പ്രതികാരം പിന്നെ ചെയ്താല്‍ മതിയോ? ഫ്രഞ്ച് പടയോട്ടത്തില്‍ അറ്റ്‌ലസ് സിംഹങ്ങളുടെ ഗര്‍ജനം നിലച്ചു; മാസ് കാണിച്ച് എംബാപ്പെ
ബോസ്റ്റണ്‍: ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ഫൈനലില്‍ കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍. എതിരില്ലാത്ത രണ്ടുഗോളിനാണ് ഫ്രാന്‍സ് വിജയിച്ച് കയറിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ഫ്രാന്‍സിന്റെ രണ്ട് ഗോളുകളും പിറന്നത്. 2022ലെ ലോകകപ്പിലെ സെമിയില്‍ ഫ്രാന്‍സിനോട് തോറ്റതിന് കണക്കുചോദിക്കാനാണ് മൊറോക്കോ കളത്തിലിറങ്ങിയത്. എന്നാല്‍ അറ്റ്‌ലസ് സിംഹങ്ങളുടെ പ്രതിരോധത്തെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്താണ് ഫ്രാന്‍സ് പടയോട്ടം നടത്തിയിരിക്കുന്നത്. മത്സരത്തിന്റെ എല്ലാ മേഖലയിലും മികച്ച് നില്‍ക്കാന്‍ ഫ്രാന്‍സിന് സാധിച്ചു.
അതേസമയം മൊറോക്കോ മത്സരത്തിലുടനീളം ജയിക്കണമെന്ന മനോഭാവത്തോടെയല്ല കളിച്ചത്. അത് അവരുടെ ആക്രമണത്തിലും നിഴലിച്ച് നിന്നു. മുന്നേറ്റങ്ങള്‍ക്കൊന്നും വേണ്ടത്ര ഏകോപനവും ഉണ്ടായിരുന്നില്ല. ഫ്രാന്‍സിന്റെ കരുത്തിന് മുന്നില്‍ മൊറോക്കോ ഭയന്ന് നില്‍ക്കുന്ന രീതിയായിരുന്നു മത്സരത്തിലുടനീളം. തുടക്കത്തില്‍ തന്നെ ഫ്രാന്‍സ് ആക്രമണങ്ങളുമായി മൊറോക്കോ ബോക്‌സിലേക്ക് ഇരച്ചെത്തിയെങ്കിലും ഫിനിഷിങ് മികവ് ടീമിന് തിരിച്ചടിയായി. പാസുകളിലെ കൃത്യത കുറവും പിന്നീട് തിരിച്ചടിയായി. ഇസ്മായില്‍ സായ്ബാരിയുടെ അഭാവം മൊറോക്കോയുടെ ആക്രമണങ്ങളിലെ മൂര്‍ച്ചയില്ലായ്മയില്‍ പ്രകടമായിരുന്നു.
ഒരിക്കല്‍ കൂടി മൈക്കില്‍ ഒലിസെയുടെ പ്രകടനം ഫ്രാന്‍സിന് മികച്ച അവസരങ്ങള്‍ ഒരുക്കികൊടുക്കുന്നതാണ് കണ്ടത്. ഒലിസെയുടെ നീക്കങ്ങള്‍ ഡെംബലെയ്ക്ക് അവസരങ്ങള്‍ ഒരുക്കികൊടുത്തിരുന്നു. എന്നാല്‍ അഡ്രിയാന്‍ റാബിയറ്റിന്റെ ഷോട്ട് പുറത്തേക്ക് പോയി. 26ാം മിനുട്ടില്‍ ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. നുസൈര്‍ മസറൂയി എംബാപ്പെയെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍ കിക്കെടുത്ത എംബാപ്പെയ്ക്ക് പിഴച്ചു. ഗോള്‍കീപ്പര്‍ ബോണോ ഇത് രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യ പകുതിയില്‍ പത്തോളം അവസരങ്ങള്‍ ഫ്രാന്‍സിന് ലഭിച്ചെങ്കിലും ഗോളൊന്നും വന്നില്ല.
രണ്ടാം പകുതിയിലാണ് കാര്യങ്ങള്‍ മാറിയത്. കൂടുതല്‍ ചിട്ടയോടെ കളിച്ച ഫ്രാന്‍സ് മൊറോക്കോയുടെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി. 60ാം മിനുട്ടില്‍ എംബാപ്പെയുടെ ഗോളെത്തി. മിന്നല്‍ ഷോട്ടിലായിരുന്നു ടൂര്‍ണമെന്റിലെ എട്ടാം ഗോള്‍ താരം നേടിയത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ താരം വീണ്ടും ഒന്നാമതെത്തി. ആറുമിനുട്ടിനുള്ളില്‍ ഉസ്മാന്‍ ഡെംബലെ കൂടി സ്‌കോര്‍ ചെയ്തതോടെ ഫ്രാന്‍സ് മികച്ച ജയവുമായി സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."