കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു
കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോള്‍ ടീം ആരാധകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റതായി പരാതി. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ വാട്‌സാപ്പ് കൂട്ടായ്മയില്‍ ഉണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
കുറ്റിക്കാട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഷാനിസിനാണ് മര്‍ദ്ദനമേറ്റത്. അക്രമികള്‍ ഷാനിസിന്റെ വീട്ടില്‍ കയറി ജനല്‍ചില്ലുകള്‍ തകര്‍ത്തതായും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പതിനാറാം തിയ്യതിയാണ് സംഭവം നടന്നത്. ഷാനിസിന്റെ വീട്ടിലുണ്ടായിരുന്ന ബൈക്കും തകര്‍ത്തതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു.
അതേസമയം, ലോകകപ്പ് ഫൈനല്‍ മത്സരത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ പൊലിസ് സുരക്ഷയും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. ആഘോഷങ്ങളുടെ പേരില്‍ നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്നും നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പൊലിസ് കമ്മീഷണര്‍ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി.
അപകടകരമായ ബൈക്ക് റേസിങ്, വാഹനങ്ങളില്‍ അഭ്യാസപ്രകടനങ്ങള്‍, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതവേഗ യാത്ര, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയിലുള്ള പടക്കം പൊട്ടിക്കല്‍, പൊതുസമാധാനം തകര്‍ക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആഘോഷങ്ങളുടെ മറവില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ ഭാരതീയ ന്യായ സംഹിത (BNS),
ഭാരതീയ നാഗരിക സുരക്ഷാ സംഹിത (BNSS), മോട്ടോര്‍ വാഹന നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
കായിക വിജയങ്ങള്‍ സമാധാനപരമായും നിയമം പാലിച്ചും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിച്ചും ആഘോഷിക്കണമെന്നും മാതാപിതാക്കളും വാഹന ഉടമകളും പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ ആരും നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പൊലിസ് അഭ്യര്‍ഥിച്ചു.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും നഗരത്തില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായി പൊലിസ് സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."