HOME
DETAILS

കയ്യെഴുത്തുകാരന്‍

  
backup
February 28, 2016 | 11:39 AM

%e0%b4%95%e0%b4%af%e0%b5%8d%e0%b4%af%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d
ഒരു പ്രകൃതി സത്യമുണ്ട്. കവികളെല്ലാം പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്ന പ്രഭാതത്തെ കുറിച്ചാണ് പാടാറുള്ളതും പറയാറുള്ളതും. സത്യത്തില്‍ മൊട്ടുകളുടെ മുകുരങ്ങളിലേക്ക് ഇളംതെന്നലുകളെ പറഞ്ഞയച്ച് പൂക്കളെ ഉണര്‍ത്തിയത് രാത്രിയായിരുന്നു. പക്ഷേ കാഴ്ചക്കാരുടെ കയ്യടികള്‍ക്ക് കാത്തു നില്‍ക്കാതെ രാത്രി പിന്‍വലിഞ്ഞു പോവുകയായിരുന്നു. 'പൂക്കള്‍ പിറന്ന പ്രഭാതങ്ങള്‍' ക്കെല്ലാം പിന്നില്‍ അണിയറയും ആസൂത്രണവുമൊരുക്കിയ രാവിന്റെ കരകൗശലങ്ങള്‍ ഉണ്ടെന്നത് പോലെയാണീ ജീവിത കഥയും. കേരളത്തിലെ മുസ്‌ലിംകള്‍ നേടിയെടുത്ത അഭിമാനത്തിന്റെ കഥകളില്‍ മദ്‌റസകള്‍ക്കും മതപുസ്തകങ്ങള്‍ക്കുമുള്ള പങ്ക് നിസ്തുലമാണ്. എഴുത്താണി പിടിച്ച് താളിയോലയിലെഴുതിയ കാലം നാനോ ടെക്‌നോളജിക്കല്‍ പ്രിന്റിങ് വരെ വളര്‍ന്നിട്ടും, ചൂണ്ടുവിരല്‍ പിടിച്ച് ഉണക്കമണലിലെഴുതിയ പഴയ ഓത്തുപുര പഠനകാലം ഡിജിറ്റല്‍ ക്ലാസ്മുറി വരെ ഉയര്‍ന്നിട്ടും പൊലിമ കുറയാത്ത ഒരു വച്ചെഴുത്ത് സംസ്‌കൃതി ഇവിടെ ബാക്കിയുണ്ട്. ചെത്തിക്കൂര്‍പ്പിച്ച മുളക്കമ്പുകള്‍ അറബ് മഷിയില്‍ മുക്കി അറബിയും അറബിമലയാളവും എഴുതുന്ന മലപ്പുറം ജില്ലയിലെ പത്തനാംപുരം സ്വദേശി മുഹമ്മദ് കൊന്നാലത്താണ് ആ സംസ്‌കൃതി ഇന്നും ഇടമുറിയാതെ കാത്തുസൂക്ഷിക്കുന്നത്. കടലിനക്കരെയിക്കരെയെന്ന ഭേദമില്ലാതെ മുസ്‌ലിം മലയാളികള്‍ ഉള്ളയിടങ്ങളിലെല്ലാം പടര്‍ന്നും പരന്നും കിടക്കുന്ന 'സമസ്ത'യുടെ പതിനായിരത്തോളം മദ്‌സകളിലും നിരവധി പള്ളിദര്‍സുകളിലും അറബിക്കോളജുകളിലും പഠിപ്പിക്കപ്പെടുന്ന ഗ്രന്ഥങ്ങള്‍ പലതും അദ്ദേഹത്തിന്റെ വിരലുകള്‍ക്കിടയില്‍ നിന്ന് വിരിഞ്ഞ അക്ഷര വിസ്മയങ്ങളാണ് എന്നറിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇനി അറിയുന്നവരില്‍ തന്നെ ഓര്‍ക്കുന്നവര്‍ നന്നേ കുറയും. ഇന്നത്തെപ്പോലെ അച്ചടി ലിപി സജീവമാകുന്നതിനു മുമ്പ്, ഹിജ്‌റ അഞ്ചാം നൂറ്റാണ്ടോടെ സജീവമായ പഴയ കൂഫി രീതിയിലാണ് മുഹമ്മദ് മാസ്റ്റര്‍ എഴുതുന്നത്. വര്‍ണപ്പൊലിമയില്‍ വിവിധ ഡിസൈനിങുകളോടെ അക്ഷര