15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു
ഗുവാഹത്തി: സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി ഉള്‍പ്പെടെ 15 രേഖകള്‍ ഹാജരാക്കിയിട്ടും ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു കണ്ടെത്തി അസമില്‍നിന്നുള്ളയാളെ വിദേശിയെന്ന് പ്രഖ്യാപിച്ച് ഗുവാഹതി ഹൈക്കോടതി. വോട്ടര്‍പട്ടികകളിലോ മറ്റ് ഔദ്യോഗിക രേഖകളിലോ കാണുന്ന വ്യക്തി താനാണെന്ന് വാക്കാലുള്ള മൊഴി മാത്രം മതിയാകില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. 15 രേഖകള്‍ ഹാജരാക്കിയെങ്കിലും ഫോറിനേഴ്സ് ആക്ട്പ്രകാരം താന്‍ വിദേശിയല്ല, ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാനുള്ള ബാധ്യത ഹരജിക്കാരന്‍ നിറവേറ്റിയില്ലെന്നും കോടതി പറഞ്ഞു. കേസില്‍ ഫോറിന്‍ ട്രൈബ്യൂനലിന്റെ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
തന്റെ കുടുംബത്തിന്റെ പേരുകള്‍ ഉള്‍പ്പെട്ട 1951ലെ എന്‍.ആര്‍.സി രേഖയും ഇയാള്‍ സമര്‍പ്പിച്ച രേഖകളില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ കുടുംബത്തിന്റെ പേരുവിവരങ്ങള്‍, 1966 മുതലുള്ള വിവിധ വര്‍ഷങ്ങളിലെ വോട്ടര്‍ പട്ടികകള്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഭൂമി കൈമാറ്റ രേഖ തുടങ്ങിയ 15 രേഖകളാണ് അദ്ദേഹം ഹാജരാക്കിയത്. എന്നാല്‍ഹരജിക്കാരനെ അദ്ദേഹത്തിന്റെ വംശപരമ്പരയുമായി ബന്ധിപ്പിക്കുന്ന രേഖകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസുമാരായ കല്യാണ്‍ റായ് സുരാന, ഷമീമ ജഹാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിക്കുകയായിരുന്നു. 1988ല്‍ ജനിച്ച വ്യക്തി ഗുവാഹത്തിയിലെ ബോര്‍ബോറിയില്‍ വാടകക്ക് താമസിക്കുകയാണ് നിലവില്‍.
പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി തുടങ്ങിയ രേഖകള്‍ മാത്രം ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ മതിയായ തെളിവല്ലെന്നും, എന്‍.ആര്‍.സി ലെഗസി ഡാറ്റയും നിയമപ്രകാരം ആവശ്യമായ തെളിവുകളില്ലാതെ അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അസമില്‍ പൗരത്വവുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുംബപരമ്പരയും 1971 മാര്‍ച്ച് 25ന് മുമ്പുള്ള പൂര്‍വികരുമായി ബന്ധം തെളിയിക്കുന്ന രേഖകളുമാണ് നിര്‍ണായകമെന്നും കോടതി പറഞ്ഞു. ഹരജിക്കാരന്‍ സമര്‍പ്പിച്ച വോട്ടര്‍പട്ടകയില്‍ പ്രായരേഖയില്‍ പൊരുത്തക്കേടുകളുണ്ടെന്നും കോടതി വ്യക്തമാക്കി.
an assam resident failed to establish citizenship despite submitting 15 documents. the high court also dismissed the plea, highlighting the complexities of citizenship verification.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."