പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരന് നേരെ കാർ ഓടിച്ചുകയറ്റി വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടിയുമായി പൊലിസ്. ടോൾ ജീവനക്കാരനായ ജിതേഷിന്റെ പരാതിയിൽ വേങ്ങേരി സ്വദേശി ഫഹീമിനെതിരെ പൊലിസ് വധശ്രമത്തിന് കേസെടുത്തു. പ്രതി സഞ്ചരിച്ച കാർ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഫഹീമിനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.
ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം നടന്നത്. ടോൾ പ്ലാസയിലൂടെ കടന്നുപോകാൻ ശ്രമിച്ച പ്രതിയുടെ വാഹനം ജീവനക്കാരനായ ജിതേഷ് തടയാൻ ശ്രമിച്ചതാണ് അക്രമത്തിൽ കലാശിച്ചത്. തൊട്ടുമുന്നിലെ വാഹനത്തിനായി ടോൾ ബാരിയർ ഉയർന്ന സമയം നോക്കി ഫഹീം തന്റെ കാർ മുന്നോട്ടെടുക്കുകയായിരുന്നു. ഇത് തടയാൻ മുന്നിലേക്ക് കയറിനിന്ന ജിതേഷിന്റെ നേർക്ക് പ്രതി കാർ ഇടിച്ചുകയറ്റി.
കാർ ഇടിച്ചു കയറ്റിയതോടെ ജീവനക്കാരൻ ജിതേഷ് വാഹനത്തിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണു. എന്നാൽ പ്രതി വാഹനം നിർത്താൻ തയ്യാറാകാതെ ജിതേഷുമായി അമ്പത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. ബോണറ്റിൽ ഉറച്ചുപിടിച്ചു തൂങ്ങിക്കിടന്നതുകൊണ്ട് മാത്രമാണ് ജിതേഷ് വൻ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്ന് പന്തീരാങ്കാവ് പൊലിസ് അറിയിച്ചു.
An employee at the Pantheerankavu toll plaza was seriously injured after being hit and knocked down by a car in an apparent attempt on his life. Following the incident, the police registered an attempt-to-murder case against a resident of Vengeri. The vehicle involved in the crime has been taken into police custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."