രാമക്ഷേത്ര തട്ടിപ്പ്; അന്വേഷണം സി.ബി.ഐക്ക് വിടാന്‍ നീക്കം
ന്യൂഡല്‍ഹി: അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിലെ കോടികളുടെ ക്രമക്കേടും തട്ടിപ്പും സംബന്ധിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ക്ഷേത്രത്തിലെ കാണിക്കപ്പണം തട്ടിപ്പു നടത്തിയ സംഭവത്തില്‍ ക്ഷേത്ര ട്രസ്റ്റുമായി ബന്ധമുള്ള ആര്‍.എസ്.എസ്, വി.എച്ച്.പി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള നീക്കം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തുന്നത്. 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതും അതിലേറെ മൂല്യമുള്ള വസ്തുക്കള്‍ ക്ഷേത്രത്തില്‍ നിന്ന് നഷ്ടമായതും നിസാരമായി കാണുന്നത് വിശ്വാസികളില്‍ വലിയ തോതില്‍ പ്രതിഷേധമുണ്ടാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നാണ് അറിയുന്നത്. സംഘ് നേതാക്കളുള്‍പ്പെട്ട സംഭവത്തിലെ അന്വേഷണം ഉത്തര്‍പ്രദേശ് പൊലിസിനെ ഏല്‍പ്പിച്ചതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ട തുകയെത്രയെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ഒപ്പം വിലപിടിപ്പുള്ള മറ്റ് സാമഗ്രികളുടെ മൂല്യവും കണക്കാക്കിയിട്ടില്ല. ഇത്രയും വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതിന്റെ അന്വേഷണം ലോക്കല്‍ പൊലിസിനെ ഏല്‍പ്പിക്കുന്നതിനെ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍തന്നെ എതിര്‍ത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനരോഷം തണുപ്പിക്കാനായി കേസന്വേഷണം സി.ബി.ഐക്ക് വിടാനുള്ള ആലോചന.
അതേസമയം, അയോധ്യയിലെ ക്ഷേത്രക്കൊള്ളയിലെ അന്വേഷണം സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.
വിശ്വഹിന്ദ് പരിഷത്ത് നേതാക്കളടക്കം ഉള്‍പ്പെട്ട കോടികളുടെ തട്ടിപ്പ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി യു.പി കോണ്‍ഗ്രസ് ആരോപിച്ചു. കുറച്ച് ജീവനക്കാരെയും ട്രസ്റ്റ് അംഗങ്ങളുടെ സഹായികളെയും കേസില്‍ പ്രതിയാക്കി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലിസ് നീക്കംകോണ്‍ഗ്രസ് ആരോപിച്ചു.
തിങ്കളാഴ്ച ട്രസ്റ്റ് യോഗം
അയോധ്യയിലെ പുതിയ സംഭവവികാസങ്ങള്‍ക്കിടെ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെ യോഗം തിങ്കളാഴ്ച ചേരും. ഭരണസമിതി പുനഃസംഘടന അടക്കമുള്ള കാര്യങ്ങളില്‍ അന്ന് തീരുമാനമായേക്കും. ക്ഷേത്രത്തിലെ തട്ടിപ്പുകള്‍ പുറത്തുവന്നതിന് പിന്നാലെ രാജി നല്‍കിയ ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിക്ക് പകരം സെക്രട്ടറി ഉൾപ്പെടെയുള്ളവരെ യോഗത്തില്‍ തീരുമാനിക്കും. യോഗത്തിന് മുമ്പായി ഭാരവാഹികള്‍ ആരൊക്കെ എന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസ് നേതൃത്വം ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."