വൈവിധ്യങ്ങളും അവയുടെ വിജാതീയ രൂപങ്ങളും ലഭ്യമാകുന്ന തരത്തില്‍ അച്ചടിയും കമ്പ്യൂട്ടിങ് പേജ് നിര്‍മാണങ്ങളും വളര്‍ന്നപ്പോഴും മലബാറിലെ മാപ്പിളക്ക് ഓതിപ്പഠിക്കുന്നതിന്റെ ഒരു മനഃസുഖം ലഭിക്കണമെങ്കില്‍ ഉരുട്ടി നീട്ടിയെഴുതുന്ന ഇദ്ദേഹത്തിന്റെ ലിപി തന്നെ മുന്നില്‍ കിട്ടണം. മദ്‌റസാപുസ്തകങ്ങള്‍ക്കു പുറമെ, ദര്‍സ് കിതാബുകളായ അല്‍ഫിയ, ഖുതുബ് മജ്മുഅ, പത്തുകിതാബ് തുടങ്ങിയവയെല്ലാം ഇപ്പോഴും രാവും പകലുമായി അദ്ദേഹം എഴുതി വരികയാണ്. സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ ഇദ്ദേഹത്തിന് ഒഴിവ് സമയം എന്നൊന്നില്ല. 'സമസ്ത'യുടെ 'ഔദ്യോഗിക' കയ്യെഴുത്തുകാരനായ മുഹമ്മദ് കൊന്നാലത്ത് കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള അറബി ഗ്രന്ഥശാലകള്‍ക്ക് വേണ്ടിയും സജീവമായി എഴുതുന്നുണ്ട്. തിരൂരങ്ങായടി ബുക്ക് സ്റ്റാള്‍, സി.എച്ച് പ്രസ്സ്, തുടങ്ങിയവ പുറത്തിറക്കുന്ന അത്തരം കിതാബുകളുടെ മാസ്റ്റര്‍ കോപ്പി അദ്ദേഹത്തിന്റെ കൈപള്ളയില്‍ കിടന്നു മറിഞ്ഞിട്ടാണ് പകര്‍പ്പെടുക്കാന്‍ പാകത്തിലാകുന്നത്. മുളന്തണ്ടുകളില്‍ എഴുതിത്തുടങ്ങിയ മാസ്റ്റര്‍ പിന്നീട് അശോക പേനകളും ഇപ്പോള്‍ ഫൗണ്ടന്‍ പേനകളും നിബ്ബ് പാകപ്പെടുത്തിയ ഹീറോ പേനകളുമെല്ലാം ഉപയോഗിച്ചു വരുന്നു. ചുരുക്കത്തില്‍ മുഹമ്മദ് മാസ്റ്ററുടെ കൈകളെക്കുറിച്ച് പറയാവുന്ന ഒരു നാല് വാക്ക് 'അക്ഷരങ്ങളുടെ ഗര്‍ഭഗൃഹം' എന്നതാകുമെന്നതാണ് നേര്. IMG_3648 ഏത് പ്രതിഭാധനന്‍മാരുടെ വൈഭവങ്ങളുടെ പിന്നിലും സഹജവും പരമ്പരാഗതവുമായ ഒരു നിയോഗവുമുണ്ടാവും. അധ്വാനങ്ങളിലൂടെയും പരിശീനലങ്ങളിലൂടെയും നേടിയെടുക്കുന്ന ആര്‍ജിത വൈദഗ്ധ്യങ്ങള്‍ അതിന്റെ ചുവട്ടിലേ വരികയുള്ളു. മുഹമ്മദ് മാസ്റ്റര്‍ക്ക് അക്ഷരമെഴുത്ത് കുലത്തൊഴിലാണ്. അദ്ദേഹത്തിന്റെ അമ്മാവന്‍മാര്‍ നാട്ടിലെ പേരുകേട്ട എഴുത്തുകാരായിരുന്നു. അന്നത്തെ ചുവരെഴുത്തുകളും ചാക്ക്‌ബോഡെഴുത്തുകളും അവര്‍ നേരമില്ലാത്തതിനാല്‍ ഒഴിവാക്കിയാല്‍ മാത്രമേ മറ്റുള്ളവരിലേക്ക് ആവശ്യം എത്തിയിരുന്നുള്ളു. ചെറുപ്പത്തില്‍ തന്നെ അമ്മാവന്‍മാരുടെ കൂടെക്കൂടി അവര്‍ പാതിയാക്കിയത് പൂര്‍ണമാക്കിയും നടുവെഴുതിയതിന് വക്കുകള്‍ വച്ചും അവര്‍ എഴുതിയതിനു മീതെ വീണ്ടുമെഴുതിയും കൊന്നാലത്ത് മുഹമ്മദ്, ഈ രംഗത്തെ മാസ്റ്റര്‍ ആയി വളരുകയായിരുന്നു. പ്രവാസിയായിരുന്ന ചെറിയമ്മാവന്‍ നല്‍കിയ അറബി കയ്യക്ഷര ലിപിയെക്കുറിച്ചുള്ള ഗ്രന്ഥമാണ് മുഹമ്മദ് മാസ്റ്ററുടെ ഇവ്വിഷയകമായ ആധികാരിക അവലംബം. 