HOME
DETAILS
MAL
വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍
Web Desk
July 27, 2026 | 1:52 AM
സംസ്ഥാനത്തെ പത്താമത്തെ ജില്ലയായ മലപ്പുറം 1969 ജൂണ്‍ 16നാണ് പശ്ചിമഘട്ടവും ചാലിയാറും അറബിക്കടലും കുന്തിപ്പുഴയും അതിരുകളാക്കി നിലവില്‍വന്നത്. രൂപീകരണഘട്ടം മുതല്‍ തന്നെ വിവാദങ്ങള്‍ക്ക് നടുവിലായിരുന്ന ഈ ജില്ല, ഇന്ന് കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയാണ്. തദ്ദേശസ്ഥാപനങ്ങളുടെ എണ്ണത്തിലും നിയമസഭാ മണ്ഡലങ്ങളുടെ എണ്ണത്തിലും സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തുമാണ്.
ജില്ല രൂപീകരിക്കുമ്പോള്‍ ഏകദേശം 14 ലക്ഷം മാത്രമായിരുന്ന ജനസംഖ്യ ഇന്ന് മൂന്നിരട്ടിയിലേറെ വര്‍ധിച്ച് അരക്കോടിയോട് അടുക്കുകയാണ്. ജനസംഖ്യയില്‍ ഒന്നാമതും ഭൂവിസ്തൃതിയില്‍ രണ്ടാമതുമുള്ള മലപ്പുറം, അടിസ്ഥാന സൗകര്യങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും കാര്യത്തില്‍ ഇന്നും പിന്നാേക്കാവസ്ഥ നേരിടുകയാണ്.
മലപ്പുറത്തിന്റെ നാലിലൊന്ന് മാത്രമുള്ള ജനസംഖ്യയും ഏകദേശം പകുതിയോളം മാത്രം വിസ്തീര്‍ണവുമുള്ള ജില്ലകളാണ് കാസര്‍കോട്, പത്തനംതിട്ട, വയനാട്.
ആലപ്പുഴയ്ക്കും കോട്ടയത്തിനും മലപ്പുറത്തിന്റെ പകുതിയോളം മാത്രമേ വിസ്തൃതിയുള്ളൂ. ഈ കണക്കുകള്‍ ഓരോന്നായി പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവുമാദ്യം ഭരണപരമായി പുനഃസംഘടിപ്പിക്കപ്പെടേണ്ട ജില്ല മലപ്പുറമാണെന്ന വാദത്തിനു കൂടുതല്‍ ബലം ലഭിക്കുന്നു.
മലപ്പുറത്തിന്റെ പകുതിയോളം മാത്രം ജനസംഖ്യയും വിസ്തൃതിയുമുള്ള ജില്ലകള്‍ക്ക് പോലും മലപ്പുറത്തേക്കാള്‍ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഓഫിസുകളും സേവന സംവിധാനങ്ങളും ലഭിക്കുന്നുണ്ട്.
രാജ്യത്തെ 736 ജില്ലകളില്‍ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആദ്യ അമ്പതില്‍ ഇടംപിടിക്കുന്ന മലപ്പുറത്തിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പല പദ്ധതികളും 'ഒരു ജില്ലയ്ക്ക് ഒന്ന്' എന്ന മാനദണ്ഡപ്രകാരമാണ് ലഭിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തമായി അനുഭവപ്പെടുന്നു.
ജില്ലയുടെ തീരദേശ മേഖലകളും വനമേഖലകളും ജില്ലാ ആസ്ഥാനത്തുനിന്ന് ഏറെ അകലെയായതിനാല്‍ ഭരണസേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിലും പ്രയാസമുണ്ട്. ഈ സാഹചര്യങ്ങളാണ് മലപ്പുറം ജില്ലയുടെ പുനഃക്രമീകരണം അനിവാര്യമാണെന്ന ആവശ്യം ശക്തമാക്കുന്നത്.
വിദ്യാഭ്യാസം: വിദ്യാര്‍ഥികള്‍ കൂടുതല്‍; സ്ഥാപനങ്ങള്‍ കുറവ്
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജില്ലയാണ് മലപ്പുറം. ആകെ വിദ്യാര്‍ഥികളില്‍ 21 ശതമാനവും ഇവിടെയാണ്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ മലപ്പുറം ഇപ്പോഴും വലിയ പിന്നാേക്കമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ തെക്കന്‍ ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലപ്പുറത്തെ ഒരു സ്‌കൂളിലെ ശരാശരി വിദ്യാര്‍ഥികളുടെ എണ്ണം 388 ആണ്; തെക്കന്‍ ജില്ലകളില്‍ അത് 198 മാത്രം. എട്ട് ചതുരശ്ര കിലോമീറ്ററിനു 335 വിദ്യാര്‍ഥികള്‍ക്ക് ഒരു ഹൈസ്‌കൂള്‍ ലഭ്യമാകുമ്പോള്‍ മലപ്പുറത്ത് 1,156 വിദ്യാര്‍ഥികള്‍ക്കാണ് ഒരു ഹൈസ്‌കൂള്‍. വിദ്യാഭ്യാസ ഭരണസംവിധാനവും സമാന അവസ്ഥയിലാണ്. എട്ട് ലക്ഷത്തോളം വിദ്യാര്‍ഥികളുള്ള മലപ്പുറത്ത് നാല് വിദ്യാഭ്യാസ ജില്ലകള്‍ മാത്രമാണുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ അഞ്ച് വിദ്യാഭ്യാസ ഉപജില്ലകളില്‍ മൂന്നും വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ആദ്യ നാല് ഉപജില്ലകളില്‍ നാലും മലപ്പുറത്താണ്. എന്നിട്ടും പുതിയ വിദ്യാഭ്യാസ ജില്ലകളോ ഓഫിസുകളോ അനുവദിച്ചിട്ടില്ല. ടെക്നിക്കല്‍ സ്‌കൂളുകളുടെ കാര്യത്തിലും കേന്ദ്രസര്‍ക്കാരിന്റെ കേന്ദ്രീയ വിദ്യാലയങ്ങളുടെ കാര്യത്തിലും ജില്ലയ്ക്കു ലഭിച്ച വിഹിതം വളരെ കുറവ്. മലപ്പുറത്ത് മൂന്ന് ടെക്നിക്കല്‍ സ്‌കൂളുകളും ഒരു കേന്ദ്രീയ വിദ്യാലയവും മാത്രമുള്ളപ്പോള്‍, ജനസംഖ്യ കുറവുള്ള പല ജില്ലകളിലും ഇതിനേക്കാള്‍ കൂടുതല്‍ സ്ഥാപനങ്ങളുണ്ട്.
