യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം
തെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ധാരണകൾ അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കണമെന്ന ആവശ്യവുമായി ഇറാൻ പാർലമെന്റിലെ ഭൂരിപക്ഷം എംപിമാരും രംഗത്ത്. ആകെ 290 അംഗങ്ങളുള്ള പാർലമെന്റിലെ 180 എംപിമാരാണ് ഈ ആവശ്യമുന്നയിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന്മേൽ പൂർണ്ണമായ നിയന്ത്രണം നിയമവിധേയമാക്കണമെന്നും എംപിമാർ ആവശ്യപ്പെടുന്നു. അമേരിക്കൻ ഉപരോധങ്ങൾ എത്ര കടുത്തതായാലും ഇറാന്റെ എണ്ണ കയറ്റുമതി തടയാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ജനപ്രതിനിധികളുടെ ഈ നീക്കം. നയതന്ത്ര ചർച്ചകൾക്കായി പ്രത്യേക കമ്മീഷൻ രൂപീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ഇറാനെ അതൃപ്തി അറിയിച്ച് ഇന്ത്യ
അതേസമയം, ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്തുപേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇറാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ രംഗത്തെത്തി. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
'എംടി അൽ ബഹിയ', 'എംടി മൊംബാസ' എന്നീ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ കപ്പലുകളിലുണ്ടായിരുന്ന 46 ജീവനക്കാരിൽ 30 പേരും ഇന്ത്യൻ നാവികരായിരുന്നു. കൊല്ലപ്പെട്ട നാവികൻ 'അൽ ബഹിയ' എന്ന ടാങ്കറിലെ ജീവനക്കാരനാണ്.
സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ഡൽഹിയിലെ ഇറാൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചു വരുത്തി കടുത്ത അമർഷം അറിയിച്ചു. സാധാരണക്കാരായ നാവികർക്ക് നേരെയുള്ള അതിക്രമങ്ങളും അന്താരാഷ്ട്ര സമുദ്രപാതകളിലെ സുരക്ഷിതമായ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങളും ഒട്ടും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ദുരന്തത്തിൽപ്പെട്ട നാവികരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച വിദേശകാര്യ മന്ത്രാലയം, യുഎഇയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും പ്രാദേശിക അധികൃതരുമായി ചേർന്ന് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുനൽകി. പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും സംഘർഷങ്ങൾ രൂക്ഷമാകുന്നതിൽ രാജ്യം കടുത്ത ആശങ്ക രേഖപ്പെടുത്തി.
മേഖലയിലെ സമാധാനവും സുരക്ഷയും മുൻനിർത്തി അക്രമങ്ങൾ ഉടനടി അവസാനിപ്പിച്ച് ഇരുവിഭാഗവും ചർച്ചകളിലേക്കും നയതന്ത്രത്തിലേക്കും മടങ്ങിയെത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സമുദ്രപാതകളിലൂടെയുള്ള സ്വതന്ത്ര വ്യാപാരവും ഗതാഗതവും പുനഃസ്ഥാപിക്കാൻ വാണിജ്യ കപ്പലുകൾക്കും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
the iranian parliament is launching a joint effort to officially withdraw from its peace and diplomatic agreements with the united states, marking a significant rise in geopolitical tensions between the two nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."