ആറ്റിങ്ങല്‍ സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജനമുക്ത മണ്ഡലം; പ്രഖ്യാപനം കേരളപ്പിറവിദിനത്തില്‍
കിളിമാനൂര്‍ : ആറ്റിങ്ങല്‍ മണ്ഡലം സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജനമുക്ത മണ്ഡലമായി മാറുന്നു. പദ്ധതിയുടെ പ്രഖ്യാപനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടക്കുമെന്ന് ബി സത്യന്‍ എം.എല്‍.എ അറിയിച്ചു.
പദ്ധതി നടപ്പിലാകുന്നതോടെ ആറ്റിങ്ങല്‍ നിയമസഭാമണ്ഡലപരിധിയിലെ 9 പഞ്ചായത്തുകളിലും മുഴുവന്‍കുടുംബങ്ങളിലും ശൗചാലയം നിലവില്‍വരും. പദ്ധതിയുടെ അന്തിമഘട്ട അവലോകന യോഗം കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഇ.ഇം.എസ് ഹാളില്‍ ബി സത്യന്‍ എം.എല്‍.എ വിളിച്ചുചേര്‍ത്തു. യോഗത്തില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ്, വൈസ് പ്രസിഡന്റ് കെ സുഭാഷ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എം രഘു, എസ് രാജലക്ഷ്മിഅമ്മാള്‍, എസ് സിന്ധു, ബി വിഷ്ണു, ഐ എസ് ദീപ,എസ് വേണുജി, ആര്‍ സുഭാഷ്, എന്‍ നവപ്രകാശ്, അമ്പിളി പ്രകാശ്, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജന രഹിത മണ്ഡലമായി സംസ്ഥാനം മാറുന്നതിന്റെ മുന്നോടിയായാണ് നിയമസഭാമണ്ഡലങ്ങളില്‍ ശൗചാലയമില്ലാത്ത കുടുംബങ്ങളില്‍ ശൗചാലയനിര്‍മാണം പുരോഗമിക്കുന്നത്. വിവിധ സര്‍വേകളിലൂടെ ശൗചാലയങ്ങളില്ലാത്തവരായി മണ്ഡലത്തില്‍ നിന്ന് കണ്ടെത്തിയ 1347 കുടുംബങ്ങളില്‍ 1098 കുടുംബങ്ങള്‍ക്കും നിലവില്‍ ശൗചാലയ നിര്‍മാണം പൂര്‍ത്തിയായികഴിഞ്ഞു. ഒക്‌ടോബര്‍ 15 കഴിയുന്നതോടെ മുഴുവന്‍ ശൗചാലയങ്ങളുടേയും നിര്‍മാണം പൂര്‍ത്തിയാകും.നിലവില്‍ ശൗചാലയങ്ങളില്ലാതിരുന്ന കരവാരം പഞ്ചായത്തിലെ 234, കിളിമാനൂരിലെ128, നഗരൂരിലെ 198, പുളിമാത്ത് പഞ്ചായത്തിലെ 218, പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ 123 കുടുംബങ്ങള്‍ക്കും ശൗചാലയ നിര്‍മാണം പൂര്‍ത്തിയായി.ഒറ്റൂര്‍ പഞ്ചായത്തില്‍ ആകെയുള്ള 67ല്‍ 54ഉം, വക്കത്ത് 75 ല്‍ 62ഉം, ചെറിന്നിയൂരില്‍ 104 ല്‍ 40ഉം, മണമ്പൂരില്‍ 195ല്‍ 42 എണ്ണത്തിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചു.
ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രസിഡന്റുമാര്‍ യോഗത്തെ അറിയിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബി അനീഷ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."