സഊദിയിൽ വിദേശികൾക്ക് ഇനി സ്വന്തമായി വീടും ഫാക്ടറിയും സ്വന്തമാക്കാം; നിർണായക ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം
ജിദ്ദ: സഊദിയിൽ വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമത്തിനായുള്ള എക്സിക്യൂട്ടീവ് റെഗുലേഷൻ സഊദി മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ജിദ്ദയിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. വിദേശികൾക്ക് സ്വത്തുവകകൾ വാങ്ങാൻ അനുവാദമുള്ള ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളും മന്ത്രിസഭ നിശ്ചയിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിൽ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരിയിലാണ് വിദേശികളുടെ സ്വത്തവകാശ നിയമം പ്രാബല്യത്തിൽ വന്നത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ എക്സിക്യൂട്ടീവ് റെഗുലേഷന് അംഗീകാരം ലഭിച്ചിരിക്കുന്നത്.
വിദേശ കമ്പനികൾക്ക് ഓഫീസുകളും ഫാക്ടറികളും വാങ്ങാം
നിയമപ്രകാരം, വ്യക്തികൾക്കും കമ്പനികൾക്കും താമസസ്ഥലങ്ങൾ, വാണിജ്യ, കാർഷിക, വ്യാവസായിക ആവശ്യങ്ങൾക്കുള്ള സ്ഥലങ്ങൾ എന്നിവ വാങ്ങാൻ സാധിക്കും. എന്നാൽ ഇതിനായി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി നേടേണ്ടതുണ്ട്. സഊദിയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികൾക്ക് അവയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓഫീസുകൾ, ഫാക്ടറികൾ, ഗോഡൗണുകൾ എന്നിവ വാങ്ങാനും നിയമം അനുവാദം നൽകുന്നുണ്ട്. ഔദ്യോഗിക ലൈസൻസുള്ള കമ്പനികൾക്കാണ് ഈ അവകാശം ലഭിക്കുക.
രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്ന വിവിധ വിഷയങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു. ഐ.എം.ഡി വേൾഡ് കോമ്പറ്റിറ്റീവ്നെസ് ഇയർബുക്ക് 2026-ൽ ആഗോളതലത്തിൽ 13-ാം സ്ഥാനവും ജി20 രാജ്യങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കാൻ സഊദിക്ക് സാധിച്ചതിനെ മന്ത്രിസഭ അഭിനന്ദിച്ചു. കൂടാതെ, ആഗോള സൈബർ സുരക്ഷാ സൂചികയിൽ തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തിയതും വലിയ നേട്ടമായി മന്ത്രിസഭ വിലയിരുത്തി.
സഊദി-ഈജിപ്ത് സംയുക്ത ഉപഗ്രഹം രൂപകൽപന ചെയ്ത് നിർമിക്കാനുള്ള പദ്ധതിക്കും അംഗീകാരം
സഊദി-ഈജിപ്ത് സംയുക്ത ഉപഗ്രഹം രൂപകൽപന ചെയ്ത് നിർമിക്കാനുള്ള പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. ഇതിനുപുറമെ, ഊർജ്ജം, വിദ്യാഭ്യാസം, തൊഴിൽ റിക്രൂട്ട്മെന്റ്, ഗതാഗതം എന്നീ മേഖലകളിൽ വിവിധ രാജ്യങ്ങളുമായി ഒപ്പുവെക്കാനുള്ള കരാറുകൾക്കും ധാരണാപത്രങ്ങൾക്കും മന്ത്രിസഭ അനുമതി നൽകി. സൗദി അറേബ്യയും നേപ്പാൾ, നൈജീരിയ എന്നീ രാജ്യങ്ങളുമായുള്ള തൊഴിൽ റിക്രൂട്ട്മെന്റ് കരാറുകൾ, പാക്കിസ്ഥാനുമായുള്ള വ്യോമഗതാഗത സേവന കരാർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
English summary : The Saudi Council of Ministers, chaired by King Salman, has approved the Executive Regulation of the Law of Real Estate Ownership by Non-Saudis. This move follows the law’s implementation earlier this year, which allows foreign individuals and companies to own various types of real estate, including residential, commercial, agricultural, and industrial properties, subject to official approval. Foreign companies with valid licenses may also acquire property necessary for their business operations, such as offices and factories.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."