1965 ജൂണ്‍ 20 ന് കൊന്നാലത്ത് ഉമ്മര്‍-ഫാത്തിമക്ക് പിറന്ന മുഹമ്മദിനെ കാത്തിരുന്നത് ഇല്ലായ്മകളുടെ ലോകമായിരുന്നു. കുട്ടിക്കാലത്തെ ദാരിദ്ര്യത്തിന്റെ തപിക്കുന്ന ഓര്‍മകളാണിപ്പോഴും മാസ്റ്ററുടെ കണ്ണില്‍ തിളങ്ങുന്നത്. പട്ടിണിയുടെ പാരിശ്യങ്ങള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ വീടു വിട്ടിറങ്ങാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയിരുന്നു. കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ, മാസ്റ്ററുടെ പാദം പതിയാത്ത മണ്ണുകളില്ലെന്നു തന്നെ പറയാം. പുറത്തെ അനുഭവങ്ങളുടെ തീക്ഷ്ണതകള്‍ മുഹമ്മദിന്റെ അകത്തെ സര്‍ഗ ചോദനയെ ഉദ്ദീപിപ്പിക്കുകയായിരുന്നു. തേച്ചരച്ചാലും പൊട്ടിമുളച്ച് വേരുകളില്‍ നിന്ന് തൂമ്പും തളിരും നീട്ടുന്ന കാട്ടുപുല്ലിന്റെ ഇച്ഛാശക്തിയോടെ പുറത്തുവരുന്നതാണ് മനുഷ്യന്റെ നൈസര്‍ഗിക പാടവങ്ങള്‍. ഇവിടെയും സംഭവിച്ചത് മറ്റൊന്നല്ല. IMG_3672 പഠനകാലത്ത് നല്ല കയ്യക്ഷരത്തിന് സമ്മാനമായി കീശയില്‍ കളര്‍ചോക്കിട്ടു തന്ന് പ്രചേദനമേകിയ പി.ടി അലി ഉസ്താദാണ് വിരലില്‍ വിരിയുന്ന അത്ഭുതാക്ഷരങ്ങളുടെ ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ മഹമ്മദിന് ഔദ്യോഗിക പ്രോരണ നല്‍കിയത്. ഉസ്താദ് ബോഡിലെഴുതിയ അക്ഷരങ്ങള്‍ അത് മായ്ച്ച ശേഷം അതിന്റെ മുകളിലൂടെ അതേപടി അനുകരിക്കാന്‍ ശ്രമിച്ചിരുന്ന നാളുകളില്‍ മുഹമ്മദ് എഴുതി ജീവിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാനും പഠിച്ചു. ഇഴപിന്നിയ തന്റെ കുപ്പായക്കീശയില്‍ അദ്ദേഹം പലപ്പോളും ചോക്കുകള്‍ ഇട്ടു തന്നിരുന്ന ഓര്‍മകള്‍ക്ക് ഇന്നും കണ്ണീരിന്റെ ഗന്ധമുണ്ട്. ഓത്തുപള്ളിപ്പുരയുടെ മൂലയില്‍ ചമ്രംപടിഞ്ഞിരുന്ന് ദീന്‍ പഠിച്ചിരുന്ന കാലത്ത് തനിക്ക് പ്രചോദനവും പ്രോത്സാഹനവുമേകിയ മേമാടന്‍ മുഹമ്മദ് മുസ്‌ലിയാരെയും കാരക്കുന്ന് എം മുഹമ്മദ് മുസ്‌ലിയാരെയും കുറിച്ച് പറയുമ്പോള്‍ ആദരവിന്റെ തിളക്കമാണ് ആ കണ്ണില്‍. ആ കാലം മാസ്റ്റര്‍ക്ക് നല്ല ഓര്‍മയാണ്. IMG_3658 തലങ്ങും വിലങ്ങും ചിതറിത്തെറിച്ച് വീണു