അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: പ്രതികളുടെ ആസ്തിയിൽ നൂറിരട്ടി വർദ്ധനവ്; കാണിക്കപ്പണം കൊണ്ട് വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകളും ഭൂമിയും
അയോധ്യ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ പ്രതികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച പണവും സ്വർണ്ണാഭരണങ്ങളും എണ്ണുന്ന ചുമതലയുണ്ടായിരുന്ന എട്ട് ജീവനക്കാർ ചേർന്ന് ഏതാണ്ട് 7.75 കോടി രൂപയോളം തട്ടിയെടുത്തതായാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.
വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രതികളുടെ ആസ്തിയിൽ നൂറിരട്ടിയോളം വർദ്ധനവുണ്ടായതായി 'എൻഡിടിവി' റിപ്പോർട്ട് ചെയ്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ആഡംബര ഹോട്ടലുകളും റെസിഡൻഷ്യൽ പ്ലോട്ടുകളും ഉൾപ്പെടെ വൻതോതിൽ ഭൂസ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
തട്ടിയെടുത്ത കോടികൾ പങ്കുവെക്കുന്നതിനെച്ചൊല്ലി പ്രതികൾക്കിടയിലുണ്ടായ ആഭ്യന്തര തർക്കമാണ് ഈ വൻ മോഷണം പുറംലോകമറിയാൻ കാരണമായതെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അവിനാഷ് ശുക്ല, അനുകല്പ് മിശ്ര, ലവകുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാം ശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, ടിനു യാദവ് എന്ന രാമശങ്കർ എന്നീ എട്ടുപേരെയാണ് പൊലിസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുള്ളത്.
അന്വേഷണം തങ്ങളുടെ നേർക്കാണെന്ന് ഉറപ്പായതോടെ പ്രതികൾ മൊബൈൽ ഫോണുകളിലെ വാട്‌സ്ആപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്യുകയും ഫോണുകൾ പൂർണ്ണമായും ഫോർമാറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, പണവും ആഭരണങ്ങളും കവരുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ കൃത്യമായി പതിഞ്ഞിട്ടുള്ളതിനാൽ ഈ ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണ്ണായകമാകും.
ക്ഷേത്ര ട്രസ്റ്റിൽ ജോലിക്ക് ചേർന്നതിന് പിന്നാലെ പ്രതികളുടെ ജീവിതശൈലിയിൽ പെട്ടെന്നുണ്ടായ മാറ്റങ്ങളാണ് സംശയങ്ങൾക്ക് ആക്കം കൂട്ടിയത്. പ്രതികളിലൊരാളായ അനുകല്പ് മിശ്രയുടെ കുടുംബത്തിനുണ്ടായ പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ച് ബന്ധുവായ നേഹ മിശ്ര പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
നിലവിൽ പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തുകയും പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലുമാണ് ഉദ്യോഗസ്ഥർ. മോഷണം പോയ തുകയിൽ 80 ലക്ഷം രൂപ മാത്രമാണ് പൊലിസിന് ഇതുവരെ വീണ്ടെടുക്കാൻ സാധിച്ചിട്ടുള്ളത്. ബാക്കി തുക കണ്ടെത്താനായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. ഇതോടൊപ്പം ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും കൺട്രോൾ റൂം ഇൻചാർജ് ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും ഗൗരവകരമായ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
An investigation into a major fraud case at the Ayodhya Ram Temple has revealed that the suspects' assets increased hundredfold. It is alleged that the accused misappropriated temple donation money (kanikkappanam) to purchase luxury hotels and extensive plots of land.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."