സൗമ്യ വധക്കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം
ന്യൂഡല്‍ഹി: സൗമ്യ വധക്കേസ് വീണ്ടും തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പുനഃപരിശോധനാ ഹരജി ഫയല്‍ ചെയ്യുമെന്ന് നിയമ മന്ത്രി എ.കെ ബാലന്‍. ഈ ആഴ്ച തന്നെ ഹരജി ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരായ പുനഃപരിശോധനാ ഹരജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം അറ്റോര്‍ണി ജനറല്‍ (എ.ജി) മുകുള്‍ റോഹ്തഗി സുപ്രിം കോടതിയില്‍ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റോഹ്തഗിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എ.ജിയുമായി ഫോണില്‍ ബന്ധപ്പെട്ടതായും മന്ത്രി പറഞ്ഞു. എ.ജി ഹാജരാകുന്നതിനാല്‍ സര്‍ക്കാരിന്റെ ആശങ്കകള്‍ കേള്‍ക്കാന്‍ കോടതി തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നതുവരെ ഗോവിന്ദച്ചാമി വെളിച്ചം കാണില്ല. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയാണെന്ന് സുപ്രിം കോടതിതന്നെ പല വിധികളിലൂടെ പറഞ്ഞിട്ടുള്ളതാണ്. പതിനാല് വര്‍ഷം കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അപേക്ഷ ലഭിച്ചാല്‍ ഇളവ് നല്‍കാമെന്നാണ് ചട്ടം. സര്‍ക്കാര്‍ തീരുമാനിക്കുംവരെ ഗോവിന്ദച്ചാമി ജയിലില്‍ തന്നെ കഴിയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
സൗമ്യ ട്രെയിനില്‍ നിന്ന് വീഴുന്നത് കണ്ട കേസിലെ ഏക ദൃക്‌സാക്ഷിയെ കണ്ടെത്താന്‍ കഴിയാത്തത് പ്രോസിക്യൂഷന്റെ വീഴ്ചയാണ്. എന്നാല്‍ ഇനി ഇയാളെ കണ്ടെത്തിയിട്ടും വലിയ കാര്യമൊന്നുമില്ല.
ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടി നയം വധശിക്ഷയ്‌ക്കെതിരാണ്. എന്നാല്‍ ഗോവിന്ദച്ചാമിയെ നൂറ്‌വട്ടം തൂക്കിലേറ്റണമെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി ബാലന്‍ പറഞ്ഞു.
കേസില്‍ ഹാജരാകാന്‍ മുതിര്‍ന്ന അഭിഭാഷകനായ തോമസ് പി.ജോസഫിനെ നിയമിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്. അത് മറന്നുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ അതേ അഭിഭാഷകനെതിരേ പ്രസ്താവനകള്‍ നടത്തുന്നത്. ഇതു തരംതാഴ്ന്ന രാഷ്ട്രീയമാണെന്ന് മന്ത്രി പറഞ്ഞു. കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സുരേശനെ ഉള്‍പ്പെടുത്താന്‍ ഉത്തരവുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. എന്നാല്‍ ആ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേശന്‍ ഒഴിഞ്ഞുനിന്നത്. തോമസ് പി.ജോസഫ് മികച്ച രീതിയില്‍ തന്നെയാണ് കേസ് കൈകാര്യം ചെയ്തത്. മുന്‍ സര്‍ക്കാര്‍ നിയമിച്ച മികച്ച അഭിഭാഷകരെ തുടരാനാണ് സര്‍ക്കാര്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."