വംശഹത്യ @1000 (1000 ദിനം പിന്നിട്ട് ഗസ്സ യുദ്ധം)
ലോകത്തിന്റെ മൗനവും പാശ്ചാത്യശക്തികളുടെ പിന്തുണയും മുതലെടുത്ത് ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്ന ആക്രമണം 1,000 ദിവസം പിന്നിട്ടു. വെടിനിർത്തൽ നിലവിൽ വന്നിട്ടുണ്ടെങ്കിലും അത് ലംഘിച്ച് ഇപ്പോഴും സയനിസ്റ്റ് സൈന്യം നിരായുധരായ ജനങ്ങളെ കൊന്നൊടുക്കുന്നത് തുടരുന്നു.
2023 ഒക്ടോബർ ഏഴിന് ആക്രമണം തുടങ്ങിയ ശേഷം ഗസ്സ മുനമ്പിൽ മരിച്ചുവീണത് 73,066 ഫലസ്തീനികളെന്ന് ഗസ്സ സർക്കാരിന്റെ മാധ്യമ ഓഫിസ് വ്യക്തമാക്കുന്നു. ഇതിൽ 21,500 പേരും കുട്ടികളാണ്. 1,022 പിഞ്ചു കുഞ്ഞുങ്ങളും. 1,73,514 പേർക്കാണ് പരുക്കേറ്റത്.
പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടുകിടക്കുന്ന ഗസ്സയുടെ 90 ശതമാനം പ്രദേശവും വ്യോമാക്രമണത്തിൽ തകർക്കപ്പെട്ടു. എന്നിട്ടും അരിശം തീരാതെ ഇസ്‌റാഈൽ സൈന്യം കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റുകളിലും കഴിയുന്ന ഫലസ്തീനികളെ ബോംബിട്ട് കൊല്ലുന്നത് തുടരുകയാണ്.
9,500 പേരെ ആക്രമണത്തിനിടെ കാണാതായി. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലാകാം ഇവരെന്നാണ് കരുതുന്നത്. ഖബറടക്കാൻ പോലും കഴിഞ്ഞില്ലല്ലോ എന്ന ദുഃഖത്തിൽ കഴിയുകയാണ് ബന്ധുക്കൾ. ആശുപത്രികൾ ഒന്നാകെ ബോംബിട്ട് തകർത്തതിനാൽ ചികിത്സ ലഭിക്കാതെ മരണത്തിനു കീഴടങ്ങിയവരും നിരവധി.
ഹമാസിന്റെ ആക്രമണത്തിൽ ഇസ്‌റാഈലിൽ കൊല്ലപ്പെട്ടത് 1,221 പേർ മാത്രമാണ്. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇവരിൽ കുറെ പേർ ഇസ്‌റാഈലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശേഷിക്കുന്നവരെ ഹമാസ് സമാധാന കരാറിന്റെ ഭാഗമായി കൈമാറി.
ഗസ്സയിൽ ഇസ്‌റാഈൽ സേന തുടരുമെന്നാണ് പ്രതിരോധമന്ത്രി പറയുന്നത്. ഗസ്സയിൽ ശേഷിക്കുന്ന പ്രദേശങ്ങൾ കൂടി കീഴടക്കി അവിടെ ജൂതകുടിയേറ്റക്കാരെ പുനരധിവസിപ്പിക്കാനാണ് പദ്ധതിയെന്ന് ഇസ്‌റാഈൽ ധനമന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെസലാൽ സ്‌മോട്രിച്ച് പറയുന്നു. ഇപ്പോഴും ഗസ്സയുടെ 40 ശതമാനം വരെ ഹമാസിന്റെ ഭരണത്തിനു കീഴിലാണ്. 20,000ത്തിലേറെ ഹമാസ് പോരാളികൾ ഇപ്പോഴും ശേഷിക്കുന്നു. അതിനാൽ തന്നെ സയനിസ്റ്റ് സൈന്യം പൂർണമായി പിന്മാറുകയും ദ്വിരാഷ്ട്ര പരിഹാരമുണ്ടാവുകയും ചെയ്യുന്നത് വരെ ഗസ്സ−ഇസ്‌റാഈൽ സംഘർഷം തുടരുമെന്നുറപ്പാണ്.
