തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ
റാമല്ല: ഇസ്റാഈലിലെ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാർ നേരിടുന്ന അതിക്രൂരമായ പീഡനങ്ങളുടെ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം മോചിതനായ ഫലസ്തീൻ മാധ്യമപ്രവർത്തകൻ മുജാഹിദ് ബാനി മുഫ്‌ലെയുടെ ചിത്രമാണ് ഇപ്പോൾ ജയിലുകളിലെ ദയനീയ അവസ്ഥ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നത്. മനുഷ്യാവകാശ സംഘടനയായ 'ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി'യാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ആറു മാസം മുമ്പാണ് ഇസ്റാഈൽ സൈന്യം മുജാഹിദ് ബാനിയെ തുറങ്കിലടക്കുന്നത്.
തടവിലായിരുന്നപ്പോൾ തലച്ചോറിന് സംഭവിച്ച ഗുരുതരമായ തകരാറിനെത്തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ തലയോട്ടി മാറ്റിസ്ഥാപിച്ച നിലയിലുള്ള ചിത്രമാണ് ബാനി മുഫ്‌ലെ പങ്കുവെച്ചത്. ജയിലിൽ പോകുന്നതിന് മുൻപുള്ളതിനേക്കാൾ ശരീരഭാരം വൻതോതിൽ കുറഞ്ഞ്, തിരിച്ചറിയാൻ പോലും കഴിയാത്ത വിധം വിളറിവെളുത്ത അവസ്ഥയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
മനുഷ്യാവകാശ സംഘടനയുടെ പ്രധാന ആരോപണങ്ങൾ
ഫലസ്തീൻ തടവുകാരെ പട്ടിണിക്കിട്ടും ചികിത്സ നൽകാതെയും സാവധാനം കൊലപ്പെടുത്താനുള്ള വെറും ഇടങ്ങളായി ഇസ്റാഈൽ ജയിലുകൾ മാറിയിരിക്കുന്നു. ക്രൂരമായ മർദ്ദനം, മാനസിക പീഡനം, ഭീഷണിപ്പെടുത്തൽ എന്നിവയാണ് തടവുകാർ നേരിടുന്നത്. ബാനി മുഫ്‌ലെയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, ഇസ്റാഈലിന്റെ തടവറയിൽ ക്രൂരമായ പീഡനത്തിനിരയാകേണ്ടി വരുന്ന ആയിരക്കണക്കിന് ഫലസ്തീൻകാരും ഇതേ അവസ്ഥയിലാണ്. തങ്ങളുടെ ആളുകൾ ജയിലിൽ അനുഭവിച്ച ദുരിതങ്ങൾ പുറത്തുപറയാൻ പല കുടുംബങ്ങളും ഭയക്കുകയാണ്. വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമെന്ന പേടിയാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
ഇസ്റാഈലിലെ ജയിലുകൾ ഫലസ്തീൻ തടവുകാരെ സാവധാനത്തിലും നേരിട്ടും കൊന്നൊടുക്കാനുള്ള ആയുധമായി മാറിയിരിക്കുകയാണ് എന്ന് ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി പുറത്ത് വിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
2025 ജൂണിലാണ് ബാനി മുഫ്‌ലെയെ സൈന്യം പിടികൂടിയത്. വിചാരണയോ കൃത്യമായ കുറ്റപത്രമോ ഇല്ലാതെ തടങ്കലിൽ വെക്കുന്ന ഇസ്റാഈലിന്റെ പ്രത്യേക നിയമപ്രകാരമായിരുന്നു ബാനിയെ പിടികൂടുന്നത്.
തുടർന്ന് 2026 ജനുവരിയിൽ ഇദ്ദേഹത്തെ വിട്ടയച്ചു. എന്നാൽ ജയിൽ മോചിതനായി രണ്ട് ദിവസത്തിന് ശേഷം ഇദ്ദേഹത്തിന് തലച്ചോറിൽ കടുത്ത രക്തസ്രാവം ഉണ്ടാവുകയും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താൻ ഇനിയും ഏറെ നാളത്തെ സങ്കീർണ്ണമായ ചികിത്സ ആവശ്യമാണ്.
ഗസ്സയിൽ ഇസ്റാഈൽ വംശഹത്യ ആരംഭിച്ചത് മുതൽ ഫലസ്തീൻ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണവും ഇസ്റാഈൽ ശക്തമാക്കിയിട്ടുണ്ട്. 2023 ഒക്ടോബറിന് ശേഷം മാത്രം 245 മാധ്യമപ്രവർത്തകരെയാണ് ഇസ്റാഈൽ സൈന്യം അറസ്റ്റ് ചെയ്തത്. കൂടാതെ വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ സൈന്യവും കുടിയേറ്റക്കാരും ചേർന്ന് നടത്തിയ ആക്രമണങ്ങളിൽ 1,173 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 12,666 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
A shocking image of a Palestinian journalist has surfaced after his release from an Israeli prison, highlighting severe mistreatment and medical neglect.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."