കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ഇടതു അംഗങ്ങളെ പുറത്താക്കാൻ സർക്കാർ; ഓർഡിനൻസ് ഉടൻ
കൊല്ലം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ഇടത് അംഗങ്ങളെ പുറത്താക്കാൻ സർക്കാർ. ഗവേണിങ് കൗൺസിൽ പിരിച്ചുവിടുകയും എക്‌സിക്യൂട്ടീവ് ബോഡി പുനഃസംഘടിപ്പിക്കാൻ ഓർഡിനൻസ് ഇറക്കുകയും ചെയ്യും.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ ഭരണമാറ്റത്തിന് പിന്നാലെ രാജി വച്ചിരുന്നു.
തുടർന്ന് യു.ഡി.എഫ് സർക്കാർ വൈസ് ചെയർമാനായി കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്‌സ് വിഭാഗം മേധാവിയായിരുന്ന ഡോ. അച്യുത് ശങ്കറിനെയും മെമ്പർ സെക്രട്ടറിയായി കൊണ്ടോട്ടി ആർട്‌സ് ആൻഡ് സയൻസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ആബിദാ ഫാറൂഖിയെയും നിയമിച്ചിരുന്നു. എന്നാൽ, എൽ.ഡി.എഫ് സർക്കാർ നാമനിർദേശം ചെയ്ത അഞ്ച് അംഗങ്ങൾ രാജിവയ്ക്കാൻ തയാറാകാത്തതിനെ തുടർന്ന് കൗൺസിലിൽ പ്രതിസന്ധി ഉടലെടുത്തിരുന്നു. കൗൺസിലിലെ അഞ്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളും ഇടതു അനുകൂലികളാണ്.
മാസംതോറും കൗൺസിൽ യോഗം ചേർന്ന് സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. എന്നാൽ, പല വിഷയങ്ങളിലും ഇടത് അംഗങ്ങൾ എതിർപ്പ് ഉന്നയിക്കുമെന്നത് മുന്നിൽക്കണ്ടാണ് പുറത്താക്കാൻ സർക്കാർ തീരുമാനിച്ചത്. യോഗം അനിശ്ചിതമായി നീട്ടിവയ്ക്കാൻ കഴിയില്ല.
2023ലാണ് എൽ.ഡി.എഫ് സർക്കാർ മുതിർന്ന അക്കാദമിക് വിദഗ്ധരായ സാബു തോമസ്, എം.എസ് രാജശ്രീ, പി.പി അജയകുമാർ, പോൾ വി. കരന്തനം, കെ.കെ ദാമോദരൻ എന്നിവരെ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് ബോഡിയിലേക്ക് നാലുവർഷ കാലാവധിയിൽ നാമനിർദേശം ചെയ്തത്. ഈ അഞ്ച് അംഗങ്ങളുടെ കാലാവധി 2027 സെപ്റ്റംബറിൽ മാത്രമേ അവസാനിക്കൂ.
നിയമപ്രകാരം അച്ചടക്ക കാരണങ്ങളില്ലാതെ എക്‌സിക്യൂട്ടീവ് ബോഡിയിലെ അംഗങ്ങളെ നീക്കംചെയ്യാനാകില്ല.
2016ൽ ഇടതുമുന്നണി അധികാരത്തിൽ വന്നപ്പോൾ അന്നത്തെ വൈസ് ചെയർമാൻ ടി.പി ശ്രീനിവാസനും മെമ്പർ സെക്രട്ടറി പി. അൻവറും രാജിവച്ചെങ്കിലും യു.ഡി.എഫ് നോമിനികളിൽ ചിലർ എക്‌സിക്യൂട്ടീവ് ബോഡിയിൽ തുടർന്നു. തുടർന്ന് ഓർഡിനൻസിലൂടെ യു.ഡി.എഫ് സർക്കാർ നിയമിച്ചവരെ പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."