മേപ്പാടിയിൽ പെയ്തത് കനത്ത മഴ; കണക്കിലെടുത്തത് കേന്ദ്ര മുന്നറിയിപ്പ് മാത്രം
കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചതെങ്കിലും വയനാട്ടിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിലുൾപ്പെടെ ലഭിച്ചത് കനത്ത മഴ. തിങ്കളാഴ്ച രാവിലെ 8.30 മുതൽ ചൊവ്വാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ തന്നെ മേപ്പാടി പഞ്ചായത്തിൽ ശരാശരി 114.68 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലുണ്ടായ മീനാക്ഷി പ്രദേശത്തിന് അടുത്തുള്ള എളമ്പിലേരി ഭാഗത്താണ് മേപ്പാടി പഞ്ചായത്തിൽ കൂടുതൽ മഴ ലഭിച്ചതെന്ന് ജില്ലയിൽ പ്രാദേശികമായി മഴയളവ് ശേഖരിക്കുന്ന ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 221 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. വൈത്തിരിയിൽ 132.3 മില്ലിമീറ്റർ മഴയും ലഭിച്ചിട്ടുണ്ട്.
പൊഴുതന പഞ്ചായത്തിൽ 115, തൊണ്ടാർനാട് 137.5, പടിഞ്ഞാറത്തറ 117, വെള്ളമുണ്ട 101.46 എന്നിവിടങ്ങളിലും നൂറുമില്ലീ മീറ്ററിന് മുകളിൽ മഴ ലഭിച്ചിട്ടുണ്ട്. വനത്തിൽ ശക്തമായ മഴ പെയ്തത് കാരണം പ്രദേശങ്ങളിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ് മാത്രം പരിഗണിച്ച ജില്ലാ ഭരണകൂടവും തദ്ദേശ അധികൃതരും പ്രദേശവാസികൾക്ക് യാതൊരു ദുരന്താസാധ്യതാ മുന്നറിയിപ്പും നൽകിയിരുന്നില്ല. മേപ്പാടി പഞ്ചായത്ത് പരിധിയിലെ റിസോർട്ടുകളും ഹോം സ്‌റ്റേകളും പതിവുപോലെ പ്രവർത്തിച്ചിരുന്നു. മണ്ണിടിച്ചിലുണ്ടായ മീനാക്ഷിക്ക് അപ്പുറമുള്ള റിസോർട്ടുകളിലും മറ്റും വിനോദസഞ്ചാരികൾ ഉള്ളതായും വിവരമുണ്ട്.
മുണ്ടക്കൈ -ചൂരൽമല ഉരുൾ ദുരന്തത്തിന് ശേഷം കഴിഞ്ഞ വർഷം വരെ പ്രാദേശികമായി ലഭിച്ച മഴയളവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രതാ നിർദേശം നൽകിയിരുന്നെങ്കിലും ഇത്തവണ അതുണ്ടാകാത്തതാണ് ജനങ്ങൾ അപകട സാധ്യതാ മേഖലകളിൽനിന്ന് മാറാതെ അവിടെ തന്നെ തുടരാൻ ഇടയാക്കിയതെന്നും വിമർശനമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."