വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത്
ചില വിമർശനങ്ങൾ ഒക്കെയുണ്ട്, എന്നാൽ വിവാദങ്ങളുണ്ടാക്കാനോ ആരോപണങ്ങളുന്നയിക്കാനോ ഒന്നും നിന്നില്ല പ്രതിപക്ഷം. രണ്ടു ദിവസങ്ങളായി പുറത്ത്, ചാനലുകളിലും രാഷ്ട്രീയ പ്രസ്താവനകളിലും കത്തിപ്പടർന്നു നിന്ന വിഷയങ്ങളൊക്കെയും സഭ തൊടാതെ, തലപ്പുറത്ത് തലോടിപ്പോവുകയായിരുന്നു ഇന്നലെ.
പി.എം ശ്രീയുമായി ബന്ധപ്പെട്ട് ഉഷാവിജയൻ, ടി.ജി വിനോദ്, കെ.എം അഭിജിത്ത്, കെ. പ്രവീൺ കുമാർ എന്നിവരുന്നയിച്ച ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി എൻ. ശംസുദ്ദീൻ നൽകിയ മറുപടികളിൽ ഏറ്റുപിടിക്കാൻ പോലും ആരുമുണ്ടായില്ല, പ്രതിപക്ഷത്തുനിന്ന്. മട്ടന്നൂർ അംഗം വി.കെ സനോജ്, സംസാരിക്കവേ, പി.എം ശ്രീയിൽ ഒന്നു തൊട്ടു നോക്കിയെങ്കിലും, അതിനുള്ള മറുപടി ഒരു വരി കവിതയിലൊതുക്കി, മന്ത്രി ശംസുദ്ദീൻ: കൊണ്ടു വന്നതും നീ ചോപ്പാ/ കൊണ്ടുനടന്ന് കൊല്ലിച്ചതും നീ ചോപ്പാ'. കൂട്ടത്തിൽ വിദ്യാഭ്യാസ മേഖലയിലെ ആകുലതകളും നിലവാരത്തകർച്ചയും വെട്ടിത്തുറന്നു പറഞ്ഞു അദ്ദേഹം. അവ പരിഹരിക്കുന്നതിന് ഭൗതിക ശ്രേഷ്ഠ ധാർമിക സദാചാര മൂല്യങ്ങളുള്ള പാഠഭാഗങ്ങൾ കൊണ്ടുവരുമെന്ന് പരിഹാരം ഉറപ്പിക്കുകയും ചെയ്തു.
തങ്ങൾ കൊണ്ടുവന്ന സ്ത്രീസുരക്ഷാ പെൻഷൻ, യു.ഡി.എഫ് സർക്കാർ നിർത്തിക്കളഞ്ഞുവെന്ന ആക്ഷേപമുയർത്തി, പ്രതിപക്ഷത്തുനിന്ന് മുതിർന്ന അംഗം എ.സി മൊയ്തീൻ അടിയന്തരപ്രമേയവുമായി വന്നെങ്കിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ, പ്രതിഷേധത്തിൽ ഒതുക്കി ഇറങ്ങിപ്പോക്ക് വേണ്ടെന്നുവച്ചത് പൊതുവെ കൗതുകമുയർത്തി.
16 ലക്ഷം വീട്ടമ്മമാരുടെ കണ്ണീരാണ് സതീശൻ സർക്കാർ കാണാതെ പോയതെന്നാണ് എ.സി മൊയ്തീൻ അടിയന്തര പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയത്. 'ഗാർഹിക ജോലിയുടെ മൂല്യം അംഗീകരിച്ച്, 35-60 വയസിനുള്ളിലുള്ള വീട്ടമ്മമാരുടെ ആശ്വാസത്തിന്, പിണറായി സർക്കാർ കൊണ്ടുവന്ന 1500 രൂപയുടെ പെൻഷൻ മൂന്നുമാസമായി മുടങ്ങി. ഒരു വരുമാനവുമില്ലാതെ അടുക്കളയിൽ കഴിയുന്ന ഈ അമ്മമാർ രാഷ്ട്ര ശിൽപികളാണെന്ന് സുപ്രിം കോടതി വരെ പറഞ്ഞിട്ടുണ്ട്. ഈ കടുംകൈ വേണ്ടായിരുന്നു കെട്ടോ.
