സ്‌കോള്‍ കേരള മലപ്പുറം കേന്ദ്രം നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: പഞ്ചായത്ത് അസോസിയേഷന്‍
തിരൂര്‍: ഹയര്‍സെക്കന്‍ഡറി റഗുലര്‍ കോഴ്‌സിന് പ്രവേശനം ലഭിക്കാത്തവരും സ്‌കൂളില്‍ പോയി പഠിക്കാന്‍ കഴിയാത്തവരുമായ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സ്‌കോള്‍ കേരള ഓപ്പണ്‍ സ്‌കൂളിന്റെ മലപ്പുറം മേഖലാ കേന്ദ്രം നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ മേഖലാ കേന്ദ്രം നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പഠിതാക്കളാണ് ഈ കേന്ദ്രത്തിന് കീഴില്‍ വരുന്നതെങ്കിലും കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത 58,000 പേരില്‍ പകുതിയോളവും മലപ്പുറം ജില്ലക്കാരാണ്. കേന്ദ്രത്തിന്റെ കോര്‍ഡിനേറ്റര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്തേക്ക് പോകേണ്ട ഗതികേടിലാണ്.
ആവശ്യമായ ജീവനക്കാരെ നിയമിച്ച് മേഖലാ കേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പ്രസിഡന്റ് സി.കെ.എ റസാഖ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുരളീധരന്‍, അസോസിയേഷന്‍ സംസ്ഥാന സമിതി അംഗങ്ങളായ കെ. അഹമ്മദ് സഹീര്‍, അഡ്വ: ഇ. സിന്ധു, സി. കരുണാകരപിള്ള സംസാരിച്ചു.
പുതിയ ഭാരവാഹികളായി താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍ ( പ്രസിഡന്റ് ), നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി സത്യന്‍ (ജന: സെക്രട്ടറി), തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് പൊറാടന്‍ കുഞ്ഞിമുഹമ്മദ് ( വൈസ് പ്രസിഡന്റുമാര്‍), അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് സി.കെ സുജാത, അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അമ്പാഴത്തിങ്ങല്‍ മുനീറ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. വിശ്വഭംര പണിക്കര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. യു.ഡി.എഫ്-എല്‍.ഡി.എഫ് ജില്ലാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമവായത്തിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ്, ഒരു വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പദവികള്‍ മുസ്‌ലിം ലീഗിനും മറ്റൊരു വൈസ് പ്രസിഡന്റ് , ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനുമാണ് ലഭിച്ചത്. സി.പി.എമ്മിന് ജനറല്‍ സെക്രട്ടറി സ്ഥാനം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."