ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍
കോട്ടയം: കോട്ടയം താഴത്തങ്ങാടി അറുപുറയില്‍ നിന്ന് 2017 ഏപ്രില്‍ 6ന് ഹര്‍ത്താല്‍ ദിനത്തില്‍ കാണാതായ ഹാഷിമിനെയും ഭാര്യ ഹബീബയെയും കുറിച്ച് ഒന്‍പത് വര്‍ഷം പിന്നിട്ടിട്ടും ഒരു തുമ്പും ലഭിച്ചിട്ടില്ല. 'ഭക്ഷണം വാങ്ങാന്‍ പോകുന്നു' എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഇരുവരും പിന്നീട് തിരിച്ചെത്തിയില്ല. അന്ന് ചെറുപ്രായത്തിലായിരുന്ന രണ്ട് മക്കള്‍ ഇന്ന് വളര്‍ന്നെങ്കിലും മാതാപിതാക്കള്‍ക്കായുള്ള കാത്തിരിപ്പ് അവസാനിച്ചിട്ടില്ല. ലോക്കല്‍ പൊലിസില്‍ തുടങ്ങി പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും കേസില്‍ ദുരൂഹത ഇന്നും തുടരുകയാണ്. ഇനി കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
2017 ഏപ്രില്‍ ആറിന് രാത്രി ഭക്ഷണം വാങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞാണ് ഹാഷിമും ഹബീബയും പുതിയതായി വാങ്ങിയെങ്കിലും രജിസ്റ്റര്‍ ചെയ്യാത്ത വാഗണര്‍ കാറില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. 'എന്റെ അഞ്ചാമത്തെ സഹോദരിയാണ് ഹബീബ. അവരെ കാണാതാകുമ്പോള്‍ കുട്ടികള്‍ വളരെ ചെറുതായിരുന്നു. ഇന്ന് മൂത്ത മകളെ വിവാഹം കഴിച്ചയച്ചു. ഇളയ മകന്‍ മൂന്നാറില്‍ പഠിക്കുകയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഇന്നും അറിയില്ല,' ഹബീബയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം ആദ്യം കുമരകം പൊലിസ് അന്വേഷിച്ചെങ്കിലും ഒരാഴ്ച തികയും മുമ്പ് കേസ് കോട്ടയം വെസ്റ്റ് പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. അതിനുശേഷം അന്വേഷണത്തിന്റെ വേഗം കുറഞ്ഞുവെന്നാണ് ബന്ധുക്കളുടെ ആരോപണം. വീട്ടില്‍ അന്ന് ഭക്ഷണം തയ്യാറാക്കിയതിന്റെ എല്ലാ തെളിവുകളും ഉണ്ടായിരുന്നുവെന്നും എല്ലാവരും ഭക്ഷണം കഴിച്ചിരുന്നുവെന്നും പൊലിസ് തന്നെ കണ്ടെത്തിയിരുന്നു. അങ്ങനെയിരിക്കെ 'ഭക്ഷണം വാങ്ങാന്‍ പോയി' എന്ന വിശദീകരണം ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് സഹോദരന്‍ പറയുന്നു.
ഹാഷിമിനും ഹബീബയ്ക്കും മറ്റ് കുടുംബങ്ങളിലേതുപോലെ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് ഇത്തരമൊരു സംഭവത്തിലേക്ക് നയിക്കുന്ന തരത്തിലുള്ളതായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. 'ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള പ്രശ്‌നമായിരുന്നെങ്കില്‍ ഒരാളെയെങ്കിലും കണ്ടെത്താമായിരുന്നു. ഇവിടെ രണ്ടുപേരും ഒരുമിച്ച് കാണാതായി. അതാണ് ഏറ്റവും വലിയ ദുരൂഹത,' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കുടുംബാംഗങ്ങള്‍ക്കും വലിയ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നതായി അദ്ദേഹം പറയുന്നു. ഹബീബയുടെ നാല് സഹോദരിമാരുടെയും വീടുകളില്‍ പൊലിസ് ആവര്‍ത്തിച്ച് പരിശോധന നടത്തിയിരുന്നു. വിവാഹം കഴിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന സഹോദരിമാരുടെ വീടുകളില്‍ പോലും അന്വേഷണസംഘം നിരന്തരം എത്തിയതോടെ കുടുംബം വലിയ പ്രയാസത്തിലായി. ഇതോടെയാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി വിഷയം ഗൗരവമായി പരിഗണിച്ച് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഹാഷിമിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്ന് വിശ്വസിച്ചതിനാല്‍ താന്‍ കേസില്‍ കക്ഷിചേര്‍ന്ന് സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തിരുന്നുവെന്നും ഹബീബയുടെ സഹോദരന്‍ പറയുന്നു. പിന്നീട് അന്വേഷണവും കാര്യമായ പുരോഗതിയില്ലാതെ മുന്നോട്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസിന്റെ ആദ്യഘട്ടത്തില്‍ 250ഓളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നോ രണ്ടോ ദൃശ്യങ്ങളില്‍ മാത്രമാണ് ഹാഷിമിന്റെയും ഹബീബയുടെയും സാന്നിധ്യം കണ്ടെത്താനായത്. തുടര്‍ന്ന് അന്വേഷണം ഇടുക്കിയിലേക്ക് വ്യാപിപ്പിച്ചു. കാണാതാകുന്നതിന് മൂന്ന് ദിവസം മുമ്പ് ഹാഷിം ഒറ്റയ്ക്ക് കുട്ടിക്കാനം, പാമ്പനാര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് യാത്ര നടത്തിയിരുന്നതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ കൊക്കകള്‍, വനമേഖലകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമറകളും ഹെലിക്യാമറകളും ഉപയോഗിച്ച് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല.