അധിനിവേശ വ്യാപനം
വെടിനിർത്തലിനു ശേഷം ഇസ്‌റാഈൽ സേന ക്രമേണ ഗസ്സയിൽ നിന്ന് പിന്മാറണമെന്നായിരുന്നു യു.എസ് കൊണ്ടുവന്ന സമാധാന സമിതിയുടെ വ്യവസ്ഥകളിൽ പ്രധാനപ്പെട്ടത്. ഇതിനായി യു.എൻ രക്ഷാസമിതി മൂന്നുഘട്ട പദ്ധതി മുന്നോട്ടുവച്ചു. എന്നാൽ സയനിസ്റ്റ് പട്ടാളം ഇത് നടപ്പാക്കാൻ തയാറായില്ലെന്ന് മാത്രമല്ല, ഗസ്സയുടെ കൂടുതൽ പ്രദേശങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലാക്കി അധിനിവേശം വ്യാപിപ്പിക്കുകയായിരുന്നു. വെടിനിർത്തൽ വ്യവസ്ഥകളിൽ പറഞ്ഞതിന്റെ മൂന്നിലൊന്ന് ട്രക്കുകളെ മാത്രമേ ഭക്ഷ്യ, സഹായ വസ്തുക്കളുമായി ഗസ്സയിലേക്ക് കടത്തിവിട്ടുള്ളൂ. ഈജിപ്തുമായി അതിർത്തി പങ്കിടുന്ന റഫാ ക്രോസിങ് തുറന്നെങ്കിലും ഇതിൽ മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞവർഷം ഒക്ടോബറിൽ നിലവിൽവന്ന സമാധാന കരാറിനു ശേഷം കൊന്നൊടുക്കിയത് ആയിരത്തിലേറെ ഫലസ്തീനികളെയാണ്.
ഭക്ഷണം ഒരു നേരം മാത്രം
ട്രക്കുകൾ വരുന്നുണ്ടെങ്കിലും ഗസ്സയിലെ ശേഷിക്കുന്ന മനുഷ്യർക്ക് ഇപ്പോഴും ഭക്ഷണം ലഭിക്കുന്നത് വല്ലപ്പോഴുമാണ്. 10 ലക്ഷം ജനസംഖ്യയുണ്ടായിരുന്ന ഗസ്സയിൽ ഇപ്പോഴുള്ള നാലുലക്ഷം പേർക്ക് ദിവസേന ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാൻ കുട്ടുന്നുള്ളൂ. അവശ്യമരുന്നുകളിൽ 62 ശതമാനവും ലഭ്യമല്ല. ഗസ്സയിലെ ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ 77 വർഷം പിന്നോട്ടുപോയതായും ആയുർദൈർഘ്യം 40ലേക്ക് താണതായും യു.എൻ പറയുന്നു.
അവശിഷ്ടം നീക്കാൻ വേണ്ടത് 140 വർഷം!
ഗസ്സയിലെങ്ങും തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരമാണ്. 6.8 കോടി ടൺ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 3,10,000 ടൺ(0.5%) മാത്രമാണ് ഇതുവരെ നീക്കംചെയ്തത്. ഇവയെല്ലാംകൂടി നീക്കാൻ 140 വർഷം വേണ്ടിവരുമെന്നാണ് യു.എൻ പറയുന്നത്. കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും 90 ശതമാനവും നഷ്ടമായതായി ഗസ്സ സിറ്റി മേയർ യഹിയ അൽ സർറാജ് പറയുന്നു.
ഹമാസിനെ പൂർണമായും നിരായുധീകരിച്ച ശേഷമേ പുനർനിർമാണം നടക്കൂവെന്നാണ് ഇസ്‌റാഈലിന്റെ നിലപാട്. ഇതോടെ ഗസ്സയുടെ പുനർനിർമാണം നിലച്ചമട്ടാണ്.
പ്രതിഷേധദിനം ആചരിച്ച് ഇസ്‌റാഈലുകാർ
ഗസ്സ ആക്രമണത്തിന്റെ 1000ാമത് ദിനം മാർച്ചും പ്രതിഷേധവും നടത്തിയാണ് ഇസ്‌റാഈലിലെ ജനങ്ങൾ ആചരിച്ചത്. ഹമാസ് വിട്ടയച്ച ബന്ദികളും ബന്ധുക്കളെ നഷ്ടമായവരും ഉൾപ്പെടുന്ന ഒക്ടോബർ സമിതിയാണിതിനു നേതൃത്വം നൽകിയത്. അവഗണനയുടെയും പരാജയത്തിന്റെയും 1000 ദിനങ്ങൾ എന്ന പേരിലായിരുന്നു പ്രതിഷേധം. ഒക്ടോബർ ഏഴിലെ ആക്രമണത്തിനിടയാക്കിയ സുരക്ഷാ വീഴ്ച സംബന്ധിച്ച് സർക്കാർ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
ഇസ്‌റാഈലിൽ ബാങ്കുവിളിക്ക് നിരോധനം
പള്ളികളിൽ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി നിരോധിക്കുന്ന നിയമത്തിന് അംഗീകാരം നൽകി ഇസ്‌റാഈൽ പാർലമെന്റായ നെസറ്റ്. 120 അംഗ പാർലമെന്റിൽ 36നെതിരേ 50 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇതിനെ അപലപിച്ച് ഒ.ഐ.സി രംഗത്തെത്തി. മതപരമായ ആരാധന നിർവഹിക്കുന്നത് തടസപ്പെടുത്തുന്ന ബിൽ അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."