ഇതിലെന്തിനാ രാഷ്ട്രീയം കലർത്തുന്നത്' മൊയ്തീൻ പറഞ്ഞു. 120 മാസം അധികാരത്തിലിരുന്ന പിണറായി സർക്കാർ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റപ്പോഴാണ് സ്ത്രീകളുടെ കണ്ണീർ കാണാതെ രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞതെന്ന മറുവാദമായിരുന്നു മുഖ്യമന്ത്രിയുടേത്. ആശാവർക്കർമാർ സ്ത്രീകളായിരുന്നു. അവർ സമരം ചെയ്തപ്പോൾ പരിഹസിച്ചു, ആട്ടിവിട്ടു, പാട്ടപെറുക്കികൾ എന്ന് വരെ വിളിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ തോന്നി; സ്ത്രീകളുടെ കണ്ണീർ കാണാതെ രക്ഷയില്ലെന്ന്. അപ്പോഴത്തേക്ക് പൊതുതെരഞ്ഞെടുപ്പ് വന്നു. 2026 ഫെബ്രുവരിയിലാണ് എൽ.ഡി.എഫ് സർക്കാർ പദ്ധതി കൊണ്ടുവന്നത്. പെരുമാറ്റച്ചട്ടം വരുന്നതിന് തലേന്ന് എന്നോണം ഒരു മുന്നൊരുക്കവുമില്ലാതെ, കൃത്യമായ പഠനമോ പരിശോധനകളോ ഇല്ലാതെ സ്ത്രീകളെ പറ്റിക്കാൻ പ്രഖ്യാപിച്ച പദ്ധതി! ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലും കൃത്യവിലോപമുണ്ടായി. സി.പി.എം ഏരിയാ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയുമൊക്കെയാണ് ആളുകളെ കണ്ടെത്തിയതെന്ന് ആക്ഷേപമുണ്ട്. ഇവരിൽ ആർക്കെങ്കിലും മറ്റ് പെൻഷനുകൾ കിട്ടുന്നുണ്ടോ എന്നു വരെ നോക്കിയില്ല. കൃത്യമായി പരിശോധിച്ച് മാത്രമേ ഞങ്ങൾ ഇതെടുക്കൂ'- മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചപ്പോൾ, നിർഭാഗ്യകരം എന്ന് പ്രതിഷേധിക്കുകയല്ലാതെ പതിവ് ഇറങ്ങിപ്പോക്കിനൊന്നും പ്രതിപക്ഷ നേതാവ് മുതിർന്നില്ല. 16 ലക്ഷം വീട്ടമ്മമാരുടെ കണ്ണീർ കാണണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ചർച്ചകൾ ക്രോഡീകരിച്ചുള്ള മറുപടിയിൽ, മാറിയ കാലത്തെയും തലമുറയെയും അവഗണിച്ച് ഒരിഞ്ച് മുമ്പോട്ടു പോകാനാവില്ലെന്ന യാഥാർഥ്യം വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തുറന്നുപറഞ്ഞു. കിട്ടുന്ന കാശിൽ നിന്ന് 80 ശതമാനവും നിത്യനിദാന ചെലവുകൾക്ക് വേണം. ആളോഹരി വരുമാനം കൂട്ടാനോ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനോ അതിബുദ്ധികളായ നമ്മുടെ കുട്ടികളുടെ ചിന്തക്കൊപ്പം വളരാനോ പണമില്ല. കാലവും പ്രകൃതിയും കാടും തീരവും പുഴകളും നമുക്കൊപ്പമുണ്ട്. ഇതൊക്കെ പണം ആക്കി മാറ്റാനാവും. എണ്ണ വറ്റുന്നു എന്ന് കണ്ടപ്പോൾ ദുബൈ ചെയ്തത് പോർട്ട് വികസിപ്പിക്കുകയാണ്. അൽപം വ്യത്യസ്തമായ വഴിക്കു നീങ്ങാഞ്ഞാൽ കാര്യങ്ങൾ കൈവിട്ടുപോകും. എന്നാൽ, നമ്മൾ ഇവിടെ ഒന്നിനും സമ്മതിക്കില്ല. പിന്നെ എങ്ങനെ പണം വരും. പണം ഇല്ലാതെ, പറയുന്ന കാര്യങ്ങൾ എങ്ങനെ നടപ്പാക്കും? ഇതായിരുന്നു വ്യവസായ മന്ത്രിയുടെ ആശങ്കകൾ.
