സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി
മലപ്പുറം: ഏറെ വിവാദമായ പൊന്നാനി പീഡനക്കേസിൽ പ്രതികളായ ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന രീതിയിൽ പൊലിസിന്റെ വിചിത്ര നടപടി. കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് പൊന്നാനി പൊലിസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിരിക്കുന്നത്. കേസിൽ പ്രതികളായ മൂന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെയും പേരുകൾ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടില്ല. പകരം ഇവരുടെ മുൻ പദവികൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു പരാതിയിൽ മൂന്ന് എഫ്.ഐ.ആറുകളാണ് പൊലിസ് തയാറാക്കിയിട്ടുള്ളത്. മുൻ എസ്.പി സുജിത് ദാസ്, മുൻ ഡിവൈ.എസ്.പി വി.വി. ബെന്നി, മുൻ സി.ഐ വിനോദ് വലിയാറ്റൂർ എന്നിവരാണ് കേസിലെ പ്രതികൾ. എന്നാൽ എഫ്.ഐ.ആറിൽ ഇവരുടെ പേരിന് പകരം മുൻ എസ്.പി, മുൻ ഡിവൈ.എസ്.പി, മുൻ സി.ഐ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളുടെ സ്ഥിരം മേൽവിലാസമായി ഇവരുടെ ഔദ്യോഗിക ഓഫീസ് വിലാസമാണ് നൽകിയിട്ടുള്ളത്. ഇതിനുപുറമേ, നിയമപ്രകാരം അതീവ രഹസ്യമായി സൂക്ഷിക്കേണ്ട അതിജീവിതയുടെ പേര് എഫ്.ഐ.ആറിൽ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ശരിവെച്ചത്. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചായിരുന്നു ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിക്രമങ്ങളിൽ യാതൊരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
കേസിൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലേയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു എന്നതുകൊണ്ട് മാത്രം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരിക്കാനാകില്ലെന്നും, ഇത്തരം നടപടികൾ അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നടപ്പാക്കാൻ എസ്.എച്ച്.ഒയ്ക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നുമുള്ള ഹൈക്കോടതിയുടെ കർശന നിലപാടിന് പിന്നാലെയാണ് ഇന്ന് പൊന്നാനി പൊലിസ് കേസ് എടുത്തത്. എന്നാൽ നിയമവിരുദ്ധമായ രീതിയിലാണ് എഫ്.ഐ.ആർ തയാറാക്കിയിരിക്കുന്നത്.
2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊന്നാനി സ്വദേശിയായ യുവതി മറ്റൊരു പരാതിയുമായി ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് ഇവർ തങ്ങളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതിപ്പെട്ടത്. നീതിക്കായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും ഫലം കാണാതെ വന്നതോടെയാണ് അതിജീവിത സുപ്രിംകോടതിയെ സമീപിച്ചത്. തുടർന്ന് പരാതി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സുപ്രിംകോടതി പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് നിർദ്ദേശിക്കുകയായിരുന്നു.
ഇതനുസരിച്ചാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശിച്ചത്. ഉന്നത പൊലിസ് ഉദ്യോഗസ്ഥർ പ്രതികളായ കേസ് ആയതിനാൽ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് കേസ് അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. പ്രതികളുടെ പേര് ഒഴിവാക്കിയുള്ള പൊലിസിന്റെ പുതിയ നീക്കം വൻ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
The controversy surrounds the Ponnani sexual assault case, involving serious allegations against three senior Kerala police officers: former Malappuram SP S. Sujith Das, former Tirur DySP V.V. Benny, and former Ponnani CI Vinod Valiyattoor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."