെ ഇന്ത്യൻ ജനതയെ അസ്വസ്ഥതപ്പെടുത്തുന്നത്. ഇന്ത്യക്ക് തൊട്ടടുത്തായി ഇത്രയേറെ ജലം സംഭരിച്ചുവയ്ക്കാൻ ശേഷിയുള്ള അണക്കെട്ട് നിർമിക്കുന്നത് രാജ്യാതിർത്തിയിൽ ഒരു വൻ ജലബോംബിന്റെ സാന്നിധ്യമാകുമോ എന്ന ആശങ്കയാണ് പങ്കുവയ്ക്കപ്പെടുന്നത്. 
2024 ഡിസംബറിലാണ് ചൈനീസ് സർക്കാർ ഈ പദ്ധതിക്ക് അനുമതി നൽകുന്നത്. 2025 ജൂലൈ 19ന് നിർമാണം ഔദ്യോ​ഗികമായി ആരംഭിച്ചു. കഴിഞ്ഞദിവസം പുറത്തുവന്ന ഉപ​​ഗ്രഹ ചിത്രങ്ങളും ഇന്റലിജൻസ് റിപ്പോർട്ടുകളും അണക്കെട്ട് നിർമാണം വളരെ വേ​ഗത്തിൽ പുരോ​ഗമിക്കുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നത്. 
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള നിർമാണ സംരംഭമായ പവർ കൺസ്ട്രക്ഷൻ കോർപറേഷൻ ഓഫ് ചൈന (പവർ ചൈന) ആണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2033 ഓടെ പൂർത്തിയാക്കി വാണിജ്യപ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പദ്ധതി. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ പദ്ധതികളിലൊന്നായി കണക്കാക്കുന്ന ഇതിന് ഒരു ട്രില്യൺ യുവാൻ ആണ് (ഏകദേശം 137 ബില്യൺ യു.എസ് ഡോളർ) ചെലവ് കണക്കാക്കുന്നത്. മണിക്കൂറിൽ 300 ബില്യൺ കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷി പ്രതീക്ഷിക്കുന്ന ഇത് പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദന കേന്ദ്രമെന്ന റെക്കോഡ് കൂടി സ്വന്തമാക്കും. 
പടിഞ്ഞാറൻ ടിബറ്റിലെ ഹിമാനികൾ നിറഞ്ഞ പ്രദേശങ്ങളിൽ നിന്ന് ഉൽഭവിക്കുന്ന യാർലുങ് സാങ്പോ ഹിമാലയ പർവതനിരകളിലൂടെ അരുണാചൽ പ്രദേശിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പു ദി ​ഗ്രേറ്റ് ബെൻഡ് എന്നറിയപ്പെടുന്ന പ്രദേശത്തുകൂടി യു ആകൃതിയിൽ വളഞ്ഞുപുളഞ്ഞ് ഒഴുകി ആഴത്തിലേക്ക് പതിക്കുകയാണ് ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ആഴമേറിയ മലിയിടുക്കുകളിലൊന്നായ ഈ പ്രദേശത്തുകൂടി ഒഴുകി നദി, ഏകദേശം 3000 മീറ്ററോളം താഴ്ചയിലേക്കാണ് പെട്ടെന്ന് പതിക്കുന്നത്. ഇങ്ങിനെ യാർലുങ് സാങ്‌പോ ഗ്രാൻഡ് കാന്യോണിലൂടെ ഒഴുകുന്ന വെള്ളത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്താനാണ് ചൈനയുടെ നീക്കം. വെള്ളം വൈദ്യുതി നിർമാണത്തിന് ഉപയോ​ഗിക്കുന്നതിന് നാംച ബർവ പർവതത്തിലൂടെ 20 കിലോമീറ്റർ നീളമുള്ള നാല് തുരങ്കങ്ങളും പദ്ധതിയുടെ ഭാ​ഗമായി സംവിധാനിക്കുന്നുണ്ട്. ഈ തുരങ്കങ്ങളിലൂടെ വെള്ളം താഴ്ന്ന ഭാ​ഗത്തേക്ക് കടത്തിവിട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ശേഷം വീണ്ടും നദിയിലേക്ക് തന്നെ ഒഴുക്കിവിടുകയും ചെയ്യുന്ന രീതിയിലാണ് ഉൽപ്പാദനം ക്രമീകരിച്ചിരിക്കുന്നതെന്നാണ് ചൈനീസ് വിദ​ഗ്ധർ പറയുന്നത്. തങ്ങളുടെ ജലവൈദ്യുത പദ്ധതികൾ വൈദ്യുതി ഉൽപ്പാദനം മാത്രം ലക്ഷ്യമിടുന്നവയാണെന്നും ഇന്ത്യപോലുള്ള നദിക്കരയിലെ രാജ്യങ്ങൾക്ക് ഒരു ദോഷവും വരുത്തില്ലെന്നും ചൈന വാദിക്കുന്നു. 
എന്നാൽ, നദിയിൽ വൻ അണക്കെട്ട് നിർമിക്കുന്നത് ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലയ്ക്കുന്നതിനിടയാക്കുമെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുമാണ് ഇന്ത്യയിൽ നിന്നുള്ള വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മേഖലയിലെ ജലപ്രവാഹം നിയന്ത്രിക്കാൻ ഇത് ചൈനയെ സഹായിക്കും. മാത്രമല്ല, ഇന്ത്യയുമായുള്ള തർക്കങ്ങളിൽ ചൈനയ്ക്ക് അധിക മേൽക്കൈ പദ്ധതി നൽകുമെന്നും ആശങ്കയുയരുന്നുണ്ട്. വെള്ളം തടഞ്ഞുവച്ച് അരുണാചൽ പ്രദേശിനെ വരണ്ട ഭൂപ്രദേശമാക്കാനും നിമിഷങ്ങൾക്കകം വെള്ളം ഒഴുക്കിവിട്ട് കൃത്രിമ വെള്ളപ്പൊക്കമുണ്ടാക്കി മുക്കിക്കളയാനും ചൈനയ്ക്ക് പദ്ധതി വഴി സാധിക്കുമെന്നാണ് ഒരുവിഭാ​ഗം ഉയർത്തുന്ന ആശങ്ക. ഫലത്തിൽ അരുണാചലിന് മുകളിൽ തൂങ്ങുന്ന ഡെമോക്ലസിന്റെ വാളാകുമോ പദ്ധതിയെന്ന് കാത്തിരുന്നുതന്നെ കാണണം. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും നീളംകൂടിയ നദിയായ മെകോങിനെ ചൈന അണക്കെട്ടുകൾ വഴി നിയന്ത്രിക്കുന്നത് വിയറ്റ്നാം പോലുള്ള രാജ്യങ്ങളിൽ വരൾച്ചയ്ക്ക് കാരണാമാകാറുണ്ടെന്ന റിപ്പോർട്ടുകൾ ഈ ആശങ്ക ശക്തിപ്പെടുത്തുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  44 minutes ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  an hour ago
No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  an hour ago
No Image

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; വെെദ്യുതി നിലച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു 

National
  •  an hour ago
No Image

രണ്ട് വർഷത്തിനകം പകുതി സർക്കാർ സേവനങ്ങളും 'ഏജന്റ് എഐ'യിലേക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ

uae
  •  2 hours ago
No Image

ഷൂ വാങ്ങിയപ്പോള്‍ നല്‍കിയ പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കി; റെഡ് ടേപ്പിന് 8010 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി; മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അന്ത്യം

National
  •  2 hours ago
No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  3 hours ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  3 hours ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  3 hours ago
No Image

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

Kerala
  •  3 hours ago