തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി
തിരുവനന്തപുരം: ഭരണസ്തംഭനം ആരോപിച്ച് പ്രതിപക്ഷ കക്ഷികളായ സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിക്കെതിരെ പ്രതിഷേധിച്ചതോടെ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. ഹാജര്‍ ബുക്കില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്- ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. വധശ്രമ കേസുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റുചെയ്ത ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന് ഒപ്പിടുന്നതിനുവേണ്ടി ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഹാജര്‍ ബുക്ക് മാറ്റിവെക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധമാരംഭിച്ചത്.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഹാജര്‍ ബുക്ക് പിടിച്ചുവാങ്ങി. പിന്നാലെ, കോണ്‍ഗ്രസ് അംഗങ്ങളുടെ കൈയില്‍നിന്ന് ഹാജര്‍ ബുക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങി.
യു.ഡി.എഫ് കൗണ്‍സിലര്‍ ശബരിനാഥും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ചെമ്പഴന്തി ഉദയനും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഉദയന്റെ ഷര്‍ട്ട് കീറിയതായി ബി.ജെ.പി ആരോപിച്ചു. വനിതാ കൗണ്‍സിലര്‍മാരെ ബി.ജെ.പി അംഗങ്ങള്‍ കൈയ്യേറ്റം ചെയ്തതായി യു.ഡി.എഫും ആരോപിച്ചു.
ഒരു ബി.ജെ.പി കൗണ്‍സിലര്‍ ശബരീനാഥനെ തല്ലാന്‍ ശ്രമിക്കുന്നതും അത് മറ്റൊരു വനിതാ കൗണ്‍സിലറുടെ തലയില്‍ കൊള്ളുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കിയാണ് കൗണ്‍സില്‍ യോഗം പിരിഞ്ഞത്. പിന്നാലെയാണ് പ്രതിഷേധം അരങ്ങേറിയത്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരുക്കേറ്റ സി.പി.എം കൗണ്‍സിലര്‍മാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വീല്‍ച്ചെയറിലാണ് കൗണ്‍സില്‍ യോഗത്തിനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."