കിടന്നിരുന്ന മാസ്റ്ററുടെ കയ്യക്ഷരങ്ങളെ അടുക്കിക്കൂട്ടി മാര്‍ഗവും പ്രതീക്ഷയും നല്‍കി അവയെ പരിപക്വപ്പെടുത്തിയത് 'സമസ്ത' യുടെ വിദ്യാഭ്യാസ പ്രസ്ഥാനമാണ്. മൂസ മുസ്‌ലിയാര്‍ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ മാനേജരായിരുന്ന കാലത്ത് അദ്ദേഹമാണ് വീരാന്‍ കുട്ടി മുസ്‌ലിയാര്‍ വെള്ളേരിയുടെ ആശീര്‍വാദത്തോടെ മുഹമ്മദ് മാസ്റ്റര്‍ക്ക് സമസ്തയുടെ പ്രവിശാലമായ അക്ഷരലോകത്തേക്ക് വാതില്‍ തുറന്നുകൊടുക്കുന്നത്. തന്റെ പൂവിരിയുന്ന കരവിരുതില്‍ സംതൃപ്തി തോന്നിയ വിദ്യാഭ്യാസ ബോര്‍ഡിന്റെ പിന്തുണയോടെ മാസ്റ്റര്‍ പിന്നീട് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ഒദ്യോഗിക എഴുത്തുകാരനായി മാറി. നീണ്ട രണ്ടു പതിറ്റാണ്ട് കാലത്തെ കൃതാര്‍ഥമായ സേവനത്തിലൂടെ അദ്ദേഹം വരച്ചിട്ട മുദ്രലിപികളും വജ്രരേഖകളും അനവധിയാണ്. തൊണ്ണൂറ്-തൊണ്ണൂറ്റിയൊന്ന് കാലഘട്ടത്തില്‍ മുഅല്ലിം മാസികയുടെ താളുകളിലെ അക്ഷരങ്ങളൊക്കെയും അദ്ദേഹത്തിന്റെ കൈപ്പടയില്‍ നിന്നുണ്ടായതായിരുന്നു. ഇപ്പോള്‍ ഈ രംഗത്തെ ഏറ്റവും ലബ്ധപ്രതിഷ്ഠനായ വ്യക്തി അദ്ദേഹമാണ്. താന്‍ നിലകൊള്ളുന്ന വഴി, സമുന്നതരായ ആചാര്യന്മാരുടെ തുടര്‍വഴിയാണെന്ന ബോധം സൃഷ്ടിക്കുന്ന വിനയമാണ് മാസ്റ്ററുടെ കരുത്ത്. നേരത്തെ ഈ രംഗത്ത് പ്രവര്‍ത്തിച്ച് തങ്കലിപികളുടെ ഉല്ലേഖനങ്ങള്‍ പണിത തിരുവേഗപ്പുറത്ത് കുഞ്ഞിമുഹമ്മദ് മൗലവി, തിരൂരങ്ങാടി പോക്കറുബ്്‌നു കുഞ്ഞിപ്പോക്കര്‍, മുഹമ്മദ് കുട്ടി മൗലവി തുടങ്ങിയവരാണ് മാസ്റ്ററുടെ ഈ രംഗത്തെ ഉത്തമ മാതൃകകള്‍. IMG_3672 സംതൃപ്തി തോന്നുന്ന നിമിഷങ്ങളുടെ പണിപ്പുരയാണ് മാസ്റ്ററുടെ എഴുത്തുപുര. ഉറക്കൊഴിച്ചും ഊണൊഴിച്ചും സൃഷ്ടിക്കുന്ന അടയാളങ്ങള്‍ അറിവിന്റെ അനര്‍ഘ പ്രപഞ്ചങ്ങളുടെ താക്കോലുകളാണെന്ന ബോധ്യം മാസ്റ്ററെ വീണ്ടും കര്‍തവ്യ നിരതനാക്കുന്നു. നേരം വെളുക്കുമ്പോള്‍ തന്നെ പര്‍ദയും തൊപ്പിയുമണിഞ്ഞ ബാലകാ-ബാലന്‍മാര്‍ വരിനിരയായി പാഠപുസ്തകങ്ങളുമായി മദ്‌റസയിലേക്ക് നീങ്ങുന്ന ദൃശ്യമാണ് തന്റെ ജീവിതത്തിന്റെ വസന്തമെന്ന് പറയുമ്പോള്‍ മാസ്റ്റര്‍ക്ക് ചിറകുകള്‍ വിരിഞ്ഞപോലെയാണ്. അഹദായവന്റെ നാമങ്ങള്‍ ഉരുവിടുന്ന അലിഫും ബാഉം നല്‍കി തലമുറകളെ അറിവുകൊണ്ട് കടാക്ഷിക്കാന്‍ തന്റെ കരങ്ങള്‍ക്ക് അനുഗ്രഹഭാഗ്യമുണ്ടായതിന്റെ നിര്‍വൃതി വാക്കുകളിലൊതുങ്ങുന്നതുമല്ല. തിരക്കുപിടിച്ച ജീവിത ചിട്ടകള്‍ക്കിടയില്‍ മാസ്റ്ററെ സഹായിക്കാന്‍ പ്രിയഭാര്യ ആമിന, മകള്‍ നബീലയും മരുമകള്‍ ജില്‍സിനയും നേരംപോലെ എത്താറുണ്ട്. ആണ്‍കുട്ടികളായ നുഫൈലും നവാസും ഗള്‍ഫിലാണ്. കാലോചിതമായ സാങ്കേതിക പരിഷ്‌കാരങ്ങളോടെ ഈ രംഗത്ത് ഒരു പരിശീലന കേന്ദ്രം തുറക്കണമെന്ന് മാസ്റ്റര്‍ക്ക് ആഗ്രമുണ്ട്. താനേറെ സ്‌നേഹിക്കുന്ന അറബിമലയാളം പൊതുവേദികളില്‍ നേരിടുന്ന അവഗണനകളില്‍ മാസ്റ്റര്‍ ദുഃഖിതനാണ്. ഒരു കാലത്ത് മാപ്പിളയുടെ മത, സാംസ്‌കാരിക വിനിമയ ഭാഷയായുടെ ലിപിയായ അറബിമലയാളം യൂണിവേഴ്‌സിറ്റികളില്‍ ചേംബറുകളുകളൊരുക്കി പൈതൃക ഭാഷയായി സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറയുന്നു. പിറന്നു വീഴുന്ന ഓരോ അക്ഷരത്തിനും ജീവനുണ്ടെന്നും വാക്കുകള്‍ക്ക് പിറകില്‍ സ്വപ്നങ്ങള്‍ ഉണ്ടെന്നും എഴുതിത്തീര്‍ത്ത അക്ഷരങ്ങള്‍ കൊണ്ട് തുന്നിക്കൂട്ടിയ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന മാസ്റ്റര്‍ പറയുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി,നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി, രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍; പിടിയിലായ അജയ്കുമാര്‍ മുന്‍ സൈനികന്‍

National
  •  16 days ago
No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  16 days ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  16 days ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  16 days ago
No Image

തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡി​ഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ

National
  •  16 days ago
No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  16 days ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  16 days ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  16 days ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  16 days ago
No Image

ഉപതെരഞ്ഞെടുപ്പിലൂടെ വന്നു; പൊതു തെരഞ്ഞെടുപ്പ് കാണാതെ പടിയിറക്കം; രാഹുലിന്റെ രാഷ്ട്രീയ ജീവിതം

Kerala
  •  16 days ago