തുരങ്കപാത നിർമാണത്തിൽ അശാസ്ത്രീയത, പാരിസ്ഥിതിക ആഘാത സമിതിയുടെ വ്യവസ്ഥകളും ലംഘിച്ചു
കോഴിക്കോട്: അതീവ പരിസ്ഥിതി ലോല മേഖലയായ വയനാട്ടിൽ പശ്ചിമഘട്ടം തുരന്നുള്ള തുരങ്കപാത നിർമാണം അപകടകരമാണെന്ന മുന്നറിയിപ്പുകൾ അവഗണിച്ചതാണ് ഇന്നലെയുണ്ടായ വൻ ദുരന്തത്തിന് വഴിവച്ചത്. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതും സുരക്ഷാ വീഴ്ചകളും ദുരന്തത്തിലേക്ക് നയിച്ചു.
നിർമാണ പ്രവർത്തനത്തിനിടെ നീക്കം ചെയ്യുന്ന മണ്ണും അവശിഷ്ടങ്ങളും സുരക്ഷിതമായ രീതിയിലായിരുന്നില്ല മാറ്റിയത്.
വൻതോതിൽ മണ്ണ് കൂട്ടിയിട്ടത് അപകട ഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ പരാതി പറഞ്ഞെങ്കിലും കമ്പനി അധികൃതർ ചെവിക്കൊണ്ടില്ല. ഇത്തരത്തിൽ കൂട്ടിയിട്ട മണ്ണാണ് കനത്ത മഴയിൽ ദുരന്തംവിതച്ചത്. തുരങ്കനിർമാണത്തിനായി മണ്ണുമാറ്റിയ പ്രദേശത്തിന് സമീപത്താണ് തൊഴിലാളികളുടെ താമസസ്ഥലം. ഇത് സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘനമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഉരുൾപൊട്ടൽ സാധ്യതാ പ്രദേശത്ത് അതീവ ശ്രദ്ധയോടു കൂടി വേണം പ്രവർത്തനങ്ങൾ നടത്താനെന്ന വ്യവസ്ഥയോടെയാണ് പാരിസ്ഥിതിക ആഘാത സമിതി പദ്ധതിക്ക് അനുമതി കൊടുത്തത്. 60 ഉപാധികളോടെയാണ് പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി നൽകിയത്.
തുരങ്ക നിർമാണത്തിനായുള്ള ഖനന സമയത്ത് ഉണ്ടാവാൻ സാധ്യതയുള്ള സ്‌ഫോടനത്തിന്റെ ആഘാതം കുറയ്ക്കാൻ സി.എസ്.ഐ.ആർ, സി.ഐ.എം.എഫ്.ആർ എന്നിവ നൽകിയിട്ടുള്ള മുഴുവൻ നിർദേശങ്ങളും പാലിക്കണമെന്നതാണ് ഇതിൽ പ്രധാനം.
വൈബ്രേഷൻ, പ്രളയം, ഭൂമിശാസ്ത്ര പഠനങ്ങൾ എന്നിവയിലെ നിർദേശങ്ങൾ പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. നിർമാണ ജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായുള്ള സംവിധാനങ്ങൾ ഒരുക്കണം, നിർമാണത്തിൽ ഏർപ്പെടുന്നവർക്ക് മതിയായ സുരക്ഷ വേണമെന്നതടക്കമുള്ള വ്യവസ്ഥകളും അന്തിമ അനുമതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതെല്ലാം കാറ്റിൽപറത്തിയാണ് നിർമാണം പുരോഗമിക്കുന്നത്.
അതീവ പാരിസ്ഥിതിക ദുർബലമായ ചെമ്പ്ര മലയുടെയും വെള്ളരി മലയുടെയും അടിയിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്. അടിക്കടി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുന്ന മേഖലയാണിത്. പശ്ചിമഘട്ടത്തിന്റെ ഏറ്റവും ദുർബലമായ പ്രദേശം തുരന്ന് ടണലുണ്ടാക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പുകളും പാടേ അവഗണിക്കുകയായിരുന്നു.
നാനൂറിലേറെ ജീവനുകളെടുത്ത മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തം മറന്നാണ് തുരങ്കപാതയുമായി എൽ.ഡി.എഫ് സർക്കാർ മുന്നോട്ടു പോയത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്നു ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് കള്ളാടിയോട് ചേർന്നുള്ള പ്രദേശങ്ങൾ.
ഉരുൾപൊട്ടൽ സാധ്യതാ മേഖലയിലാണ് തുരങ്കപാത വരുന്നത് എന്ന കാര്യം സംസ്ഥാന പരിസ്ഥിതി ആഘാത സമിതി പ്രത്യേകം പറയുന്നുണ്ട്.
2019ലും 2024ലും വൻതോതിൽ മണ്ണിടിച്ചിലുണ്ടായ, മണ്ണിടിച്ചിലിന് സാധ്യതയുള്ള ദുർബലമായ ഭൂപ്രദേശങ്ങളിലൂടെയാണ് തുരങ്കപാതയുടെ അലൈൻമെന്റ് കടന്നുപോകുന്നത് എന്നതിനാൽ വിപുലമായ പരിസ്ഥിതി മാനേജ്‌മെന്റ് പ്ലാൻ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് സീനിയർ സയന്റിസ്റ്റ് ഡോ. ആർ അജയകുമാർ വർമ അധ്യക്ഷനായ എസ്.ഇ.എ.സിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു കാരണവശാലും തുരങ്കപാത നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി ഉൾപ്പെടെയുള്ള സംഘടനകൾ. എന്നാൽ സർക്കാർ കോടതിയെ സമീപിച്ച് അനുമതികൾ നേടിയെടുക്കുകയായിരുന്നു. 1600 കിലോമീറ്റർ ദൈർഘ്യമുള്ള പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സങ്കീർണവും അതീവ ലോലവുമായ പ്രദേശത്താണ് തുരങ്കം വരുന്നത്. 150 ദശലക്ഷം വർഷം പഴക്കമുള്ള പാറകളുള്ളതും അതിശക്തമായ മഴ പെയ്യുന്നതുമാണ് ഈ പ്രദേശം.
വയനാട് ജില്ലയിൽ പെയ്യുന്നതിൻ്റെ ശരാശരി അഞ്ചിരട്ടി മഴ ലഭിക്കുന്ന പ്രദേശമാണ് ചെമ്പ്ര മലയും താഴ് വാരവും. ഓരോ വർഷം കഴിയുന്തോറും മഴയുടെ തീവ്രത ഈ പ്രദേശത്ത് കൂടിക്കൂടി വരുകയാണ്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യതയും വർധിക്കുന്നു. കൂറ്റൻ പാറകൾ പൊട്ടിച്ചു നീക്കിയാണ് തുരങ്കം നിർമിക്കുന്നത്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മലമുകളിലേക്കു വരെ എത്താം. ഇതോടെ മണ്ണിന് കൂടുതൽ ബലക്ഷയം സംഭവിക്കും. കനത്ത മഴയിൽ ഇത് മണ്ണിടിച്ചിലിന് വഴിവയ്ക്കുമെന്ന് അന്നേ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അതെല്ലാം അവഗണിച്ചാണ് തുരങ്കപാത നിർമാണം മുന്നോട്ടു പോവുന്നത്.
തുരങ്കപാത കടന്നുപോകുന്ന പ്രദേശങ്ങൾ പല കാരണങ്ങൾ കൊണ്ടും പാരിസ്ഥിതികമായി പ്രാധാന്യമുള്ളതാണ്. നിത്യഹരിത വനങ്ങൾ, അർധ നിത്യഹരിത വനങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, ഷോല ട്രാക്കുകൾ എന്നിവയോടൊപ്പം വയനാട്, നീലഗിരി മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആനത്താരകൾ, ചാലിയാർ, കബനി തുടങ്ങിയവയുടെ നീർത്തട പ്രദേശങ്ങൾ എന്നിവയെല്ലാം ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം വർധിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."