തെരുവുനായ നിയന്ത്രണത്തിന് സമഗ്രപദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
കൊല്ലം: തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധയെ പ്രതിരോധിക്കുന്നതിനുമുള്ള സമഗ്രപദ്ധതിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍ പറഞ്ഞു.
ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണവകുപ്പ് പബ്ലിക് ലൈബ്രറിയില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തെരുവുനായ്ക്കളുടെ ജനനിയന്ത്രണ ശസ്ത്രക്രിയക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ നാലു ബ്ലോക്കുകളില്‍ തെരുവുനായ്ക്കള്‍ക്കായി അഭയകേന്ദ്രമുണ്ടാക്കും. ശസ്ത്രക്രിയ വിദഗ്ധന്മാരുടെ പ്രത്യേക ടീം രൂപീകരിച്ചുകഴിഞ്ഞു. വീടുകളില്‍ വളര്‍ത്തുന്ന എല്ലാ നായ്ക്കള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി ലൈസന്‍സ് നിര്‍ബന്ധമാക്കും.
മാലിന്യ നിര്‍മാര്‍ജനത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ തെരുവുനായ് നിയന്ത്രണത്തിനായി രൂപപ്പെടുത്തിയ പദ്ധതികള്‍ ഇതുമായി സംയോജിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം. അനില്‍കുമാര്‍ അധ്യക്ഷനായി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ ടീച്ചര്‍, പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശശികല, പി ആര്‍ ഒ ഡോ ഡി ഷൈന്‍കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ ഡി അനില്‍കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് പ്രകാശ് എന്നിവര്‍ സംസാരിച്ചു.
ഡോ ബി അരവിന്ദ്, എ സോമന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."