പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രണ്ടാം ഘട്ട പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു
ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള മലയാളികൾ. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു രണ്ടാംഘട്ട പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
നടൻ മമ്മൂട്ടി, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് പത്മഭൂഷൺ പുരസ്‌കാരം സമ്മാനിച്ചു. കല, സാമൂഹിക, സേവനം എന്നീ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. സുപ്രീം കോടതി മുൻ ജഡ്ജി കെ.ടി തോമസ് പത്മവിഭൂഷണും ഏറ്റുവാങ്ങി.
എ.ഇ മുത്തുനായകം, കലാമണ്ഡലം വിമല മേനോൻ, ജി.ദേവകി അമ്മ, വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗർ, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ എന്നിവരടക്കം 113 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അർഹരായത്. അഞ്ച് പത്മവിഭൂഷൺ, 13 പത്മഭൂഷൺ എന്നിവയാണ് പ്രഖ്യാപിച്ചത്.
ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനും ഇന്ത്യയിലെ റോക്കറ്റ് പ്രൊപ്പൽഷന്റെ മുഖ്യ ശിൽപിയുമാണ് ഡോ.എ.ഇ മുത്തുനായകം. മോഹിനിയാട്ടം നർത്തകിയും നൃത്താധ്യാപികയും തിരുവനന്തപുരത്തെ കേരള നാട്യഅക്കാദമിയുടെ സ്ഥാപകയും ഡയറക്ടറുമാണ് വിമല മേനോൻ. ആലപ്പുഴയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ച് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വനമുണ്ടാക്കിയ ദേവകി അമ്മ നാരീശക്തി അവാർഡിനും അർഹയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."