അംഗീകാരം ഗ്രാമീണനന്മയുള്ള എഴുത്തിന്
കോഴിക്കോട്: പണിതിട്ടും പണിതിട്ടും പണി തീരാത്ത പ്രപഞ്ചഭൂമികയെക്കുറിച്ചു പാടിയ വയലാറിന്റെ പേരിലുള്ള അവാര്‍ഡ് പ്രഖ്യാപനം വരുമ്പോള്‍ എഴുതിയിട്ടും എഴുതിയിട്ടും മതിയാവാതെ പുതിയ കഥാപാത്രങ്ങളെത്തിരയുകയായിരുന്നു കോഴിക്കോട്ടുകാരുടെ പ്രിയ കഥാകാരന്‍ യു.കെ. പച്ചയായ കഥാപാത്രങ്ങളെത്തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര ഒരിക്കലും അവസാനിക്കാറില്ല. ജീവിതത്തിലെ ഏടുകളില്‍ നിന്നും അദ്ദേഹം കണ്ടെടുക്കുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും ചെത്തിമിനുക്കി മൂര്‍ച്ച കൂട്ടി പുതിയ ജന്മം നല്‍കും. അവ ഓരോ വായനക്കാരോടും സംവദിക്കും. അത്തരത്തിലുള്ള അനേകം ജീവിതഗന്ധിയായ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും ഗ്രാമീണനന്മകളും അണിനിരന്ന തക്ഷന്‍കുന്ന്്് സ്വരൂപം എന്ന നോവലിനാണ് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ലഭിച്ചത്.
അവാര്‍ഡ് വാര്‍ത്തയറിഞ്ഞത് പ്രിയകൂട്ടുകാരന്‍ സാനുമാഷില്‍ നിന്നായതും യു.കെ കുമാരന് ഹൃദ്യമായി. ഒട്ടും യാന്ത്രികമല്ലാതെ രണ്ടു വര്‍ഷത്തോളം കഠിനാധ്വാനം ചെയ്ത്് ആത്മസമര്‍പ്പണത്തോടെ എഴുതിയ നോവലിന് വായനക്കാര്‍ തന്ന അംഗീകാരമായി അവാര്‍ഡിനെ കണക്കാക്കാനാണ് എഴുത്തുകാരന്് താല്‍പര്യം. തക്ഷന്‍കുന്ന് സ്വരൂപം യു.കെയ്ക്ക്്് സമ്മാനിക്കുന്ന ഏഴാമത്തെ അവാര്‍ഡാണിത്്്. ചെറുകാട് പുരസ്‌കാരം, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരം എന്നിവയെല്ലാം ഈ രചനയെത്തേടിയെത്തിയിട്ടുണ്ട്്്.
ജനിച്ചു വളര്‍ന്നപ്പോള്‍ മുതല്‍ താന്‍ കണ്ടും കേട്ടും പരിചയിച്ച തക്ഷന്‍കുന്ന്്് എന്ന ഗ്രാമത്തിന്റെ നേര്‍ച്ചിത്രമാണ് നോവല്‍. മണ്‍പാത്രനിര്‍മാണക്കാരുടെയും നെയ്ത്തുകാരുടെയും കൃഷിക്കാരുടെയും ജീവിതം വരച്ചുകാട്ടുന്നതിനോടൊപ്പം തമ്പുരാട്ടിക്കുട്ടിയും, രാമറും മാതാമ്മയും ചായക്കടയും പട്ടാളക്കാരനായ മകനും, മൈനറും കണ്ണശ്ശനും ഒക്കെ നോവലില്‍ സജീവമാകുന്നു. കെ.കേളപ്പന്‍ നേതൃത്വം കൊടുത്ത ഗുരുവായൂര്‍ സത്യഗ്രഹവും വൈക്കത്തെ സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരവും ഉപ്പുസത്യാഗ്രഹവും എല്ലാം അദ്ദേഹം നോവലില്‍ വരച്ചിടുന്നു.
കേളപ്പനിലൂടെ മഹാത്മാവായ ഗാന്ധിജിയും തക്ഷന്‍കുന്നിലെത്തുന്നുണ്ട്. കേളപ്പനെ സ്‌നേഹിച്ച മെറ്റില്‍ഡയേയും അവരുടെ നിശ്ശബ്ദ പ്രണയവും അതിലളിതമായി വിവരിക്കുന്നതില്‍ കഥാകാരന്‍ പൂര്‍ണമായും വിജയിച്ചു. ഒറ്റമുള പാലത്തില്‍നിന്നു രാമര്‍ തുടങ്ങിയ ജീവിതയാത്രയില്‍ വ്യക്തിപരമായും സാമൂഹിക പരമായുമുള്ള വികസനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും പാഠങ്ങളുണ്ട്. അയിത്തവും ദാരിദ്ര്യവും യുദ്ധവും സ്വാതന്ത്ര്യവും അങ്ങനെയങ്ങനെ നീളുന്ന കാലഘട്ടത്തിന്റെ കൈയൊപ്പുകള്‍ പതിഞ്ഞ ചരിത്രങ്ങള്‍. അതിനാലാണ് ഭാഷയോ അതിരോ ഇല്ലാതെ ഈ നോവല്‍ വായിക്കപ്പെട്ടതും. കാസര്‍കോട്ടുള്ള സാധാരണക്കാര്‍ പോലും നോവല്‍ വായിച്ച്്്് തന്നെ വിളിച്ച്്് അഭിനന്ദനമറിയിച്ചതും അതുകൊണ്ടാകുമെന്ന്് കഥാകാരന്‍ സ്മരിക്കുന്നു.
നീണ്ട കാലത്തെ പത്രപ്രവര്‍ത്തനം തന്റെ സര്‍ഗാത്മകതയെ തെല്ലൊന്നപഹരിച്ചെങ്കിലും അന്നു ലഭിച്ച അനുഭവങ്ങളാണ് ചരിത്രത്തിലേക്കുള്ള തന്റെ വഴികാട്ടിയെന്ന് അദ്ദേഹം പറയുന്നു. പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ആരംഭിച്ചതാണ് അദ്ദേഹത്തിന്റെ കഥയെഴുത്ത്. അതിനിടെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.കെ പൊറ്റെക്കാട്ട് അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്് തുടങ്ങിയവയെല്ലാം അദ്ദേഹത്തെത്തേടിയെത്തി. അവാര്‍ഡ് പ്രഖ്യാപനമെത്തിയപ്പോള്‍ അഭിനന്ദിക്കാനെത്തുന്നവരോട് വേണ്ടപോലെ കുശലാന്വേഷണം നടത്താന്‍ കഴിയാത്തതും മക്കളായ മൃദുലും മേഘയും സമീപത്തില്ലാത്തതുമാണ് അദ്ദേഹത്തെ അലട്ടിക്കൊണ്ടിരിക്കുന്നത്്. എങ്കിലും നിറപുഞ്ചിരിയുമായി യു.കെയുടെ കഥാപാത്രങ്ങളെ തുടച്ചു മിനുക്കുന്ന പത്‌നി ഗീതയുടെ സാമിപ്യം അദ്ദേഹത്തിന് താങ്ങാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."