'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം
ദുബൈ: മരുഭൂമിയിലെ ചെറുതുറമുഖത്തിൽ നിന്നും ലോകത്തെ വിസ്മയിപ്പിച്ച ആഗോള സാമ്പത്തിക-വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള ദുബൈയുടെ വളർച്ച ഒരു അസാധാരണ ചരിത്രമാണ്. ആ ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതപ്പെട്ട പേരാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നാളെ തന്റെ 77-ാം ജന്മദിനം ആഘോഷിക്കുകയാണ്. ദർശനവും ധീരതയും കൊണ്ട് ചരിത്രം തിരുത്തിക്കുറിച്ച ഒരു ജനനായകന്റെ സമാനതകളില്ലാത്ത ജീവിതയാത്രയിലൂടെ ഒരു ലഘുസഞ്ചാരം.
1949 ജൂലൈ 15-നാണ് ചരിത്രപ്രസിദ്ധമായ അൽ ഷിന്ദഗയിലെ അൽ മക്തൂം കുടുംബത്തിൽ ശൈഖ് മുഹമ്മദ് ജനിക്കുന്നത്. അക്കാലത്ത് അദ്ദേഹത്തിന്റെ മുത്തച്ഛൻ ശൈഖ് സയീദ് ബിൻ മക്തൂം ആയിരുന്നു ദുബൈ ഭരണാധികാരി. മുത്തച്ഛന്റെ ഭരണപാടവവും ജ്ഞാനവും കണ്ടാണ് അദ്ദേഹം വളർന്നത്. 1958-ൽ പിതാവ് ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം ദുബൈയുടെ ഭരണം ഏറ്റെടുത്തതോടെ, ഭരണനിർവഹണം വെറുമൊരു ചർച്ചയല്ല, മറിച്ച് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്ന് ചെറുപ്പക്കാരനായ മുഹമ്മദ് തിരിച്ചറിഞ്ഞു.
അദ്ദേഹത്തിന്റെ വ്യക്തിത്വ രൂപീകരണത്തിൽ അമ്മ ശൈഖ ലത്തീഫ ബിൻത് ഹംദാൻ അൽ നഹ്യാൻ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. തന്റെ പ്രശസ്തമായ 'മൈ സ്റ്റോറി' എന്ന പുസ്തകത്തിൽ അമ്മയെക്കുറിച്ച് അദ്ദേഹം വികാരാധീനനായി കുറിച്ചിട്ടുണ്ട്: "അമ്മ പോയപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ നിന്നും വീടുകളിൽ നിന്നും എന്തോ ഒന്നാണ് ഇല്ലാതായത്. എന്റെ അമ്മയെപ്പോലെ മറ്റാരുണ്ട്? ലത്തീഫയെപ്പോലെ ആരാണുള്ളത്?"
വിദ്യാഭ്യാസവും സൈനിക പരിശീലനവും
നാലാം വയസ്സിൽ അറബി ഭാഷയും ഇസ്‌ലാമിക പഠനങ്ങളും അഭ്യസിച്ചുകൊണ്ട് തുടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അൽ അഹ്മദിയ, അൽ ഷാബ്, ദുബൈ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം സൈനിക വിദ്യാഭ്യാസത്തിനായി അദ്ദേഹം ബ്രിട്ടനിലേക്ക് തിരിച്ചു.
1966-ൽ ഉപരിപഠനത്തിനായി കേംബ്രിഡ്ജിലെ ബെൽ സ്കൂൾ ഓഫ് ലാംഗ്വേജസിലെത്തി. പിന്നീട് മോൺസ് ഓഫീസർ കേഡറ്റ് സ്കൂൾ കഠിനമായ സൈനിക പരിശീലനം പൂർത്തിയാക്കി സെക്കൻഡ് ലെഫ്റ്റനന്റ് പദവി നേടി. മികച്ച പ്രകടനത്തിന് 'സ്വോർഡ് ഓഫ് ഓണർ' ബഹുമതിയും സ്വന്തമാക്കി.
1968 ഒക്ടോബറിൽ സൈനിക ബിരുദം നേടിയ ശേഷം വെറും 19-ാം വയസ്സിൽ അദ്ദേഹം ദുബൈ പൊലിസിന്റെയും പൊതു സുരക്ഷാ വിഭാഗത്തിന്റെയും മേധാവിയായി നിയമിതനായി. യുഎഇ രൂപീകരണത്തിന് മുന്നോടിയായി 1968 ഫെബ്രുവരി 18-ന് ശൈഖ് സായിദും ശൈഖ് റാഷിദും തമ്മിൽ നടത്തിയ ചരിത്രപരമായ 'അൽ സെദീര കൂടിക്കാഴ്ച'യ്ക്ക് സാക്ഷിയാകാൻ യുവാവായ ശൈഖ് മുഹമ്മദിന് സാധിച്ചിരുന്നു.
1971 ഡിസംബർ 2-ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) ഔദ്യോഗികമായി രൂപീകൃതമായപ്പോൾ, വെറും 22 വയസ്സുള്ള ശൈഖ് മുഹമ്മദ് രാജ്യത്തിന്റെ ആദ്യ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയെന്ന റെക്കോർഡോടെ, അഞ്ച് പതിറ്റാണ്ടിലേറെ അദ്ദേഹം ആ പദവിയിൽ രാജ്യാതിർത്തികൾക്ക് കാവലൊരുക്കി. 2024-ലാണ് അദ്ദേഹം ഈ ചുമതല തന്റെ മകനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന് കൈമാറുന്നത്.
