തലശ്ശേരി നഗരസഭ കോംപ്ലക്‌സിലെ ഷെഡ് നിര്‍മ്മാണം അനധികൃതം തന്നെ
തലശ്ശേരി: തലശ്ശേരി നഗരസഭാ ഓഫിസ് കോമ്പൗണ്ടില്‍ പുതുതായി പണിത ഷെഡ് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് വിരുദ്ധം. 1999 ആഗസ്റ്റ് ആറിന് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ കെട്ടിടങ്ങളുടെ മുന്‍വശത്ത് അനധികൃത നിര്‍മാണം പാടില്ലെന്നും ഏതെങ്കിലും സ്ഥലത്ത് അത്തരം നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അവ പൊളിച്ചുനീക്കാന്‍ ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കവെയാണ് തലശ്ശേരി നഗരസഭയില്‍ പുതുതായി നഗരസഭ ഷെഡ് നിര്‍മിച്ചത്.
ആദ്യഘട്ടത്തില്‍ നഗരസഭയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് ഇരിക്കാനും മറ്റുമുള്ള ലക്ഷ്യത്തോടെയാണ് ഷെഡ് പണിതതെന്ന് അനൗദ്യോഗിക വിശദീകരണങ്ങള്‍ ഉണ്ടായെങ്കിലും അത് ഫലപ്രദമായില്ലെന്ന് കണ്ടതിനെതുടര്‍ന്ന് നഗരസഭ 150-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് വേണ്ടിയുള്ള ഓഫിസായാണ് ഷെഡ് പണിയുന്നതെന്നും വിശദീകരണം ഉണ്ടായി. സംഭവം വിവാദമായതിനെതുടര്‍ന്ന് കഴിഞ്ഞ നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം വിഷയം ഉന്നയിക്കുകയും ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. പക്ഷെ നഗരസഭാ കൗണ്‍സിലില്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ പലരും വിമുഖതകാണിച്ചതിനെതുടര്‍ന്ന് ചര്‍ച്ച അവസാനിക്കുകയായിരുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിലവിലുള്ള കെട്ടിടങ്ങളോട് ചേര്‍ന്ന് മുന്‍ഭാഗത്ത് നിയമാനുസൃതം പൊളിച്ചിടേണ്ട തുറസ്സായ സ്ഥലത്ത് പലരും അനധികൃത ഷെഡുകള്‍ നിര്‍മിക്കുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇരുമ്പു പൈപ്പുകളും മറ്റും ഉപയോഗിച്ച് അവയ്ക്ക് മേല്‍ ഫൈബര്‍ ഷീറ്റും മറ്റും ഉപയോഗിച്ചുള്ള ഷെഡ് നിര്‍മാണവും നടക്കുന്നുണ്ടെന്നും ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കേണ്ടതാണെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."