സ്പെയിനെ തളച്ച കേപ് വെർദെ മതിൽ; പക്ഷെ 'വൊസീഞ്ഞ'യുടെ മാർക്കറ്റ് വാല്യു വെറും 40 ലക്ഷം! ഇന്ത്യൻ താരങ്ങൾക്ക് ഇതിലും കൂടുതൽ
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026 ആവേശകരമായി പുരോഗമിക്കവെ ഇതിനോടകം തന്നെ ഏറ്റവും കൂടുതൽ കയ്യടി നേടുന്നത് ഗ്ലൗസണിഞ്ഞ ഗോൾകീപ്പർമാരാണെന്ന് പറയാം. പല മത്സരങ്ങളിലും വൻകിട ടീമുകളെ വരെ സമനിലയിൽ തളച്ചും തോൽപ്പിച്ചും മാച്ച് വിന്നർമാരായി അവർ മാറുന്നു. അത്തരത്തിൽ ഇപ്പോഴിതാ ലോകകപ്പ് വേദിയിൽ നിന്ന് ഫുട്ബോൾ ആരാധകരുടെ നെഞ്ചിലേക്ക് നടന്നു കയറിയ ഒരു 40കാരൻ ഗോൾകീപ്പറാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്; കേപ് വെർദെയുടെ വൊസീഞ്ഞ (Vozinha).
ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കേപ് വെർദെ എന്ന കുഞ്ഞൻ രാജ്യം മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനെ ഗോൾരഹിത സമനിലയിൽ തളച്ചപ്പോൾ അതിന് പിന്നിലെ ഒരേയൊരു കാരണം ഈ നാൽപ്പതുകാരന്റെ അത്ഭുത സേവുകളായിരുന്നു.
സ്പെയിനെ തളച്ച 7 'സൂപ്പർ സേവുകൾ'
ശക്തരായ സ്പെയിൻ നിര തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട മത്സരത്തിൽ അക്ഷരാർത്ഥത്തിൽ കേപ് വെർദെയുടെ രക്ഷകനാവുകയായിരുന്നു വൊസീഞ്ഞ. ഫെറാൻ ടോറസ്, പെദ്രി, ഐമെറിക് ലപ്പോർട്ടെ തുടങ്ങിയ സ്പാനിഷ് താരങ്ങളുടെ ഗോൾ എന്നുറച്ച ഏഴോളം മികച്ച ഷോറ്റുകളാണ് വൊസീഞ്ഞോ തടുത്തിട്ടത്.
പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി വൊസീഞ്ഞ കളം നിറഞ്ഞതോടെ സ്പെയിന് കേപ് വെർദെക്കെതിരെ ഗോൾരഹിത സമനിലയോടെ പിരിയേണ്ടി വന്നു. അരങ്ങേറ്റ ലോകകപ്പിൽത്തന്നെ കേപ് വെർദെയ്ക്ക് ചരിത്രത്തിലെ ആദ്യ ലോകകപ്പ് പോയിന്റ് നേടിക്കൊടുത്തതോടെ വൊസീഞ്ഞ ഒറ്റരാത്രികൊണ്ട് ആഗോള ഫുട്ബോളിലെ പുതിയ ഹീറോയായി മാറി.
മാർക്കറ്റ് വാല്യു വെറും 40 ലക്ഷം മാത്രം!
ലോകകപ്പിലെ ഈ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വൊസീഞ്ഞയുടെ മാർക്കറ്റ് വാല്യുവിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. നിലവിൽ പോർച്ചുഗലിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ജി.ഡി ചാവസിന് (GD Chaves) വേണ്ടി കളിക്കുന്ന വൊസീഞ്ഞയുടെ ട്രാൻസ്ഫർ മാർക്കറ്റ് വാല്യു വെറും 50,000 യൂറോ (ഏകദേശം 40 ലക്ഷം രൂപ) മാത്രമാണ്! ഇത്രയും പ്രതിഭാശാലിയായ ഒരു ലോകകപ്പ് താരത്തിന് ഇത്ര കുറഞ്ഞ മൂല്യം മാത്രമുള്ളത് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.
