ഉംറ നിര്‍വഹിക്കാന്‍ കാല്‍നടയായി പാരീസില്‍ നിന്നു പുറപ്പെട്ട യുവാവ് സഊദിയിലെത്തി
റിയാദ്: ഫ്രാന്‍സിലെ പാരീസില്‍ നിന്നു ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടി ഉംറക്ക് വേണ്ടി പുറപ്പെട്ട യുവാവ് ഇനി മക്കയിലെത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. വിവിധ രാജ്യങ്ങളിലൂടെ കാതങ്ങള്‍ താണ്ടിയ യുവാവ് ഇതുവരെയായി 9000 കിലോമീറ്ററുകളാണ് നടന്നുതീര്‍ത്തത്. അവസാന രാജ്യവും പിന്നിട്ട യുവാവ് ഒടുവില്‍ സഊദിയില്‍ പ്രവേശിച്ചു.
അഞ്ചര മാസം മുന്‍പാണ് ഇസ്ഹാഖ് എന്ന യുവാവ് വിശുദ്ധ മക്ക ലക്ഷ്യംവച്ച് ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ നിന്നു പുറപ്പെട്ടത്. 50 ദിവസത്തിനുള്ളില്‍ മക്കയില്‍ എത്താമെന്ന കണക്കുകൂട്ടലിലാണ് യാത്ര തുടങ്ങിയത്. ഇതിനിടെ നിരവധി രാജ്യങ്ങള്‍ മുറിച്ചു കടന്ന ഇദ്ദേഹം നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇതുവരെ എത്തപ്പെട്ടത്. വിവിധ കുന്നുകളും മലകളും താണ്ടിയതാണ് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചുടുകാറ്റും മണല്‍ കാറ്റും നേരിടേണ്ടി വന്നെങ്കിലും മഞ്ഞുവീഴ്ച മാത്രമാണ് യാത്രക്ക് തടസം നേരിട്ടത്. ചെറിയ ടെന്റുകള്‍ കെട്ടിയാണ് ഇതില്‍ നിന്നു ഇയാള്‍ രക്ഷ നേടിയത്.
ഏകദേശം 5000 യൂറോയും യാത്രക്കിടയില്‍ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ യാത്രക്കിടയില്‍ നാട്ടുകാര്‍ നല്‍കിയ സാമ്പത്തിക സഹായം ഇയാള്‍ നിരസിച്ചു. കഴിഞ്ഞ ദിവസം കുവൈത്ത് അതിര്‍ത്തിയും കടന്ന് സഊദി അറേബ്യയില്‍ യാത്ര പ്രവേശിച്ചതായി കുവൈത്ത് ദിനപത്രം അല്‍ റായി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിനായി ചൈനയില്‍ നിന്നും യുവാവ് സൈക്കിളിലെത്തിയത് വാര്‍ത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."