ജില്ലാ ആശുപത്രിയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ 14ന്
നിലമ്പൂര്‍: എന്‍.ആര്‍.എച്ച്.എം ഫണ്ടില്‍ നിന്നും പത്തുകോടി രൂപ ചെലവിട്ടു നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ നിര്‍മിക്കുന്ന നാലു നില കെട്ടിടത്തിന് 14 ന് തറക്കല്ലിടും. ഇന്നലെ ചേര്‍ന്ന എച്ച്.എം.സി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തറക്കല്ലിടല്‍ നിര്‍വഹിക്കും.
എം.എല്‍.എ മാരായ പി.വി അന്‍വര്‍, പി.കെ ബഷിര്‍, എ.പി അനില്‍ കുമാര്‍ തുടങ്ങിയവരും സംബന്ധിക്കും. നിലവിലെ ഡയാലിസിസ് സെന്ററിലേക്ക് ലിഫ്റ്റ് നിര്‍മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപ നീക്കി വെക്കും. ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ച് ലിഫ്റ്റ് നിര്‍മാണ പ്രവൃത്തി ആരംഭിക്കും.
ചികിത്സ സഹായത്തിനായുള്ള സ്പര്‍ശം പദ്ധതി പുനരാരംഭിക്കാനും തീരുമാനമായി. 13ലക്ഷം രൂപ ജില്ലാ ആശുപത്രിക്ക് സൊസൈറ്റി കുടിശ്ശികയായി നല്‍കാനുണ്ട്. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ ഫണ്ടുപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് ഉടന്‍ അനുവദിക്കും. പുതിയ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനായി പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജനറേറ്റര്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ആശുപത്രിക്കുമുന്നിലെ അശാസ്ത്രീയമായി നിര്‍മിച്ച ഗേറ്റ് പൊളിച്ചുമാറ്റും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിലായിരുന്ന യോഗം. പി.വി അബ്ദുള്‍ വഹാബ് എം.പിയും സംബന്ധിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, വി.സുധാകരന്‍, ഒ.ടി.ജയിംസ്, സറീന മുഹമ്മദാലി, ആര്യാടന്‍ ഷൗക്കത്ത്, എച്ച്.എം.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."