ചക്ക മഹോത്സവം ആറ് മുതല്‍ ആലപ്പുഴയില്‍
ആലപ്പുഴ: ജാക്ഫ്രൂട്ട് പ്രമോഷന് കണ്‍സേര്‍ഷ്യം സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍(സിസ) ഇപാക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചക്ക മഹോത്സവം ആറ് മുതല്‍ ആലപ്പുഴയില്‍ നടക്കും. 12 വരെ ഐശ്വര്യ ഓഡിറ്റോറിയത്തിലാണ് മേള.
ആറിന് രാവിലെ 11ന് നഗരസഭ ചെയര്മാന് തോമസ് ജോസഫ് മേള ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. 20 രൂപയാണ് പ്രവേശന ഫീസ്.
ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ചക്ക മഹോത്സവത്തില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഒരുക്കിയിരിക്കുന്നത്. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലിപ്പത്തിലും രുചിയിലുമുള്ള ചക്കകളാണ് മേളയില്‍ അണിനിരക്കുന്നത്. 300 ല്‍പ്പരം രുചിയേറുന്ന ചക്ക വിഭവങ്ങള്‍ മാത്രമുള്ള ഫൂഡ് കോര്‍ട്ടാണ് മേളയുടെ പ്രത്യേകത. ഇതോടൊപ്പം സെമിനാറുകള്‍, പ്ലാവിന്‍തൈ വില്‍പ്പന, ജൈവോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും എന്നിവയുമുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. വരിക്ക ചക്ക കൊണ്ട് ഉണ്ടാക്കിയ 10 കൂട്ടം തൊടുകറികള്‍ ഉള്‍പ്പെടെയുള്ള 'ചക്ക ഊണ്' ആലപ്പുഴയില്‍ ആദ്യമായി അവതരിപ്പിക്കുന്ന മേളയാണ്.
ചക്ക സാമ്പാര്‍, ചക്ക പുളിശേരി, ചക്ക പരിപ്പുകറി, ചക്ക പെരട്ട്, ചക്കച്ചില്ലി, ചക്ക ചമ്മന്തി, ചക്കരവരട്ടി, ചക്ക ഉപ്പേരി, എന്നിവക്ക് പുറമെ ഊണിനുള്ള മറ്റ് വിഭവങ്ങള്‍ക്കും ചക്ക രുചിയുണ്ടാകും. ഊണിനൊപ്പം ചക്ക പായസവുമുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ടി കെ ജയകുമാര്‍, സന്തോഷ്കുമാര്‍, ഷാജി വിന്‍സന്റ്, റഫീഖ് പാറശാല എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."