ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു
അബുദബി: ദുബൈ ഡൗണ്ടൗണിൽ സ്‌ഫോടനം നടന്നതായി അവകാശപ്പെട്ട് വ്യാജവാർത്ത പ്രസിദ്ധീകരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കൃത്യമായ വിവരങ്ങൾ ശേഖരിക്കാതെയും ഔദ്യോഗിക സ്ഥിരീകരണം ഇല്ലാതെയും വാർത്ത നൽകിയ മാധ്യമസ്ഥാപനത്തിലെ റിപ്പോർട്ടർ, എഡിറ്റർമാർ എന്നിവരടക്കമുള്ള ജീവനക്കാരെ പ്രോസിക്യൂഷൻ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
സെൻട്രൽ ദുബൈയിൽ സ്‌ഫോടനങ്ങൾ നടന്നെന്ന തരത്തിൽ പ്രചരിച്ച വ്യാജ റിപ്പോർട്ടിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് യുഎഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി വ്യക്തമാക്കി.
വിവാദമായ റിപ്പോർട്ട് തയ്യാറാക്കിയ റിപ്പോർട്ടറുടെ മൊഴി പ്രോസിക്യൂഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, വാർത്തയ്ക്ക് അനുമതി നൽകിയവർ, എഡിറ്റിംഗ് പാനലിൽ ഉണ്ടായിരുന്നവർ, പ്രസിദ്ധീകരിക്കാൻ ഉത്തരവാദികളായവർ എന്നിവരെയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി.
പ്രസിദ്ധീകരണത്തിന് മുൻപ് മാധ്യമസ്ഥാപനം സ്വീകരിച്ച നടപടിക്രമങ്ങൾ എന്തൊക്കെയായിരുന്നു, വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കുന്നതിനുള്ള നിയമപരവും പ്രൊഫഷണലുമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നിവയാണ് അധികാരികൾ പ്രധാനമായും പരിശോധിക്കുന്നത്.
മാപ്പപേക്ഷ നടത്തിയാലും രക്ഷയില്ല; കർശന നടപടി
സംഭവത്തിൽ തെറ്റായ റിപ്പോർട്ട് പിൻവലിക്കുകയും വാർത്താ ഏജൻസി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, വാർത്ത പിൻവലിച്ചതുകൊണ്ടോ മാപ്പ് പറഞ്ഞതുകൊണ്ടോ അന്വേഷണം അവസാനിക്കില്ലെന്ന് ഡോ. അൽ ഷംസി അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
"വാർത്താ ഏജൻസിയുടെ ക്ഷമാപണം നിലവിലെ അന്വേഷണത്തെ ബാധിക്കില്ല. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നിയമപ്രകാരമുള്ള കർശനമായ നടപടികൾ സ്വീകരിക്കും." ഡോ. ഹമദ് സെയ്ഫ് അൽ ഷംസി വ്യക്തമാക്കി.
വ്യാജവാർത്തകൾ പടച്ചുവിടുന്നവർക്കെതിരെയും രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് യുഎഇ അധികൃതർ നൽകുന്നത്.
The UAE Public Prosecution has intensified its investigation into the fake Dubai explosion report, questioning the reporter and editors involved while reinforcing strict measures against spreading false information.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."