ദുബൈയുടെ ഭാഗധേയം മാറ്റിയ കിരീടാവകാശി
1995 ജനുവരിയിൽ ശൈഖ് മുഹമ്മദ് ദുബൈയുടെ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടു. ഈ നിയമനമാണ് ആധുനിക ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. അദ്ദേഹത്തിന്റെ അതിരറ്റ ഊർജ്ജസ്വലതയും ദീർഘവീക്ഷണവും ദുബൈയിൽ മെഗാ പ്രോജക്റ്റുകളുടെ ഒരു പരമ്പരയ്ക്ക് തന്നെ തുടക്കമിട്ടു.
ഓപ്പൺ സ്കൈസ് നയത്തിലൂടെ ദുബൈ എയർപോർട്ടിനെ അദ്ദേഹം ആഗോള ഹബ്ബാക്കി മാറ്റി. എമിറേറ്റ്സ് എയർലൈൻ എന്ന ആഗോള ബ്രാൻഡ് കെട്ടിപ്പടുത്തു. കൂടാതെ ജെബൽ അലി തുറമുഖവും ജെബൽ അലി ഫ്രീ സോണും (JAFZA) സ്ഥാപിച്ച് ആഗോള നിക്ഷേപകരെ ആകർഷിക്കുകയും ചെയ്തു.
ബുർജ് ഖലീഫ, ബുർജ് അൽ അറബ്, പാം ഐലൻഡ്‌സ്, ദുബൈ മറീന തുടങ്ങിയ ലോകോത്തര നിർമ്മിതികൾക്ക് നേരിട്ട് മേൽനോട്ടം വഹിച്ചു.
ഭരണാധികാരിയും ജനനായകനും
2006 ജനുവരി 4-ന് സഹോദരൻ ശൈഖ് മക്തൂമിന്റെ വിയോഗത്തെ തുടർന്ന് ശൈഖ് മുഹമ്മദ് ദുബൈയുടെ പത്താമത്തെ ഭരണാധികാരിയായി ചുമതലയേറ്റു. തൊട്ടുപിന്നാലെ യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി അദ്ദേഹം നിയമിതനായി.
'യുഎഇ വിഷൻ 2021' ഉൾപ്പെടെയുള്ള വികസന പദ്ധതികളിലൂടെ സ്മാർട്ട് ഗവൺമെന്റ് സേവനങ്ങൾ രാജ്യവ്യാപകമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
'നബതി' കവിയും കുതിരപ്പന്തയത്തിലെ ഇതിഹാസവും
ഭരണാധികാരിയെന്ന റോളുകൾക്കപ്പുറം കലയിലും കായികരംഗത്തും ശൈഖ് മുഹമ്മദ് തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. അറബ് ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നബതി കവിയാണ് അദ്ദേഹം. ആദ്യകാലങ്ങളിൽ തന്റെ പേര് വെളിപ്പെടുത്താതെ കവിതകൾ എഴുതിയിരുന്ന അദ്ദേഹത്തിന്റെ വരികൾക്ക് കാദിം അൽ സാഹിർ, അസാല നസ്രി തുടങ്ങിയ പ്രശസ്ത അറബ് ഗായകർ ഈണം പകർന്നിട്ടുണ്ട്.
ലോകമെമ്പാടും 'ഫാരിസ് അൽ അറബ്' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കുതിരപ്പന്തയ ടീമായ 'ഗോഡോൾഫിൻ' അദ്ദേഹത്തിന്റെ ആശയമാണ്. 1996-ൽ ലോകത്തിലെ ഏറ്റവും ചെലവേറിയ കുതിരപ്പന്തയമായ 'ദുബൈ വേൾഡ് കപ്പ്' ആരംഭിച്ചതും അദ്ദേഹമാണ്.
"പൗരനാണ് എപ്പോഴും ഒന്നാമതും രണ്ടാമതും മൂന്നാമതും വരുന്നത്. ജനങ്ങളെയും മാനവികതയെയും കെട്ടിപ്പടുക്കുക എന്നതാണ് ഏറ്റവും മഹത്തായ ലക്ഷ്യം." ശൈഖ് മുഹമ്മദിന്റെ ഈ വാക്കുകൾ തന്നെയാണ് യുഎഇയുടെ വികസന തത്ത്വശാസ്ത്രം. ഇന്ന് ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതവും സുരക്ഷിതവുമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ മുൻപന്തിയിൽ നിൽക്കുമ്പോൾ, അതിന് പിന്നിൽ 77 വർഷം പൂർത്തിയാക്കുന്ന ഈ ദീർഘദർശിയായ നേതാവിന്റെ നിശ്ചയദാർഢ്യത്തിന്റെ കഥയുണ്ട്. ലോകമെമ്പാടുമുള്ള ഭരണാധികാരികൾക്ക് കണ്ടുപഠിക്കാവുന്ന ഒരു ലീഡർഷിപ്പ് സ്‌കൂൾ കൂടിയാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്ന വ്യക്തിത്വം.
Dubai celebrates the 77th birthday of Sheikh Mohammed bin Rashid Al Maktoum, affectionately known as 'Faris Al Arab', whose visionary leadership transformed Dubai into a global hub for business, tourism, and innovation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."