ഉപരിപഠനത്തിന് നാടുവിടണം
എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനായി ജില്ല വിടേണ്ട സാഹചര്യമാണുള്ളത്. ഈ വര്‍ഷം 82,753 പേര്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചപ്പോള്‍ മെറിറ്റ് സീറ്റുകള്‍ 57,285 മാത്രം. അഡീഷണല്‍ ബാച്ചുകള്‍ വഴി ക്ലാസ്്മുറികളില്‍ 6570 വിദ്യാര്‍ഥികളെ വരെ ഉള്‍പ്പെടുത്തി പഠിപ്പിക്കേണ്ട സാഹചര്യം വര്‍ഷങ്ങളായി തുടരുകയാണ്. കാല്‍നൂറ്റാണ്ടിനിടെ എസ്.എസ്.എല്‍.സി വിജയശതമാനം 33ല്‍നിന്ന് 99 ആയും ഹയര്‍ സെക്കന്‍ഡറി വിജയം 78.27 ശതമാനമായും ഉയര്‍ന്നെങ്കിലും അതിനനുസരിച്ച് സീറ്റുകള്‍ വര്‍ധിച്ചിട്ടില്ല. തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലപ്പുറത്ത് പ്രവേശനത്തിനായി നെട്ടോട്ടമാണ്.
ബി.എഡിനും എന്‍ജിനീയറിങ്ങിനും ജില്ലയ്ക്ക് പുറത്തേക്ക്
സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ ഒരു ബി.എഡ് കോളജ് പോലും മലപ്പുറത്തില്ല. സംസ്ഥാനത്തെ 1,250 എയ്ഡഡ് ബി.എഡ് സീറ്റുകളില്‍ 850ഉം ജില്ലയ്ക്ക് പുറത്താണ്. സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജും ജില്ലയിലില്ല. നിലവിലുള്ളത് സ്വാശ്രയ സ്ഥാപനങ്ങള്‍ മാത്രമാണ്. അതിനാല്‍ അധ്യാപക വിദ്യാഭ്യാസത്തിനും സാങ്കേതിക പഠനത്തിനുമായി വിദ്യാര്‍ഥികള്‍ മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിവരുന്നു.
ആരോഗ്യരംഗത്തും സൗകര്യങ്ങളില്ല
ആരോഗ്യ മേഖലയിലും മലപ്പുറത്തിന്റെ സ്ഥിതി വ്യത്യസ്തമല്ല. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ എന്നിവയുടെ എണ്ണം ജനസംഖ്യയ്ക്കനുസരിച്ച് കുറവാണ്.
ആശുപത്രി കിടക്കകളുടെ ലഭ്യതയിലും വലിയ അന്തരമുണ്ട്. തെക്കന്‍ ജില്ലകളില്‍ 797 പേര്‍ക്ക് ഒരു കിടക്ക ലഭിക്കുമ്പോള്‍ മലപ്പുറത്ത് 2,010 പേര്‍ക്ക് ഒരു കിടക്ക മാത്രമാണ് ലഭിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ് ഉണ്ടായിട്ടും ജില്ലയിലെ ചികിത്സാ ആവശ്യങ്ങളുടെ വലിയൊരു ഭാഗം ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജാണ്.
ആയുര്‍വേദ, ഹോമിയോ മേഖലകളിലും ഡിസ്പെന്‍സറികളുടെയും ആശുപത്രികളുടെയും എണ്ണം ജനസംഖ്യയ്ക്ക് ആനുപാതികമല്ല. അതിനാല്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായിട്ടും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യത്തിന് വികസിച്ചിട്ടില്ലെന്നതാണ് മലപ്പുറം നേരിടുന്ന പ്രധാന വെല്ലുവിളി.
തെക്കന്‍ ജില്ലകളില്‍ 2,37,607 പേര്‍ക്ക് ഒരു ആയ്യുർവേദ ആശുപത്രിയും 9619 പേര്‍ക്ക് ഒരു ആശുപത്രി കിടക്കയും ലഭിക്കുമ്പോള്‍ മലപ്പുറത്ത് 3,42,580 പേര്‍ക്ക് ഒരു ആയുർവേദ ആശുപത്രിയും 16,444 പേര്‍ക്ക് ഒരു ആശുപത്രി കിടക്കയുമാണ് ലഭിക്കുന്നത്. ഹോമിയോ ഡിസ്പെന്‍സറികള്‍ മലപ്പുറത്ത് 56 എണ്ണമാണ്. തിരുവനന്തപുരത്ത് 67, എറണാകുളത്ത് 63, കോട്ടയത്ത് 54 എണ്ണവും.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."