'ഓൾ ഇന്ത്യ' മാറി 'ഭാരത്' വരുന്നു! പേര് മാറ്റാനൊരുങ്ങി എ.ഐ.എഫ്.എഫ്; പുതിയ ഐ.എസ്.എൽ സീസൺ സെപ്റ്റംബർ 4 മുതൽ
ന്യൂഡൽഹി: ലോകകപ്പ് ആവേശത്തിനിടയിൽ ഇന്ത്യൻ ഫുട്ബോളിൽ നിർണായക ഭരണഘടനാ പരിഷ്കാരങ്ങളുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF). തങ്ങളുടെ ഔദ്യോഗിക പേര് മാറ്റി 'ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത്' (Football Federation of Bharat - FFB) എന്നാക്കാനുള്ള ചരിത്രപരമായ പ്രമേയത്തിന് ഫെഡറേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗം (SGBM) അംഗീകാരം നൽകി. ശനിയാഴ്ച നടന്ന നിർണായക യോഗത്തിലാണ് ഇന്ത്യൻ ഫുട്ബോളിന്റെ പേര് മാറ്റാനുള്ള ഔദ്യോഗിക നീക്കങ്ങൾക്ക് തുടക്കമിട്ടത്.
ഇതിന്റെ ഭാഗമായി എ.ഐ.എഫ്.എഫ് ഉടൻ തന്നെ കേന്ദ്ര കായിക മന്ത്രാലയത്തിന് ഔദ്യോഗിക നിർദ്ദേശം സമർപ്പിക്കും. കായിക മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചാൽ മാത്രമേ പേരുമാറ്റം ഔദ്യോഗികമായി നടപ്പിലാകൂ എന്ന് ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ വാർത്താ ഏജൻസിയായ പിടിഐയോട് (PTI) വ്യക്തമാക്കി.
"പേര് മാറ്റാനുള്ള നിർദ്ദേശം ഞങ്ങൾ കായിക മന്ത്രാലയത്തിന് അയക്കുകയാണ്. ഇതൊരു വലിയ പ്രക്രിയയാണ്, അതിന് ഇന്ന് ഔദ്യോഗികമായി തുടക്കമായി കഴിഞ്ഞു. മന്ത്രാലയം ഇത് അംഗീകരിച്ചില്ലെങ്കിലോ മറ്റെന്തെങ്കിലും ഭേദഗതി നിർദ്ദേശിച്ചാലോ ഈ നീക്കവുമായി മുന്നോട്ട് പോകില്ല. എന്നാൽ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ, ഞങ്ങൾ ഇത് വീണ്ടും ജനറൽ ബോഡിയിൽ കൊണ്ടുവരികയും തുടർന്ന് ഫിഫയുടെ (FIFA) അന്തിമ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്യും." AIFF പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു
തുർക്കി തങ്ങളുടെ രാജ്യത്തിന്റെയും ഫുട്ബോൾ അസോസിയേഷന്റെയും പേര് 'തുർക്കിയെ' (Türkiye) എന്നും, ചെക്ക് റിപ്പബ്ലിക് അത് 'ചെക്കിയ' (Czechia) എന്നും മാറ്റിയ അന്താരാഷ്ട്ര മാതൃകകൾ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനും ഈ പുതിയ പുനർനാമകരണത്തിന് ഒരുങ്ങുന്നത്. കൂടാതെ, മത്സരങ്ങൾക്ക് മുൻപ് ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതമായ 'വന്ദേമാതരവും' ആലപിക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ഐ.എസ്.എൽ പുതിയ സീസൺ സെപ്റ്റംബർ 4 മുതൽ; ദൈർഘ്യം ഏഴ് മാസം
പേരുമാറ്റത്തിന് പുറമെ ഇന്ത്യൻ ആഭ്യന്തര ഫുട്ബോൾ ആരാധകർ കാത്തിരുന്ന സുപ്രധാന പ്രഖ്യാപനങ്ങളും യോഗത്തിലുണ്ടായി. വരാനിരിക്കുന്ന 2026-27 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സെപ്റ്റംബർ 4-ന് ആരംഭിക്കാൻ ജനറൽ ബോഡി അനുമതി നൽകി.
ഐ.എസ്.എൽ- 2026-27 സീസൺ- വിവരങ്ങൾ
- കിക്ക് ഓഫ് തീയതി- സെപ്റ്റംബർ 4, 2026
- ആകെ ടീമുകൾ-14 ടീമുകൾ
- മത്സര ക്രമം-ഹോം, എവേ മാതൃകയിൽ
- ടൂർണമെന്റ് ദൈർഘ്യം- പൂർണ്ണമായ 7 മാസം
14 ടീമുകൾ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ഐ.എസ്.എൽ ഹോം, എവേ മത്സരങ്ങളോടെ പൂർണ്ണമായ ഏഴ് മാസം നീണ്ടുനിൽക്കും. ജൂലൈ അവസാന വാരത്തോടെ ഡ്യൂറൻഡ് കപ്പോടെയാകും ഇന്ത്യൻ ഫുട്ബോൾ കലണ്ടർ ആരംഭിക്കുക. അതേസമയം, ഐ.എസ്.എല്ലിന്റെ പുതിയ സാമ്പത്തിക-ഭരണ ഘടനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ക്ലബുകളുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കാൻ അഞ്ചംഗ ക്ലബ് പ്രതിനിധികളും മൂന്ന് എ.ഐ.എഫ്.എഫ് ഭാരവാഹികളും അടങ്ങുന്ന മാനേജിംഗ് കമ്മിറ്റിക്ക് വിട്ടു.
ഭരണഘടന പരിഷ്കരിച്ചു
കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമുള്ള 'നാഷണൽ സ്പോർട്സ് ഗവേണൻസ് ആക്ട്, 2025' (NSGA 2025) പ്രകാരം ഫെഡറേഷന്റെ ഭരണഘടന പരിഷ്കരിക്കാനും യോഗം ഔദ്യോഗികമായി അംഗീകാരം നൽകി. ഇതിന് പുറമെ സംസ്ഥാന അസോസിയേഷനുകളിലെ ഭരണസമിതി തിരഞ്ഞെടുപ്പുകൾ സുതാര്യമാക്കാൻ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ തലവനായുള്ള പ്രത്യേക തിരഞ്ഞെടുപ്പ് പാനലിനെയും എ.ഐ.എഫ്.എഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."