സംഭവസമയത്ത് നാലാം ക്ലാസില്‍ പഠിക്കുകയായിരുന്ന മകന്‍ ബിലാല്‍ ഇന്നും ആ രാത്രി മറന്നിട്ടില്ല. 'ഉമ്മ എനിക്ക് ഭക്ഷണം വാരിത്തന്ന ശേഷമാണ് ഇരുവരും പുറത്തുപോയത്. അവര്‍ പോയതിനു ശേഷം എല്ലാവരും കൂടെയുണ്ടായിരുന്നെങ്കിലും രക്ഷിതാക്കള്‍ ഇല്ലാത്ത ജീവിതം എത്ര ബുദ്ധിമുട്ടുള്ളതാണെന്ന് പിന്നീട് മനസ്സിലായി. സ്‌കൂളിലെ രക്ഷാകര്‍ത്തൃയോഗങ്ങള്‍ പോലുള്ള അവസരങ്ങളില്‍ അവരുടെ അഭാവം ഏറെ വേദനിപ്പിച്ചു. ബാപ്പയ്ക്കും ഉമ്മയ്ക്കും എന്താണ് സംഭവിച്ചതെന്ന് എങ്കിലും അറിയണം. ജീവനോടെയാണോ അല്ലയോ, എവിടെയാണോ എന്നെങ്കിലും അറിയാനുള്ള ആഗ്രഹമാണ് ഇപ്പോഴുള്ളത്. പൊലിസ് അന്വേഷണം നന്നായി തുടങ്ങിയെങ്കിലും ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷം അന്വേഷണം നിലച്ചുപോയി,' ബിലാല്‍ പറയുന്നു.
ഹാഷിമ് വാങ്ങിയ പുതിയ വാഗണര്‍ കാര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതും കേസിലെ മറ്റൊരു ദുരൂഹതയായി കുടുംബം ചൂണ്ടിക്കാട്ടുന്നു. വാഹനം വാങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴും നമ്പര്‍ ലഭിച്ചിരുന്നില്ല. പിന്നീട് ഷോറൂമില്‍ അന്വേഷിച്ചപ്പോള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഹാഷിം നടപടിയെടുത്തില്ലെന്ന് അറിയാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ എന്തെങ്കിലും മുന്‍കൂട്ടി തീരുമാനിച്ചിരുന്നോ എന്ന സംശയം കുടുംബം പ്രകടിപ്പിക്കുന്നു.
മകളും ആ രാത്രിയിലെ ഓരോ സംഭവവും ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. 'അന്ന് രാത്രി ഒന്‍പത് മണിയോടെ ബാപ്പയും ഉമ്മയും പുറത്തുപോകുകയാണെന്ന് പറഞ്ഞിറങ്ങി. അവര്‍ തിരികെ വരുമെന്ന് കരുതി കാത്തിരുന്നു. രാത്രി വൈകിയും വരാതിരുന്നതോടെ വീട്ടിലുണ്ടായിരുന്ന ഭക്ഷണം കഴിച്ച് ഉറങ്ങി. രാവിലെ എഴുന്നേറ്റപ്പോഴാണ് അവര്‍ തിരിച്ചെത്തിയിട്ടില്ലെന്ന് മനസ്സിലായത്. ഉടന്‍ ബന്ധുക്കളെയും പൊലിസിനെയും വിവരം അറിയിച്ചു. വീട്ടില്‍ നിന്ന് പോകുമ്പോള്‍ പണമോ പേഴ്‌സോ പാസ്‌പോര്‍ട്ടോ എ.ടി.എം കാര്‍ഡോ ഒന്നും എടുത്തിരുന്നില്ല. അതുകൊണ്ട് അവര്‍ എവിടേക്കെങ്കിലും ദൂരെ പോകാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞങ്ങളുടെ ബാപ്പയും ഉമ്മയും ഒരുനാള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ ഇന്നും കൈവിട്ടില്ല,' മകള്‍ പറയുന്നു.
ഒന്‍പത് വര്‍ഷം പിന്നിട്ടിട്ടും ഹാഷിമിനും ഹബീബയ്ക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ല. പൊലിസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങള്‍ ഫലപ്രദമായില്ലെന്ന് ചൂണ്ടിക്കാട്ടുന്ന കുടുംബം, സത്യം പുറത്തുകൊണ്ടുവരാന്‍ ഇനി സി.ബി.ഐ അന്വേഷണം മാത്രമാണ് പ്രതീക്ഷയെന്നും വ്യക്തമാക്കുന്നു.
Nine years after Hashim and his wife Habeeba went missing from Arupura, Thazhathangadi, Kottayam on the hartal day of April 6, 2017, there is still no lead. The couple left home saying they were going to get food and never returned. Their two children, who were very young then, have grown up but are still waiting for their parents. The case was first investigated by local police, then by a special investigation team, and later by the Crime Branch, but the mystery remains. The family now demands that the case be handed over to the CBI.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."