തുരങ്കപാത വയനാടിന്റെ അടിവേരിളക്കും, കള്ളാടിയിലുണ്ടായത് വൻ ദുരന്തസൂചന: വയനാട് പ്രകൃതി സംരക്ഷണ സമിതി
കണ്ണൂര്‍:വരാനിരിക്കുന്ന വന്‍ദുരന്തത്തിന്റെ സൂചന മാത്രമാണ് കള്ളാടിയിലെ മണ്ണിടിച്ചിലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. ഒരു തരത്തിലുള്ള ശാസ്ത്രീയപഠനവും നടത്താതെയാണ് ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതയ്ക്ക് അനുമതി നല്‍കിയതെന്നും വയനാട് പ്രകൃതിസംരക്ഷണസമിതി പ്രസിഡന്റ് എന്‍.ബാദുഷ പറയുന്നു.
പാരിസ്ഥിതിക ആഘാതപഠനം എന്ന പേരില്‍ ഹൈക്കോടതിയില്‍ ഉള്‍പ്പെടെ സമര്‍പ്പിച്ചത് വ്യാജരേഖകളാണ്. അനാവശ്യവും അശാസ്ത്രീയവുമായ തുരങ്കപാതയുടെ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെവരെ സമീപിച്ചെങ്കിലും വികസനത്തിനു തടസം നില്‍ക്കരുതെന്നു പറഞ്ഞ് തങ്ങളെ ശാസിക്കുകയായിരുന്നുവെന്നും ബാദുഷ പറയുന്നു.
രണ്ടു ദിവസത്തിനിടെ 230 മില്ലി മീറ്റര്‍ മഴ മാത്രമാണ് കള്ളാടി മേഖലയില്‍ പെയ്തത്. 700 മില്ലീ മീറ്ററിനു മുകളില്‍ പെയ്യുന്ന മഴ മാത്രമേ സാധാരണ അപകടകാരണമാകുകയുള്ളൂ. സാധരണ മഴയായിട്ടും പ്രകൃതി ഇടഞ്ഞത് മുന്നറിയിപ്പാണ്. ടൂറിസത്തിന്റെയും വികസനത്തിന്റെയും പേരില്‍ മനുഷ്യരെ കുരുതികൊടുക്കുകയാണ് അധികാരകേന്ദ്രങ്ങളെന്നും ബാദുഷ ആരോപിക്കുന്നു.
വികസനത്തിന് തങ്ങള്‍ എതിരല്ല. ഗതാഗതത്തിന് ബദല്‍മാര്‍ഗങ്ങളുള്ളപ്പോഴാണ് പരിസ്ഥിതിവിരുദ്ധ തുരങ്കപാതകളുടെ പുറകേ പോകുന്നത്. സഞ്ചാരികള്‍ക്ക് വയനാട്ടിലെത്താന്‍ അഞ്ച് പാതകളുണ്ട്. താമരശേരി ചുരം, കുറ്റ്യാടി ചുരം, പേര്യ ചുരം, പാല്‍ച്ചുരം, നാടുകാണി ചുരം എന്നിവ അറ്റകുറ്റപ്പണി നടത്തുകയോ വീതികൂട്ടുകയോ ചെയ്താല്‍ ഗതാഗതപ്രശ്‌നം പരിഹരിക്കാം.
മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന കുറ്റ്യാടി ചുരം റോഡില്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒന്നരവര്‍ഷം കൊണ്ട് 12 മീറ്റര്‍ വീതിയില്‍ ഈ റോഡ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഭാരവാഹനങ്ങള്‍ ഇതുവഴി കടത്തിവിട്ടാല്‍ താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവ് ശമനമാകുമെന്നും ബാദുഷ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."