ഗതാഗത വകുപ്പ് കുത്തഴിഞ്ഞതിൽ നിരാശനാണ് മന്ത്രി സി.പി ജോൺ. പക്ഷേ, എല്ലാം നേരെയാക്കാൻ കുറച്ച് സാവകാശം ചോദിക്കുന്നുണ്ട് അദ്ദേഹം. പ്രിയദർശിനി സൗജന്യയാത്ര കൊണ്ട് കെ.എസ്.ആർ.ടി.സി കട്ടപ്പുറത്താകുമെന്നൊന്നും സാമ്പത്തിക വിദഗ്ധനായ അദ്ദേഹത്തിന് ആശങ്കയില്ല. സ്ത്രീകൾക്ക് നൽകിയത് നമ്മുടെ സൗജന്യമല്ല, അവരുടെ അവകാശമാണ്. ഒരുദിവസം അഞ്ച് ലക്ഷം സ്ത്രീകൾ അതിന്റെ ഗുണഫലം അനുഭവിക്കുന്നു. തന്റെ വകുപ്പ് ഒരു ഗതാഗത നയം തന്നെ രൂപവത്കരിക്കുന്നുണ്ട്. അതിൽ യാത്രക്കാർക്കടക്കം ഫലമുണ്ടാകുമെന്നും സി.പി ജോൺ വ്യക്തമാക്കുന്നു.
ഓപറേഷൻ തൂഫാന് വലിയ സ്വീകാര്യത ലഭിച്ച ദിവസമായിരുന്നു ഇന്നലെ. മയക്കുമരുന്ന് വേട്ടക്കിറങ്ങിയപ്പോൾ തനിക്കും തന്റെ സേനക്കുമുണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങളും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കുവച്ചു. അണലി പാമ്പിനെക്കൊണ്ട് നാവിൽ കൊത്തിച്ച് വിഷം കയറ്റുന്ന പാർലർ വരെ നമ്മുടെ കേരളത്തിൽ കണ്ടെത്തിയ സംഭവം ഞെട്ടലോടെയാണ് സഭ കേട്ടത്. മരണത്തിന്റെ വ്യാപാരികളെ പൂട്ടാൻ എല്ലാതലങ്ങളിലും നിന്നുള്ള സഹായം അദ്ദേഹം അഭ്യർത്ഥിച്ചു.
മെഡിക്കൽ കോളജുകളിൽ നിലത്തും വരാന്തകളിലും കട്ടിലിനടിയിലും കിടക്കുന്ന രോഗികളുടെ ദുരവസ്ഥ പല അംഗങ്ങളും സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. എന്നാൽ, ഇത് അവസാനിപ്പിക്കലാണ് തന്റെ ആദ്യ ദൗത്യമെന്നാണ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറയുന്നത്. ഇതിന് തിരുവനന്തപുരത്തു നിന്ന് തുടക്കം കുറിക്കും. ഒരാഴ്ച സമയം വേണം. അത് കഴിഞ്ഞാൽ നിലത്തുകിടക്കുന്ന ഒരു രോഗി പോലും തലസ്ഥാന നഗരിയിലെ ആശുപത്രിയിൽ ഉണ്ടാവില്ലെന്ന ഉറപ്പിലാണ് മന്ത്രി മുരളീധരൻ ഇപ്പോഴുള്ളത്.
അൻവർ സാദത്ത്, കെ.കെ രാമചന്ദ്രൻ, ടി.വി ഇബ്രാഹിം, ഗോവിന്ദൻ പള്ളിക്കാപ്പിൽ, അപു ജോൺ ജോസഫ്, വി. മുരളീധരൻ, വി. കുഞ്ഞികൃഷ്ണൻ, ആര്യാടൻ ഷൗക്കത്ത്, വി.ടിബൽറാം, ഒ.എസ് അംബിക, എം. റഹ്മത്തുല്ല, ഉമ തോമസ്, സുമേഷ് അച്യുതൻ, വി.കെ സനോജ്, പി.കെ ഫിറോസ്, സന്ദീപ് വാര്യർ, ഷിബു തെക്കുംപുറം, നജീബ് കാന്തപുരം, വി.പി സജീന്ദ്രൻ, എ.സി മൊയ്തീൻ എന്നിവർ ധനാഭ്യർത്ഥന ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."