കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാര്‍. പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചതിനെ പ്രോസിക്യൂഷന്‍ അതോറിറ്റിയുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്.
ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുന്‍ എം.ഡി കെ.എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിയ ഉത്തരവിലാണ് ഹൈക്കോടതിക്കെതിരായ ഈ വിമര്‍ശനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുന്ന തരത്തിലായിരുന്നു ഹൈക്കോടതി ഉത്തരവെന്നും, മനസ്സര്‍പ്പിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കുന്നതിന് പകരം കോടതി ഉത്തരവുകള്‍ അനുസരിക്കണമെന്ന രീതിയിലായിരുന്നു നിര്‍ദേശങ്ങളെന്നും സര്‍ക്കാര്‍ വിമര്‍ശിക്കുന്നു. ഇത് പ്രോസിക്യൂഷന്‍ അതോറിറ്റിയുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ഉത്തരവിലെ പ്രധാന പരാമര്‍ശം.
പ്രോസിക്യൂഷന്‍ അനുമതിക്കെതിരേ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്ന അസാധാരണ പരാമര്‍ശവും സര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സി.ബി.ഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയെങ്കിലും അതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതിയില്‍ ഇതുവരെ ഹാജരാക്കിയിരുന്നില്ല. ഉത്തരവ് സമര്‍പ്പിക്കാന്‍ ബുധനാഴ്ച വരെ ഹൈക്കോടതി സര്‍ക്കാരിന് സാവകാശം അനുവദിച്ചിട്ടുണ്ട്.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെതിരെ പരാതിക്കാരനും ഐ.എന്‍.ടി.യു.സി നേതാവുമായ കടകംപള്ളി മനോജ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
The state government has made unusual criticism against the High Court in the order granting prosecution sanction in the Cashew Development Corporation corruption case. The Industries Department Principal Secretary's order states that the High Court's directive to the government to grant prosecution sanction amounts to an encroachment on the jurisdiction of the prosecution authority.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."