രണ്ടു പദ്ധതിക്കും കാവിവൽക്കരണത്തിൽ ഒരേമുഖം; പി.എം ഉഷ എന്നേ നടപ്പാക്കി, വിവാദം പി.എം ശ്രീയിൽ മാത്രം
കോഴിക്കോട്: വിദ്യാഭ്യാസത്തിലെ കാവിവൽകരണത്തിന്റെ പേരിൽ പി.എംശ്രീ വിവാദത്തിലാകുമ്പോൾ ഇതേ ലക്ഷ്യമുള്ള പി.എം ഉഷ കേരളത്തിൽ എന്നേ നടപ്പായി. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും കേന്ദ്ര വിദ്യാഭ്യാസ വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവയ്ക്കുകയും പണം സ്വീകരിക്കുകയും ചെയ്തു.
യു.പി.എ ഭരണകാലത്ത് 2013ൽ തുടങ്ങിയ രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാൻ പദ്ധതി അവസാനിപ്പിച്ചാണ് 2023ൽ പ്രധാനമന്ത്രി ഉച്ചതാർ ശിക്ഷ അഭിയാൻ (പി.എം ഉഷ) തുടങ്ങിയത്. 2024ൽ ഒന്നാം ഘട്ടത്തിൽ തന്നെ കേരളം ഈ പദ്ധതിയുടെ ഭാഗമായി. 403 കോടി രൂപ കേരളത്തിന് ലഭിച്ചു. രാജ്യത്തെ 14000 സ്‌കൂളുകളെ തെരഞ്ഞെടുത്ത് എൻ.ഇ.പിയുടെ നേട്ടങ്ങളുടെ നിദർശനമായി അവതരിപ്പിക്കുകയാണ് പി.എംശ്രീ ലക്ഷ്യമായി പറയുന്നതെങ്കിൽ യൂണിവേഴ്‌സിറ്റികൾ, കോളജുകൾ എന്നിവയുടെ നിലവാരം ഉയർത്തുകയാണ് പി.എം ഉഷയിൽ.
ഇതിനായി കേന്ദ്രവുമായി സംസ്ഥാന സർക്കാർ പ്രത്യേക ധാരണാപത്രത്തിൽ ഒപ്പുവയ്ക്കേണ്ടതുണ്ട്. ഈ പദ്ധതിയിലും 40 ശതമാനം സംസ്ഥാന സർക്കാർ വഹിക്കണം.
ധാരണാപത്ര പ്രകാരം പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന പരിഷ്‌കാരങ്ങൾ സംസ്ഥാനത്ത് നടപ്പാക്കണം. എല്ലാ കോളജുകളെയും സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അക്രഡിറ്റേഷന് സജ്ജമാക്കണം. നാലു വർഷ കോഴ്‌സിന് വേണ്ടി നാഷനൽ ക്രെഡിറ്റ് ഫ്രം വർക്കും ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റവും നടപ്പാക്കണം.
പി.എം ഉഷ അനുസരിച്ച് കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകൾക്ക് നൂറുകോടി രൂപ വീതം ലഭിച്ചു. എംജി സർവകലാശാലക്ക് 20 കോടിയും 14 കോളജുകൾക്ക് അഞ്ചുകോടി രൂപ വീതവും ലഭിച്ചു.
പി.എം ഉഷ ഫണ്ട് സ്വീകരിക്കുന്നതിന്റെ ഭാഗമായി കൂടി കേരളത്തിലെ സർവകലാശാലകൾക്ക് കീഴിലെ ബിരുദ കോഴ്‌സുകൾ നാലുവർഷമാക്കി മാറ്റി. ഇന്ത്യൻ നോളജ് സിസ്റ്റം എന്ന പേരിൽ ഒരു പേപ്പർ പഠിപ്പിക്കണമെന്ന വ്യവസ്ഥയും നടപ്പാക്കി. ഇതിന് പ്രത്യേക പുസ്തകം കൊണ്ടുവന്നു. ഇത് എല്ലാ യൂണിവേഴ്‌സിറ്റികളിലും പഠിപ്പിക്കണമെന്നാണ് നിർദേശം.
എൻ.ഇ.പി നിർദേശങ്ങൾ സ്‌കൂൾ തലത്തിലും നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഒന്നാം തരത്തിൽ ചേരുന്നതിന് ആറു വയസ് ആകണമെന്ന എൻ.ഇ.പി നിർദേശം നടപ്പാക്കാൻ എസ്.സി.ഇ.ആർ.ടി നടപടി സ്വീകരിച്ചിട്ടുണ്ട്. അടുത്ത വർഷം ഇത് നടപ്പാക്കേണ്ടിവരും. കേരളത്തിലിപ്പോൾ അഞ്ചു വയസ് പൂർത്തിയാവുന്ന മുറക്കാണ് ഒന്നാം തരത്തിൽ ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."