റസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ്; ഇൻഫ്ലുവൻസർക്ക് 81,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി
അബുദബി: സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ നിയമത്തിന്റെ പരിധി ലംഘിച്ച് അപകീർത്തിയുടെ തലത്തിലേക്ക് കടന്നാൽ യുഎഇയിൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി കോടതി വിധി. അബുദബിയിലെ ഒരു പ്രശസ്ത റസ്റ്റോറന്റിനെതിരെ അപകീർത്തികരമായ രീതിയിൽ വീഡിയോ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് കോടതി 81,000 ദിർഹം (ഏകദേശം 18 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴ ചുമത്തി.
റസ്റ്റോറന്റിന്റെ സേവനങ്ങളെയോ ഭക്ഷണത്തെയോ കുറിച്ചുള്ള വസ്തുനിഷ്ഠമായ അവലോകനം നടത്തുന്നതിന് പകരം, ഉടമയുടെ സത്യസന്ധതയെയും വ്യക്തിത്വത്തെയും നേരിട്ട് അധിക്ഷേപിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അബുദബി കോടതിയുടെ കർശന നടപടി.
പ്രതി റസ്റ്റോറന്റിൽ എത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വീഡിയോ പങ്കുവെക്കുകയായിരുന്നു. റസ്റ്റോറന്റ് ഉടമയുടെ ബിസിനസ്സ് രീതികളെയും മാന്യതയെയും ചോദ്യം ചെയ്യുന്നതായിരുന്നു ഈ വീഡിയോ. ഇത് തന്റെ വ്യക്തിപരവും ബിസിനസ്സ് പരവുമായ പ്രശസ്തിയെ സാരമായി ബാധിച്ചുവെന്ന് കാണിച്ച് ഉടമ നൽകിയ പരാതിയിലാണ് നടപടി.
അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചെങ്കിലും, താൻ വെറുമൊരു വിമർശനം മാത്രമാണ് ഉദ്ദേശിച്ചതെന്നാണ് കോടതിയിൽ വാദിച്ചത്. എന്നാൽ, ഉള്ളടക്കം വ്യക്തമായ അപകീർത്തിയും വ്യക്തിഹത്യയുമാണെന്ന് പബ്ലിക് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും നിഗമനത്തിലെത്തുകയായിരുന്നു.
അപകീർത്തികരമായ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് ഉടനടി നീക്കം ചെയ്യാനും, ഉള്ളടക്കം റെക്കോർഡ് ചെയ്യാനും പ്രചരിപ്പിക്കാനും ഉപയോഗിച്ച സ്മാർട്ട്‌ഫോൺ കണ്ടുകെട്ടാനും കോടതി നിർദ്ദേശിച്ചു.
നിയമാനുസൃത വിമർശനവും അപകീർത്തിയും: യുഎഇ നിയമം പറയുന്നത് എന്ത്?
സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ പാലിക്കേണ്ട നിയമപരമായ അതിർവരമ്പുകൾ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (ADJD) വ്യക്തമാക്കുന്നുണ്ട്.
ആർട്ടിക്കിൾ 425 പ്രകാരം ഒരാൾക്കെതിരെ പരസ്യമായി അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചാൽ രണ്ട് വർഷം വരെ തടവോ 20,000 ദിർഹം വരെ പിഴയോ ലഭിക്കാം. പത്രങ്ങളിലൂടെയോ ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളിലൂടെയോ ആണ് ഇത് ചെയ്യുന്നതെങ്കിൽ ശിക്ഷയുടെ കാഠിന്യം കൂടും.
ആർട്ടിക്കിൾ 426 പ്രകാരം ഒരു പ്രത്യേക വസ്തുത ആരോപിക്കാതെ, മറ്റൊരാളുടെ അന്തസ്സിനും ബഹുമാനത്തിനും ക്ഷതമേൽപ്പിക്കുന്ന പൊതുവായ അധിക്ഷേപങ്ങളെയും മോശം പരാമർശങ്ങളെയും ഈ വകുപ്പ് വിലക്കുന്നു.
ഡിജിറ്റൽ മാധ്യമങ്ങളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ മറ്റൊരാളെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്താൽ സൈബർ നിയമപ്രകാരം പിടിവീഴും. ഈ നിയമപ്രകാരം ഡിജിറ്റൽ അപകീർത്തിക്ക് കുറഞ്ഞത് 250,000 ദിർഹം മുതൽ പരമാവധി 500,000 ദിർഹം വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്. കൂടാതെ സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്ന വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ചാൽ കുറഞ്ഞത് ഒരു വർഷം തടവും 100,000 ദിർഹം പിഴയും ലഭിക്കും.
A UAE court has ordered an influencer to pay AED 81,000 in compensation for publishing a defamatory social media post against a restaurant, highlighting the country's strict defamation and cybercrime laws.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."