എല്‍.പി.ജി പ്രതിസന്ധി ഏഴ് ദിവസത്തിനകം പരിഹരിക്കും; 'ഇന്ത്യ ഫസ്റ്റ്' നയം ഊര്‍ജ്ജമേഖലയെ കരകയറ്റിയെന്ന് മോദി
ന്യൂഡൽഹി: രാജ്യത്തെ എൽ.പി.ജി വിതരണത്തിലെ നിലവിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ഗ്രീൻഫീൽഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്‌സിൽ നിന്നുള്ള പ്രൊഡക്ഷൻ ടാങ്കറുകൾ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാൻ സർക്കാരും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (എച്ച്പിസിഎൽ) സംയുക്തമായി വികസിപ്പിച്ച ഈ പദ്ധതിയുടെ ഭാഗമായി ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
നിലവിലെ എൽ.പി.ജി വിതരണ പ്രശ്നം താൽക്കാലികമാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ അത് പൂർണമായും പരിഹരിക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യയിൽ ഇനി യൂറിയ ക്ഷാമമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യേഷ്യയിലെ യുദ്ധത്തിന്റെ പ്രത്യാഘാതം കർഷകരെയും ബാധിച്ചെങ്കിലും ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളിലൂടെ ആ വെല്ലുവിളി മറികടക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ 'ഇന്ത്യ ഫസ്റ്റ്' നയവും നയതന്ത്ര ഇടപെടലുകളുമാണ് ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിലും രാജ്യത്തെ സുരക്ഷിതമായി മുന്നോട്ടു നയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടും ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും ഇന്ത്യയിൽ പെട്രോളിന്റെയോ ഡീസലിന്റെയോ ക്ഷാമം ഉണ്ടാകാതെ നോക്കാൻ കഴിഞ്ഞുവെന്നും രാജ്യത്തിന്റെ ഊർജ്ജസുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഫലപ്രദമായി ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ചില രാജ്യങ്ങളിൽ ഇന്ധനവില 40 മുതൽ 50 ശതമാനം വരെ ഉയർന്നപ്പോഴും ഇന്ത്യയിൽ വലിയ ഇന്ധന പ്രതിസന്ധി ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 40-ലധികം രാജ്യങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്ത് രാജ്യതാൽപര്യത്തിന് മുൻഗണന നൽകിയതായും ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം സംസ്‌കരിച്ച ഇന്ധനം കയറ്റുമതി ചെയ്യാനും ഇന്ത്യയ്ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം കണക്കിലെടുത്താൽ എൽപിജി സിലിണ്ടറിന്റെ വില 2,000 രൂപ വരെ എത്താമായിരുന്നുവെങ്കിലും സർക്കാർ 950 രൂപയ്ക്കാണ് വിതരണം ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള വിതരണ ശൃംഖലയിലെ പ്രതിസന്ധികൾക്കിടയിലും പാചകവാതക വിതരണം തടസ്സപ്പെടാതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചുവെന്നും ഉജ്ജ്വല യോജനയിലൂടെ ദരിദ്ര കുടുംബങ്ങൾക്ക് സിലിണ്ടറുകൾ ലഭ്യമാക്കി സാധാരണക്കാരുടെ ഭാരം കുറച്ചതായും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിലെ റിഫൈനറി പദ്ധതി സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമായതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 54,000 യുവാക്കൾക്ക് സർക്കാർ നിയമന ഉത്തരവുകൾ നൽകിയതായും ജയ്പുരിലെ മെട്രോ പദ്ധതി വിപുലീകരിക്കുമെന്നും പ്രഖ്യാപിച്ചു.
ഭാരതീയ ജനതാ പാർട്ടി നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്ന പാർട്ടിയാണെന്നും കൃത്യമായ ആസൂത്രണവും നയതന്ത്ര വിജയങ്ങളുമാണ് രാജ്യത്തെ വിവിധ പ്രതിസന്ധികളിൽ നിന്ന് കരകയറ്റിയതെന്നും വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Prime Minister Narendra Modi said the current LPG distribution crisis in the country will be resolved within seven days. He was speaking after flagging off production tankers from the Greenfield Refinery-cum-Petrochemical Complex in Rajasthan. As part of the project, jointly developed by the Rajasthan government and Hindustan Petroleum Corporation Limited (HPCL), the PM also inaugurated and laid the foundation stone for various development projects worth around ₹1.06 lakh crore.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."