മദ്യവ്യാപനവും കരിമണൽ ഖനനവും: ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് വി.എം. സുധീരൻ; മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾക്കും ധാതുമണൽ മേഖലയിലെ സ്വകാര്യ നിക്ഷേപ നിർദ്ദേശങ്ങൾക്കുമെതിരെ ശക്തമായ വിയോജിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഈ ജനവിരുദ്ധ നിർദ്ദേശങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണ് പുതിയ ബജറ്റ് നിർദ്ദേശങ്ങളെന്ന് സുധീരൻ കത്തിൽ കുറ്റപ്പെടുത്തി.
മദ്യവ്യാപനം ജനങ്ങളോടുള്ള വാഗ്ദാന ലംഘനം
മദ്യവും മയക്കുമരുന്നും കേരളത്തിൽ ഗുരുതരമായ വിപത്തായി മാറിയ സാഹചര്യത്തിൽ, ഇതിനെതിരെ ശക്തമായ കമ്മപദ്ധതികൾ നടപ്പാക്കുമെന്നായിരുന്നു യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ ബജറ്റിൽ മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന നിർദ്ദേശങ്ങൾ വന്നത് ജനങ്ങളോടുള്ള വാഗ്ദാന ലംഘനമാണ്. വീര്യം കുറഞ്ഞതെന്ന പേരിൽ നടത്തുന്ന ഏതൊരു മദ്യവ്യാപനവും ആപൽക്കരമാണെന്ന് ലോകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സുധീരൻ ചൂണ്ടിക്കാട്ടി. മുൻ പിണറായി സർക്കാരിന്റെ ദുർനയങ്ങളുടെ കെടുതികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഫലപ്രദമായ ജനപക്ഷ മദ്യനയത്തിന് എത്രയും പെട്ടെന്ന് രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരിമണൽ ഖനനം: തീരദേശം ആശങ്കയിൽ
ബജറ്റിൽ ധാതുമണൽ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് കളമൊരുക്കിയതോടെ ആലപ്പുഴയിലെ തീരദേശ ജനത കടുത്ത ആശങ്കയിലാണെന്ന് കത്തിൽ പറയുന്നു. കരിമണൽ കർത്താക്കൾക്ക് ആലപ്പുഴ തീരം തീറെഴുതാനുള്ള ഒരു നീക്കവും ഈ സർക്കാരിൽ നിന്ന് ഉണ്ടാകരുത്.
2003 ജൂൺ 16-ന് വലിയഴീക്കൽ മുതൽ ആലപ്പുഴ വരെ ജനങ്ങൾ തീർത്ത 'മനുഷ്യക്കോട്ട' സമരത്തിന്റെ ഫലമായാണ് മുൻപ് സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് നൽകിയ അനുമതി യു.ഡി.എഫ് സർക്കാരിന് പിൻവലിക്കേണ്ടി വന്നത്. ആ ചരിത്രം മറക്കരുത്.
കുട്ടനാട്ടിലെ പ്രളയക്കെടുതി പരിഹരിക്കാനെന്ന വ്യാജേന മുൻ പിണറായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ കരുവാക്കി തോട്ടപ്പള്ളിയിൽ നടത്തിയ കരിമണൽ ഖനനം സ്വകാര്യ ലോബികളെ സഹായിക്കാൻ മാത്രമായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും റദ്ദാക്കണം. നിലവിൽ കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ്ധ സമിതി കരിമണൽ ലോബിയുടെ താൽപ്പര്യം സംരക്ഷിക്കുന്നവരാണെന്ന ആക്ഷേപം ശക്തമാണ്. അതിനാൽ സമരസമിതിയുടെ ആവശ്യം പരിഗണിച്ച് യഥാർത്ഥ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഈ കമ്മിറ്റി പുനസംഘടിപ്പിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ആലപ്പുഴ തീരദേശത്തെ ജനജീവിതത്തിന് ആഘാതമുണ്ടാക്കുന്ന കരിമണൽ ഖനനത്തിനുള്ള ബജറ്റ് നിർദ്ദേശം പിൻവലിച്ച് ജനവികാരം മാനിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്.
വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർക്കും സുധീരൻ കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."