ഹൈദരാബാദ് വണ്ടർലയിൽ മുസ്‌ലിം യുവാക്കൾക്ക് നേരെ ഇസ്‌ലാമോഫോബിക് അധിക്ഷേപം; 'കൊന്നുകളയൂ' എന്ന് ജീവനക്കാരൻ ആക്രോശിച്ചതായി പരാതി
ഹൈദരാബാദ്: പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർലയുടെ ഹൈദരാബാദ് ബ്രാഞ്ചിൽ മുസ്‌ലിം യുവാക്കൾക്ക് നേരെ വംശീയവും മതപരവുമായ അധിക്ഷേപം ഉണ്ടായതായി റിപ്പോർട്ട്. പാർക്ക് ജീവനക്കാരിൽ നിന്നും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഇരയായ യുവാക്കൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. 'സിയാസത്' ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ജൂലൈ ഒന്നിന് വണ്ടർല സന്ദർശിക്കാനെത്തിയ അനസ് മിർസ എന്ന യുവാവിനും സുഹൃത്തുക്കൾക്കുമാണ് പാർക്കിൽ വെച്ച് ഇസ്‌ലാമോഫോബിക് അധിക്ഷേപം നേരിടേണ്ടി വന്നത്. പാർക്കിലെ ഒരു ജീവനക്കാരനോട് തങ്ങളുടെ ഫോട്ടോ എടുത്തുതരാൻ യുവാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ അത് നിരസിക്കുകയും മറ്റൊരു ജീവനക്കാരന്റെ അടുത്തേക്ക് പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് രണ്ടാമത്തെ ജീവനക്കാരന്റെ അടുത്തെത്തിയപ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ യുവാക്കൾക്ക് നേരെ 'മുസ്‌ലിങ്ങളെ കൊന്നുകളയൂ' എന്ന് ആക്രോശിച്ച് അധിക്ഷേപം നടത്തിയത്.
സംഭവത്തിൽ പാർക്ക് മാനേജ്‌മെന്റിന് ഉടനടി പരാതി നൽകിയെങ്കിലും അവരുടെ ഭാഗത്തുനിന്നും യാതൊരുവിധ അനുകൂല നടപടിയും ഉണ്ടായില്ലെന്ന് അനസ് മിർസ ആരോപിക്കുന്നു. ജീവനക്കാരൻ തങ്ങളെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങളും ശബ്ദവും ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചിട്ടും പരാതി ഗൗരവമായി എടുക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ലെന്നും യുവാക്കൾ പറയുന്നു.
യുവാക്കൾ തങ്ങൾക്കുണ്ടായ ദുരനുഭവം വീഡിയോ സഹിതം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള ജനരോഷവും പ്രതിഷേധവുമാണ് ഉയരുന്നത്. വണ്ടർല മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയെ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ അപലപിച്ചു. ഹൈദരാബാദിലെ വണ്ടർല പാർക്ക് പൂർണ്ണമായും ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സ്വന്തം നഗരത്തിൽ വെച്ച് ഇത്തരമൊരു വിവേചനം നേരിടേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അനസ് മിർസ പ്രതികരിച്ചു. സംഭവത്തിൽ വണ്ടർലയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."