ഹേമചന്ദ്രന്‍ വധക്കേസ്: ഹണി ട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍, പിടിയിലായത് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച്
കോഴിക്കോട്: ഹേമചന്ദ്രന്‍ വധക്കേസില്‍ പ്രധാന പ്രതിയായ യുവതി പിടിയില്‍. കണ്ണൂര്‍ സ്വദേശിനിയായ ലീബ(41)യാണ് പിടിയിലായത്. കേസിലെ ആറാം പ്രതിയാണ് ഇവര്‍. വിദേശത്തു നിന്നെത്തിയ ഇവരെ കോഴിക്കോട് വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്.
ഇവര്‍ക്കെതിരെ നേരത്തെ പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനില്‍ എത്തിക്കുമെന്നാണ് വിവരം. ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയായ ലീബ കേസിലെ അഞ്ചാം പ്രതിയാണ്. ലീബയൊഴികെ മറ്റെല്ലാ പ്രതികളെയും പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവ ശേഷം വിദേശത്തേക്ക് കടന്ന ലീബയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തേക്ക് ഹണി ട്രാപ്പിലൂടെ ആകര്‍ഷിച്ച് വരുത്താന്‍ ലിബയാണ് സഹായിച്ചതെന്നാണ് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
ബത്തേരി സ്വദേശികളായ പഴുപ്പത്തൂര്‍ പുല്ലമ്പി വീട്ടില്‍ നൗഷാദ് (33), നന്മേനി പാലക്കുനി ജ്യോതിഷ് കുമാര്‍ (35), വള്ളുവടി കിടങ്ങനാട് അജേഷ് (27), പൂതാടി നന്മേനി മാടക്കര വേങ്ങശ്ശേരി വൈശാഖ് (35), ബത്തേരി സ്വദേശി മെല്‍ബിന്‍ മാത്യൂ (23) എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
കേസിന്റെ നാള്‍വഴി
വയനാട് സ്വദേശിയായ ഹേമചന്ദ്രന്‍ കോഴിക്കോടുള്ള മായനാട് നടപ്പാലം പാറപ്പുറത്തുള്ള വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 2024 മാര്‍ച്ച് 20ന് കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്ത് നിന്ന് ഇയാളെ ദുരൂഹ സാഹചര്യത്തില്‍കാണാതാവുകയായിരുന്നു. പത്തുദിവസം കഴിഞ്ഞിട്ടും വീട്ടിലെത്താത്ത ഹേമചന്ദ്രനെ തേടി ഭാര്യ മാര്‍ച്ച് 31ന് മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി നല്‍കി. ആദ്യ ഘട്ടത്തില്‍ കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല. 2025 ഏപ്രില്‍ ഏഴിന് കേസ് വീണ്ടും പുനരന്വേഷിക്കുകയും അന്നത്തെ ഇന്‍സ്‌പെക്ടര്‍ പികെ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുക്കുകയും ചെയ്തു.
രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടെന്നും, മൃതദേഹം ചേരമ്പാടി വനത്തില്‍ കുഴിച്ചിട്ടതായും പൊലിസ് കണ്ടെത്തി. ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയാണെന്ന് പൊലിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശരീരത്തിലേറ്റ ക്രൂരമായ മര്‍ദ്ദനവും ഗുരുതരമായ പരുക്കുകളുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹേമചന്ദ്രനും കേസിലെ മുഖ്യപ്രതി നൗഷാദും തമ്മിലുണ്ടായിരുന്ന വലിയ സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പി.കെ ജിജീഷ് സ്ഥലം മാറിയതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ചുമതലയിലുള്ള ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയും പ്രധാനപ്രതി നൗഷാദ് അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതികള്‍ക്കെതിരെ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപ്പത്രം നല്‍കിയത്.
A woman allegedly linked to the Hemachandran murder case has been arrested at Kozhikode International Airport. Investigators allege that she played a role in luring the victim through a suspected honey-trap scheme as part of the crime. The arrest is considered a significant development in the ongoing investigation, with authorities continuing to probe the conspiracy and the involvement of other suspects.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."