ഇന്ത്യൻ താരങ്ങളുടെ മൂല്യം ഇതിലും ഏറെ മുന്നിൽ
ലോകകപ്പ് കളിക്കാത്ത ഇന്ത്യയുടെ താരങ്ങൾക്ക് പോലും വൊസീഞ്ഞയേക്കാൾ ഉയർന്ന മാർക്കറ്റ് വാല്യു ഉണ്ടെന്നതാണ് കൗതുകകരമായ വസ്തുത. ഇന്ത്യൻ ഫുട്ബോൾ ടീമിലെ കളിക്കാരുടെ ശരാശരി മാർക്കറ്റ് വാല്യു ഏകദേശം 1.46 കോടി രൂപയാണ്.
ഇന്ത്യൻ താരങ്ങളുടെ മാർക്കറ്റ് വാല്യു ഇങ്ങനെ:
- ഗുർപ്രീത് സിംഗ് സന്ധു: 1.4 കോടി രൂപ
- ആൽബിനോ ഗോമസ്: 1.4 കോടി രൂപ
- ഹൃത്വിക് തിവാരി: 1.8 കോടി രൂപ
- രാഹുൽ ബെക്കെ: 80 ലക്ഷം രൂപ
- പ്രേംവീർ: 80 ലക്ഷം രൂപ
ഇന്ത്യൻ നിരയിൽ ഏറ്റവും കുറഞ്ഞ മൂല്യമുള്ള താരങ്ങൾക്ക് പോലും 80 ലക്ഷം രൂപ മാർക്കറ്റ് വാല്യു ഉള്ളപ്പോഴാണ് ലോകവേദിയിൽ സ്പെയിനെപ്പോലൊരു വമ്പൻ ടീമിനെ അമ്പരപ്പിച്ച വൊസീഞ്ഞക്ക് വെറും 40 ലക്ഷം രൂപ മാത്രമുള്ളത്.
ഇൻസ്റ്റഗ്രാമിൽ മില്യൺ ഫോളോവേഴ്‌സ്; ഇനി പുതിയ ക്ലബ്ബ് ഓഫറുകൾ വരുമോ?
സാമ്പത്തിക മൂല്യത്തിൽ പിന്നിലാണെങ്കിലും ജനപ്രീതിയുടെ കാര്യത്തിൽ വൊസീഞ്ഞ ഇപ്പോൾ ആഗോള തലത്തിൽ ഒന്നാമതാണ്. സ്പെയിനെതിരായ മത്സരത്തിന് മുൻപ് ഇൻസ്റ്റഗ്രാമിൽ വെറും അമ്പതിനായിരത്തോളം ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന വൊസീഞ്ഞക്ക് മത്സരശേഷമുള്ള മണിക്കൂറുകൾക്കുള്ളിൽ ഫോളോവേഴ്സിന്റെ എണ്ണം മില്യണുകൾ കടന്ന് കുതിക്കുകയാണ്.
നിലവിലെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കാറായ വൊസീഞ്ഞക്ക് ഈ ലോകകപ്പ് പ്രകടനത്തോടെ പുതിയ മികച്ച ഓഫറുകൾ ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. യൂറോപ്യൻ ക്ലബ്ബുകൾ താല്പര്യം കാണിച്ചേക്കാമെങ്കിലും 40 എന്ന പ്രായം വലിയ ക്ലബ്ബുകളെ ചിന്തിപ്പിച്ചേക്കാം. എങ്കിലും പ്രായത്തെ വെല്ലുന്ന പ്രകടനമികവ് ഉള്ളതുകൊണ്ട് തന്നെ കരിയറിന്റെ ഈ അവസാന ഘട്ടത്തിലും വലിയൊരു അവസരം ഈ കേപ് വെർദെ ഇതിഹാസത്തെ തേടിയെത്തുമെന്നാണ് ഫുട്ബോൾ ലോകത്തിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."