വീര്യം കുറഞ്ഞ മദ്യവിൽപന ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ
തിരുവനന്തപുരം: ലഹരിക്കെതിരേ ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപറേഷൻ തൂഫാന് വൻ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കെ, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന ആരംഭിക്കാനുള്ള നീക്കം സാമൂഹികവിപത്തിന് വഴിതെളിക്കുമെന്ന് വിലയിരുത്തൽ. മദ്യക്കമ്പനികളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 0.5 മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യമാണ് ഈ വിഭാഗത്തിൽ വരുന്നത്. 0.5–10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനം, 10– 20 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനം എന്നിങ്ങനെയാണ് നികുതിഘടന.
കഴിഞ്ഞ സർക്കാർ 2022–23 ലെ അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യവിൽപന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തെങ്കിലും നികുതിഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86 ശതമാനം വീര്യമുള്ള മദ്യത്തിന്റെ (ഇന്ത്യൻ നിർമിത വിദേശമദ്യം) അതേ നികുതി (251 ശതമാനം) നൽകേണ്ടിയിരുന്നതിനാൽ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ഒരു കമ്പനിയും വിറ്റിരുന്നില്ല. പ്രമുഖ കമ്പനികൾ വീര്യം കുറഞ്ഞ മദ്യം വിൽക്കാനായി നികുതിഘടന പരിഷ്കരണത്തിന് കഴിഞ്ഞ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സർക്കാർ നിരസിക്കുകയായിരുന്നു. വിൽപന നികുതിഘടന നിശ്ചയിക്കാത്തതിനാൽ മടിച്ചുനിന്ന കമ്പനികൾക്ക് കേരളത്തിൽ പുതിയ വിപണി തുറക്കാൻ ബജറ്റ് പ്രഖ്യാപനത്തെ തുടർന്നുള്ള നടപടി വഴിതെളിക്കും. വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ അനുവദിക്കുന്നതിനുള്ള നീക്കങ്ങൾ 2010ൽ വി. എസ് അച്യുതാനന്ദൻ സർക്കാർ ആരംഭിച്ചെങ്കിലും നയപരമായ വ്യക്തതവന്നത് 2023-ലെ മദ്യനയത്തിലൂടെ ആണെന്നാണ് സർക്കാർ വിശദീകരണം.
വീര്യം കുറഞ്ഞ മദ്യത്തിന് 80 ശതമാനം നികുതി മാത്രം ഈടാക്കണമെന്ന പ്രമുഖ മദ്യക്കമ്പനിയുടെ അപേക്ഷ എൽ.ഡി.എഫ് സർക്കാർ പരിഗണിച്ചിരുന്നെങ്കിലും വിവാദമായതോടെ പിൻവാങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."